കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, October 19, 2011

കോടമുക്ക് ടൗണിലേക്ക് സ്വാഗതം

ഓരോ നിമിഷവും ലോകം അതിശീക്രം വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍. ഭൂമിയിലെ കണ്ടു പിടിത്തങ്ങള്‍ക്കെല്ലാം ഒടുവില്‍ മനുഷ്യന്‍ ചന്ദ്രനേയും കീഴടക്കി, മറ്റു ഗ്രഹങ്ങളിലേക്ക്  ഉറ്റു നോക്കുമ്പോള്‍, ഓരോ നാട്ടുകാരും തങ്ങളുടെ നാട്ടില്‍ എന്തെല്ലാം മാറ്റങ്ങളും സൗകര്യങ്ങളും വരുത്താം എന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തികൊണ്ടിരിക്കുമ്പോള്‍.  'കോരന് കഞ്ഞി കുമ്പിളിയില്‍' എന്ന പഴമൊഴിയെ യാഥാര്‍ത്യമാക്കാനെന്നോണം  ഇന്നും തൊയക്കാവും വിശിഷ്യാ കോടമുക്കും വികസനത്തിന്റെ കാര്യത്തില്‍ നാല്പതു വര്‍ഷം പിറകിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. 

ഗള്‍ഫുപണം കൊണ്ട് നാട്ടില്‍ ചില വ്യക്തികള്‍ സ്വന്തം ആവശ്യത്തിന് ഓരോ വീടുകള്‍ ഉണ്ടാക്കി എന്നതൊഴിച്ചാല്‍ എന്ത് വികസനമാണ് ഈ നാട്ടില്‍ വന്നീട്ടുള്ളത്? ഒരു ഹോസ്പിറ്റലോ, നിലാവരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമോ, എന്തിനേറെ നല്ലൊരു വ്യവസായ സ്ഥാപനമോ ഈ നാട്ടില്‍ ഉണ്ടോ? ഒരു ബസ്‌റുട്ട് പോലും ഈ നാട്ടില്‍ സാധ്യമാവാത്തത് എന്ത് കൊണ്ട്? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കെങ്കിലും ആകുമോ? പഞ്ചായത്ത് മെമ്പര്‍ മുതല്‍ എംപി വരെ കേരളത്തിലെ പ്രഭലമായിട്ടുള്ള രണ്ടു പാര്‍ട്ടികളുടെ വക്താക്കളെ മാറിമാറി ഈ നാട്ടുകാര്‍ തിരഞ്ഞെടുത്തയച്ചില്ലേ? എന്തെ അവര്‍ക്കൊന്നും ഈ നാടിനോട് ഒരു പ്രതിബദ്ധതയും ഇല്ലേ? വെറും വോട്ടു ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ ഈ നാട്ടുകാര്‍? ഓരോ ഗവണ്‍മെന്റുകള്‍ മാറിമാറി വരുമ്പോഴും ഓരോനാട്ടിലും മത്സരിച്ചു വികസന പരമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴും അതെല്ലാം വാര്‍ത്താ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാകുമ്പോഴും വികസനത്തിന്റെ രുചിയറിയാത്ത ഒരു വിഭാഗമായി ഈ നാട്ടുകാര്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? 

ഇന്ന് ലോകത്ത് കാണുന്ന ഒരു നാടും ലോകം ഉണ്ടാകുമ്പോള്‍ തന്നെ ഈ വികസനം  കൈവരിച്ചുകൊണ്ട് ഉണ്ടായതല്ല എന്നും, ജനങ്ങളുടെ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണ് എന്നുമുള്ള സത്യം ഈ നാട്ടിലെ ഓരോരുത്തരും ഉള്‍കൊണ്ടേ മതിയാവൂ. ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ദിനം പ്രതി വന്നുകൊണ്ടിരിക്കുന്ന വികസനത്തില്‍ നമ്മുടെ നികുതി പണത്തിന്റെ ഒരു ഓഹരി ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു.

വികസനത്തില്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിഷേധാഗ്നി ജ്വലിക്കാന്‍ ഇനിയും വൈകിക്കൂടാ. അവഗണ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഈ നാടും നാട്ടുകാരും ഒരു പുതിയ പുലരിയെ സ്വപ്നം കണ്ടു ഉയര്‍ത്തെഴുന്നെല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നമുക്ക് ചെയ്യാന്‍ ഉള്ളത് 


ഈ നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ആദ്യ പടിയെന്നോണം, നാട്ടിലെ വികസന സാധ്യതകളെ  ഉള്‍കൊള്ളിച്ചു ഒരു അപേക്ഷ ഉണ്ടാക്കി ജാതിബേധമതമന്യേ നാട്ടിലെ എല്ലാവരുടെയും ഒപ്പുകള്‍ ശേകരിച്ചു മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെയുള്ള നമ്മുടെ നാടിനെ പ്രതിനിധാനം  ചെയ്യുന്നവര്‍ക്കും കളക്ടര്‍ മുതല്‍ പഞ്ചായത്ത് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും ആധികാരികമായി സമര്‍പ്പിക്കുന്നു.

ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ 



  1. നാട്ടില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം.
  2. തൃശ്ശൂര്‍ ഗുരുവായൂര്‍ വാടാനപ്പിള്ളി തുടങ്ങിയ സ്ഥലത്തേക്ക് നേരിട്ടുള്ള ബസ്‌റുട്ട്.
  3. ഗവണ്‍മെന്റു ചിലവില്‍ ഒരു ഷോപ്പിംഗ്‌ കോംപ്ലെക്സ്.
  4. ഒരു നല്ല നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനം.
  5. കോടമുക്ക് പുഴയ്ക്കു കുറുകെ ഒരു പാലം.
'കരയുന്ന കുഞ്ഞിനെ പാലുള്ളോ'. അതുകൊണ്ട് നമുക്ക് കൂട്ടമായൊന്നു കരയാം. ഒത്തൊരുമിച്ചു നമുക്കൊന്ന് ശ്രമിച്ചു നോക്കാം നമ്മുടെ നാടിന്റെ പുരോഗതിക്കു വേണ്ടി.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കാണുന്ന കോളത്തില്‍ നിങ്ങള്‍ക്കും രേഖപ്പെടുത്താം.

No comments:

Post a Comment