കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Saturday, August 27, 2011

തണല്‍


കോടമുക്ക് എന്ന വെറും നൂറ്റിച്ചില്ലാനും വീടുകള്‍ മാത്രമുള്ള ഒരു മഹല്ലാണ് നമ്മുടേത്‌. അതുകൊണ്ട് തന്നെ, നമ്മുടെ ഈ മഹല്ലിലെ ഓരോരുത്തരും പരസ്പരം അറിയുന്നവരാണ്. പരസ്പരം സഹായങ്ങള്‍ കൈമാറാനും, സഹവര്‍ത്തിത്തതോടെ ജീവിക്കാനും നമ്മള്‍ എന്നും ശ്രദ്ദിച്ചു പോന്നു എന്നത് നമ്മുടെ നാടിന്‍റെ ഒരു വലിയ മഹത്വമായി നാം കാണേണ്ട വസ്തുതയാണ്. എന്നാല്‍ എല്ലാ നാട്ടിലെയും പോലെ, ദിനം പ്രതി വര്‍ദ്ദിച്ചു വരുന്ന ജീവിത ചിലവുകള്‍ക്ക് മുമ്പില്‍ നിസ്സഹായരായി പകച്ചു നില്‍ക്കുന്ന ഒരു വിഭാഗത്തെ നമുക്ക് നമ്മുടെ നാട്ടിന്‍ പുറത്തും ഇന്ന് കണ്ടെത്താന്‍ കഴിയും. കിട്ടുന്ന ജോലി ചെയ്തു ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയാസ്സപ്പെടുന്ന ഒരുകൂട്ടം ജനങ്ങള്‍. തങ്ങളുടെ നിത്യ ജീവിതം തന്നെ വളരെ പ്രയാസ്സപ്പെട്ടു മുന്നോട്ടു തള്ളിനീക്കുമ്പോള്‍, 'കൂനിന്മേല്‍ കുരു' എന്നപോലെ, പ്രായപൂര്‍ത്തിയായ പെണ്മക്കളെ കെട്ടിച്ചയക്കാന്‍ മാര്‍ഗ്ഗമില്ലാതെ ദുഖിക്കുന്നവരും കൂടിയാണ് എന്ന സത്യം നമ്മുടെ കരളലയിക്കേണ്ടതാണ്. പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നതിലേക്ക് നമ്മളെകൊണ്ട് കഴിയുന്ന സഹായങ്ങള്‍ വ്യക്തിപരമായി നമ്മളില്‍ പലരും ചെയ്യാറുണ്ട് എന്നത് പ്രശംസനിയം തന്നെയാണ്. എന്നാല്‍ കോടമുക്ക് എന്ന നമ്മുടെ ഈ ചെറിയ മഹല്ലിനുള്ളില്‍, പന്ത്രണ്ടോളം പെണ്‍കുട്ടികള്‍ ഇന്ന് വിവാഹ പ്രായം കഴിഞ്ഞു, വിവാഹം ചെയ്തുകൊടുക്കാനുള്ള സാമ്പത്തിക മാര്‍ഗ്ഗം ഇല്ലാത്തതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്നു എന്നത് ആ പെണ്‍കുട്ടികളുടെ വീട്ടുകാരെ പോലെ നമ്മളും ഓര്‍ക്കേണ്ട വസ്തുതയാണ്. ദിനം പ്രതി റെക്കോട് തകര്‍ത്തു മുന്നേറുന്ന സ്വര്‍ണ്ണ വില, ഈ പെണ്‍കുട്ടികളുടെ ദാമ്പത്യ ജീവിത സ്വപ്നത്തിനുമുന്നില്‍ ഒരു ചോദ്യ ചിന്നമായി നിലകൊള്ളുമ്പോള്‍, മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത കോടമുക്ക് നിവാസികളായിട്ടുള്ള നമ്മള്‍ ഓരോരുത്തരുമാണ് അതിനു ഉത്തരം കണ്ടെത്തേണ്ടത്‌.

ജീവിതത്തില്‍ എന്തൊക്കെയോ നേടാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് നമ്മള്‍. എന്തൊക്കെയോ നേടിയെന്നു സ്വയം ആശ്വസിക്കുമ്പോഴും ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത വേഗതയില്‍ നമ്മുടെ ആയുസ്സ് നമ്മെ വിട്ടു അകന്നു കൊണ്ടിരിക്കുയാണ് എന്ന യാഥാര്‍ത്ഥ്യം ഒരു ഞട്ടലോടെയാണെങ്കിലും നാം അംഗീകരിച്ചേ മതിയാവൂ. നമ്മള്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ മാത്രമാണ് പരലോകത്ത് നമുക്ക് കൂട്ടിനായി ഉണ്ടാവുകയുള്ളോ എന്ന സത്യവും നാം തിരിച്ചറിഞ്ഞതാണ്. പള്ളിയെയും, പള്ളി പരിപാലനത്തേയും സംഭന്ധിക്കുന്ന ഏതു വിഷയത്തിലും മറ്റു മഹല്ലുകള്‍ക്ക് മാതൃകയാകും വിധം മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചു പാരമ്പര്യം കാണിച്ചിട്ടുള്ളവരാണ് നമ്മള്‍. എന്നാല്‍ ഒരുകൂട്ടായ പ്രവര്‍ത്തനത്തിലൂടെ മേല്പറഞ്ഞ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇന്ന് വരെ ഒരു തീരുമാനമെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതും ഒരു വസ്തുതയാണ്. തീര്‍ച്ചയായും പരലോകത്ത് ഗുണവും ഈ ലോകത്ത് സംതൃപ്തിയും സന്തോഷവും ലഭിക്കുന്ന ഒരു സല്കര്‍മ്മമാണ് ഇത് എന്ന ഒരു തിരിച്ചറിവ് നമ്മളില്‍ ഓരോരുത്തരിലും ഉണ്ടാകല്‍ അനിവാര്യമാണ്.

ഒരു പെണ്‍കുട്ടി വഴി തെറ്റി അന്യ മതക്കാരന്റെ കൂടെ ഇറങ്ങിപ്പോയാല്‍, തന്‍റെ നാട്ടില്‍ അത് സംഭവിച്ചല്ലോ എന്നതിന്റെ പേരില്‍ ലജ്ജിക്കുകയും, ദുഖിക്കുയയും ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മള്‍ ആ കാണിക്കുന്ന ദുഖത്തിനും, വിഷമത്തിനും അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെകില്‍, അത് സംഭവിക്കുന്നതിന് മുമ്പാണ് അതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടത്.

യു ഏ യിലും, ഖത്തറിലുമുള്ള നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ ദിവസങ്ങളോളമായി ഈ വിഷയത്തെ എങ്ങിനെ പരിഹരിക്കാം എന്ന് ചര്‍ച്ചചെയ്യുകയും, ഒരു സമൂഹ വിവാഹത്തിലൂടെ ഇതിനു പരിഹാരം കണ്ടെത്താം എന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തു. ഇന്നത്തെ അവസ്ഥയില്‍ 15 പവന്‍ സ്വര്‍ണ്ണ മെങ്കിലും വാക്താനം ചെയ്യാതെ ഒരു ചെക്കനെ കണ്ടെത്താന്‍ പ്രയാസമാണ്. പതിനഞ്ചു പവന്‍ സ്വര്‍ണ്ണവും വിവാഹ ചിലവും കൂടെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാന്‍ മൂന്നര ലക്ഷത്തോളം രൂപ ചെലവ് വരും എന്നാണു പ്രതീക്ഷിക്കുന്നത്. ഇങ്ങനെ പന്ത്രണ്ടു പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ ഏകദേശം 45 ലക്ഷം രൂപ ചെലവ് വരും. നമുക്കറിയാം വലിയൊരു തുകയാണ് ഇത് എന്നും, ശേകരിക്കാന്‍ പ്രയാസമാണ് എന്നും. ആ പ്രയാസം മനസ്സിലാക്കിത്തന്നെ ഇത് ഏറ്റെടുക്കാന്‍ നമ്മള്‍ തയ്യാറായേ മതിയാവൂ. നമ്മുടെ മഹല്ലിലെ ഓരോ വ്യക്തിയും ഇതില്‍ പങ്കാളിയായികൊണ്ട് ഇത് തന്റെ സ്വന്തം കാര്യമാണ് എന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായാല്‍ ഒരു വലിയ ഫലമായിരിക്കും നമ്മള്‍ അനുഭവിക്കാന്‍ പോകുന്നത്.

ഈ ചെറിയ പെരുന്നാള്‍ മുതല്‍ അടുത്ത ചെറിയ പെരുന്നാള്‍ വരെയുള്ള ഒരു വര്‍ഷത്തെ സമയത്തിനുള്ളിലാണ് നമ്മള്‍ ഈ തുക കണ്ടെത്തേണ്ടത്‌. ഓരോരുത്തരെ കൊണ്ടും വ്യക്തി പരമായി ചെയ്യാന്‍ കഴിയുന്ന സാമ്പത്തിക സഹായങ്ങള്‍ക്കപ്പുറം, അവരുടെ പരിചയത്തിലുള്ളവരെ കൊണ്ട് പരമാവിധി ഇതില്‍ സഹകരിപ്പിക്കുകയും, ഒരു വര്‍ഷത്തെ നമ്മുടെ മഹല്ലിലെ ഓരോവീട്ടിലെയും, വ്യക്തികളുടെയും സക്കാത്തുളുടെ വിഹിതം ഇതിലേക്ക് നിര്‍ബന്തമായും മാറ്റിവെക്കാന്‍ പള്ളി കമ്മിറ്റി നിര്‍ദ്ദേശം കൊടുക്കുകയും ചെയ്‌താല്‍, നിഷ്‌പ്രയാസം സാധ്യമാകും ഈ തുക കണ്ടെത്താന്‍. ഈ മഹാ സംരംഭത്തില്‍ ആത്മാര്‍ഥമായി അണിചേരാനും പ്രവര്‍ത്തിക്കാനും നമ്മള്‍ ഓരോരുത്തരും മുന്നിട്ടിറങ്ങുന്ന പക്ഷം ഇതിന്റെ വിജയം വളരെ വലുതായിരിക്കുമെന്നത് നിസ്സംശയമാണ്. പ്രവര്‍ത്തിക്കാനെ നമുക്ക് കഴിയൂ, അതിനു പ്രതിഫലം നല്‍കുന്നവന്‍ പരമ കാരുണ്യകനാണ് എന്ന ഉറച്ച വിശ്വാസം നമുക്കുണ്ടാകണം.

ഇതില്‍ അംഗമാകാന്‍ തയ്യാറാകുന്ന ഓരോ വ്യക്തിക്കും അവരുടെ ജീവിതകാലം മുഴുവന്‍ ആത്മ സംതൃപ്തിയോടെ ഓര്‍ക്കാനും, നാളെ പരലോകത്ത് പടച്ച തമ്പുരാനില്‍ നിന്നും അളവറ്റ പ്രതിഫലം നേടിയെടുക്കാനുമുള്ള ഒരു അസുലഭ നിമിഷമാണ് കൈവന്നിരിക്കുന്നത്. ആരും ആരുടെ മേലിലും അടിച്ചേല്‍പ്പിക്കാനോ നിര്‍ബന്തം ചെലുത്താനോ അല്ല, ഓരോരുത്തരും സ്വമനസ്സാല്‍ ഏറ്റെടുക്കേണ്ട നിര്‍ബന്ത കര്‍ത്തവ്യമാണ് ഇതെന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടത്. അതിലൂടെയാണ് നാം മുന്നിട്ടിറങ്ങേണ്ടത്. അഭിമാനത്തോടെയും, ആത്മ സംത്രിപ്തിയോടെയും നമുക്ക് നാളെ പറയാന്‍ കഴിയും - ഞാനും ഈ സംരഭത്തില്‍ അംഗമായിരുന്നുവെന്നും, ഞങ്ങളുടെ കോടമുക്കിലും ആര്‍ജ്ജവവും തന്റേടവുമുള്ള ഒരു മഹല്ല് കമ്മിറ്റിയും, പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയും, ആവേശവുമുള്ള മഹല്ല് നിവാസികളും ഉണ്ട് എന്ന്.

പെണ്മക്കള്‍ പിറന്നതിന്റെ പേരില്‍ സ്വയം സങ്കടപ്പെടുന്ന രക്ഷിതാക്കള്‍ അഭിമാനത്തോടെ പറയട്ടെ കോടമുക്ക് മഹല്ല് നിവാസികളായത് ഞങ്ങളുടെ ഭാഗ്യമാണ് എന്ന്.
കേരളക്കരക്ക് മൊത്തം മാതൃകയാകാനും, വാര്‍ത്താ മാധ്യമങ്ങളില്‍ പോലും ശ്രദ്ധ നേടാനും ഈ സംരംഭം കൊണ്ട് നമ്മുടെ മഹല്ലിനു സാധിക്കും എന്ന ശുഭ പ്രതീക്ഷയോടെ നമുക്ക് ഒന്നിച്ചിറങ്ങാം. കോടമുക്കിന്റെ ഒരു പുതിയ പുലരിക്കു വേണ്ടി നമുക്ക് കാതോര്‍ക്കുകയും ചെയ്യാം.

ഈ പരിപാടിയുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.