കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Saturday, July 30, 2011

ലഹരി വിരുദ്ധ കാമ്പയിന്‍; ഞായറാഴ്ച പൂവത്തൂരില്‍ പൊതുസമ്മേളനം


പാവറട്ടി: നല്ല നാളേക്ക് നാടിന്റെ നന്‍മക്ക് എന്ന തലക്കെട്ടില്‍ ഉദയം പൂവത്തൂര്‍ നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഞായറാഴ്ച പൂവത്തൂരില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ആര്‍.പി.റഷീദ് മാസ്റ്റര്‍, ചെയര്‍മാന്‍ ഡോ. പി.എ. സെയ്തു മുഹമ്മദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ട പരിസമാപ്തി  കൂടിയാണ് പൊതുയോഗം. വൈകുന്നേരം നാലിന് പൂവത്തൂര്‍ കസ്‌വ ഹാളില്‍ ഡോ. സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഇ.എം. മുഹമ്മദ് അമീന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ രചനാ മല്‍സരവിജയികള്‍ക്ക് പി.എ.മാധവന്‍ എം.എല്‍.എ സമ്മാനങ്ങള്‍ നല്‍കും. പട്ടണങ്ങളിലും ഗ്രാമീണ വഴികളിലും പോസ്റ്റര്‍ പതിച്ച് ആരംഭിച്ച പ്രചാരണത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. തുടര്‍ന്ന് സംഘാടകര്‍ 30 കേന്ദ്രങ്ങളില്‍ പൊതുയോഗം സംഘടിപ്പിച്ചു.
ലഘുലേഖ വിതരണം, കാര്‍ട്ടൂണ്‍ പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ രചനാ മല്‍സരത്തില്‍ 258 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇതിനു പുറമെ അധ്യാപകരെയും വിദ്യാര്‍ഥിളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ചര്‍ച്ചയും തിരഞ്ഞെടുത്തവര്‍ക്കായി കൗണ്‍സലിങ്ങും സംഘടിപ്പിച്ചതായി കാമ്പയിന്‍ കമ്മിറ്റിയംഗം എ.വി. ഹംസ മാസ്റ്റര്‍ പറഞ്ഞു.

വലയില്‍ വന്‍ തിരണ്ടി; തീരത്ത് കൗതുകം


വാടാനപ്പള്ളി: ചെറുമീനുകള്‍ പ്രതീക്ഷിച്ച് കടലില്‍ തീരത്തോടടുത്ത് വീശിയ കണ്ടാടി വലയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി. വാടാനപ്പള്ളി ബീച്ച് തറയില്‍ അശോകനും ഷണ്‍മുഖനും ഇട്ട വലയിലാണ് വമ്പന്‍ മത്സ്യം കുടുങ്ങിയത്. തിരമാലയില്‍ കരയോടടുത്താണ് ഇരുവരും മത്സ്യം പിടിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് വാടാനപ്പള്ളി ബീച്ചില്‍ കരയില്‍ നിന്ന് മത്സ്യം പിടിക്കുമ്പോള്‍ വല വലിച്ചപ്പോഴാണ് വലിച്ചു കയറ്റാന്‍ പ്രയാസം നേരിട്ടത്. വലിച്ച് അടുത്ത് എത്തിയപ്പോഴാണ് വലയില്‍ ഭീമന്‍ ചെറുപുള്ളി തെരണ്ടി കുടുങ്ങിയത് കണ്ടത്. ഇതോടെ പാടുപെട്ട് മത്സ്യത്തെ കരക്കുകയറ്റുകയായിരുന്നു. കരയോടടുത്ത് വലയില്‍ തെരണ്ടി കുടുങ്ങുക അപൂര്‍വമാണ്. 60 കിലോ വരുന്ന മത്സ്യം പിന്നീട് കണ്ടശ്ശാംകടവ് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി 3000 രൂപക്ക് വാങ്ങി. ഏതാനും ദിവസം മുമ്പ് ചേറ്റുവയില്‍ വലക്കാര്‍ക്കും ഭീമന്‍ തിരണ്ടിയെ ലഭിച്ചിരുന്നു.