കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Monday, August 22, 2011

പുവ്വത്തൂരില്‍ പോലീസ് സ്റ്റേഷന് മുന്നിലെ കടകളില്‍ മോഷണം

പാവറട്ടി: പുവ്വത്തൂരിലെ പാവറട്ടി പോലീസ് സ്റ്റേഷന് മുന്നിലുള്ള നാല് കച്ചവടസ്ഥാപനങ്ങളില്‍ മോഷണം. കച്ചവടസ്ഥാപനങ്ങളുടെ പുറകുവശത്തെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. പുവ്വത്തൂര്‍ ചിരിയങ്കണ്ടത്ത് ജേക്കബിന്റെ പച്ചക്കറിക്കട, തിണ്ടിയത്ത് കുമാരന്റെ സ്റ്റേഷനറിക്കട, കരുമത്തില്‍ വാസുവിന്റെ ഹോട്ടല്‍, പടയത്ത് അബ്ബാസിന്റെ കോഴിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്.

ഓടിളക്കിയും ഭിത്തി തുരന്നും അകത്തുകടന്ന മോഷ്ടാവ് ടെലിഫോണ്‍ കാര്‍ഡുകളും പണവും മോഷ്ടിച്ചു. നാലു കടകളില്‍നിന്നായി 5,000 രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. കോലുക്കല്‍ പാലത്തിനു സമീപം നിര്‍മ്മാണം നടക്കുന്ന രണ്ട് വീടുകളിലെ ഇലക്ട്രിക് വയറുകളും മുറിച്ച് കൊണ്ടുപോയിട്ടുണ്ട്. വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനു മുന്നിലെ നാലു കടകളില്‍ ഒന്നിച്ച് മോഷണം നടന്നതോടെ വ്യാപാരികള്‍ ഏറെ ഭീതിയിലാണ്. പോലീസിന്റെ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് പുവ്വത്തൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ടി.ആര്‍. രാധാകൃഷ്ണന്‍, വി.ജി. രാമചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കൗതുകക്കാഴ്ചയായി അളവറിവുകള്‍

ചാവക്കാട്:കാലം കൈമാറിപ്പോന്ന അറിവുകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി ബി.ബി.എ.എല്‍.പി. സ്‌കൂള്‍ മണത്തലയില്‍ അളവറിവുകള്‍ എന്ന പരിപാടി സംഘടിപ്പിച്ചു. നാട്ടറിവുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനാണ് അളവറിവുകള്‍സംഘടിപ്പിച്ചത്. ധാന്യങ്ങള്‍ അളക്കുന്നതിനായി ഉപയോഗിച്ചിരുന്ന പറയും നാഴിയും ഉരിയും ഇടങ്ങഴി പാത്രങ്ങളും പഴയകാലത്ത് ആഭരണങ്ങള്‍ തൂക്കുന്നതിന് ഉപയോഗിച്ചിരുന്നു ത്രാസും ദ്രവപദാര്‍ത്ഥങ്ങള്‍ അളക്കുന്നതിനുപയോഗിച്ചിരുന്നു ലിറ്റര്‍, മില്ലിലിറ്റര്‍ പാത്രങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഇലക്‌ട്രോണിക് അളവ് യന്ത്രങ്ങള്‍ കണ്ടു ശീലിച്ച കുട്ടികള്‍ക്ക് ഇത് കൗതുകക്കാഴ്ചയായി. അളവറിവുകള്‍ പ്രധാനാധ്യാപിക ടി.പി. സര്‍ഫുന്നിസ ഉദ്ഘാടനം ചെയ്തു. കോ- ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, മേജോ കെ.ജെ., പി.വി. സലാം, ഡെന്‍സി ഡേവിസ്, ഫെല്‍ന ലോറന്‍സ്, കെ.ഒ. സിമി, എം. പ്രിയ എന്നിവര്‍ പ്രസംഗിച്ചു.

സുതാര്യതയോടെ വികസനം വേണം: വി.എം. സുധീരന്‍


വെങ്കിടങ്ങ് : വിവാദങ്ങള്‍ക്ക് ഇടയാകാത്തവിധം സുതാര്യതയോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വെങ്കിടങ്ങ് ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ആരംഭിച്ച മണലൂര്‍ എംഎല്‍എ പി.എ. മാധവന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് നിയോജമണ്ഡലം പ്രസിഡന്റ് അഷ്‌ക്കറലി തങ്ങള്‍ അധ്യക്ഷനായി. പി.എ. മാധവന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. വേണുഗോപാല്‍, ജോസ് പോള്‍ .ടി, അഡ്വ. ജോസഫ് ബാബു, പി.എം. നൗഷാദ്, പി.കെ. കാദര്‍, എന്‍.കെ. സുബ്രഹ്മണ്യന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. സത്യന്‍, വി.എന്‍. സുര്‍ജിത്ത്, സുബൈദ മുഹമ്മദ്, ത്രേസ്യാമ്മ റപ്പായി എന്നിവര്‍ പ്രസംഗിച്ചു.

അജ്ഞാത ജീവി കോഴികളെ കൊന്നു

ചാവക്കാട്: അജ്ഞാതജീവിയുടെ അക്രമണത്തില്‍ കോഴികള്‍ ചത്തു. ഒരുമനയൂര്‍ വില്യംസില്‍ വലിയപറമ്പില്‍ ഇബ്രാഹിമിന്റെ വീട്ടിലെ കോഴികളാണ് ചത്തത്. കോഴിക്കൂട്ടിന്റെ പട്ടിക തകര്‍ത്ത് കോഴികളെ കൂട്ടിന്റെ പുറത്തേക്ക് ഇറക്കിയാണ് കൊന്നിട്ടുള്ളത്. കോഴികളുടെ കഴുത്തില്‍നിന്ന് രക്തം ഊറ്റിയെടുത്ത നിലയിലാണ്. ചത്ത കോഴികള്‍ക്ക് മറ്റു കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് കോഴികളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കരടിയുടെ രൂപത്തിലുള്ള ജീവി ഓടി മറയുന്നത് കണ്ടതായി പറയുന്നു.

തൃശ്ശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം

തൃശൂര്‍: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 2.40:32ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.7 രേഖപ്പെടുത്തിയതായി പീച്ചിയിലെ ഭൗമ പഠന കേന്ദ്രം അധികൃതര്‍ അറിയിച്ചു. വരവൂര്‍-കോലഴി പ്രദേശമാണ് പ്രഭവ കേന്ദ്രമെന്ന് വ്യക്തമായിട്ടുണ്ട്. ചെമ്പൂത്ര, പട്ടിക്കാട്, വെള്ളാനിക്കര, കോലഴി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.