കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Saturday, September 24, 2011

ചിറ്റാട്ടുകര റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി

പാവറട്ടി: റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി.

ചിറ്റാട്ടുകര പോള്‍ മാസ്റ്റര്‍ പടിക്ക് സമീപം ബ്രഹ്മകുളം റോഡിലാണ് കക്കൂസ് മാലിന്യം തള്ളിയത്.

മഴ പെയ്തപ്പോള്‍ ഇത് റോഡിലേക്ക് പരന്നൊഴുകി. ഇത് മൂലം യാത്രക്കാരും സമീപവാസികളും ദുരിതത്തിലായി.

രാത്രി ലോറിയിലാണ് മാലിന്യം തള്ളിയതെന്നാണ് പറയുന്നത്. ദുര്‍ഗന്ധവും ഈച്ച ശല്യവുമുണ്ട്. പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ചാവക്കാട്ട് ബൈക്കപകടങ്ങള്‍: ആറു പേര്‍ക്ക് പരിക്ക്‌

ചാവക്കാട്: ദേശീയപാത 17 മൂന്നയിനിയില്‍ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി ആറുപേര്‍ക്ക് പരിക്ക്.

വ്യാഴാഴ്ച ഉച്ചക്ക് 1.10ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു.

നജീബ് (36), മുഹ്‌സിന്‍ (20), നഫ്‌ല (14) എന്നിവരെ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 7.10ന് വഴിയാത്രക്കാരന്റെ മേല്‍ ബൈക്കിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ ഒറ്റയിനി തട്ടാത്തയില്‍ റാഫി (28), ഒറ്റയിനി പുത്തന്‍ വീട്ടില്‍ അന്‍വര്‍ സാദത്ത് (28) എന്നിവരെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ അമല ആശുപത്രിയിലും വഴിയാത്രക്കാരനായ റഹീമിനെ (35) മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ പ്രവേശിപ്പിച്ചു.

ആര്‍.സി.യു.പി സ്‌കൂള്‍ ജില്ലയിലെ ആദ്യ ചോക്ക് രഹിത വിദ്യാലയം

വാടാനപ്പള്ളി: ആര്‍.സി.യു.പി സ്‌കൂള്‍ ജില്ലയിലെ ആദ്യത്തെ ചോക്ക് രഹിത വിദ്യാലയമാകുന്നു. പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. കുട്ടികളെ വൈറ്റ് ബോര്‍ഡില്‍ മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ച് അധ്യാപകര്‍ പഠിപ്പിക്കുമെന്ന് പ്രധാനഅധ്യാപകന്‍ ഒ.ജെ.ഷാജന്‍, പി.ടി.എ പ്രസിഡന്റ് കെ.പി. രാമകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ ചേരുന്ന യോഗത്തില്‍ പി.എ. മാധവന്‍ എം.എല്‍.എ ആര്‍.സി.യു.പി സ്‌കൂളിനെ ചോക്ക്‌രഹിത വിദ്യാലയമായി പ്രഖ്യാപിക്കും.

വിദ്യാര്‍ഥികളെ ദത്തെടുത്തു

അന്തിക്കാട്: കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി അന്തിക്കാട് ഗവ. ഹൈസ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികളെ ദത്തെടുത്ത് പഠിപ്പിച്ചുവരുന്ന പൂര്‍വ വിദ്യാര്‍ഥി സംഘടന ഇത്തവണ പത്ത് വിദ്യാര്‍ഥികളെ ദത്തെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തിക സഹായവിതരണവും കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച 152 വിദ്യാര്‍ഥികളുടെ അനുമോദനയോഗവും വെള്ളിയാഴ്ച സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ഇ. രമേശന്‍, സെക്രട്ടറി എന്‍. പത്മനാഭന്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍. ചന്ദ്രബോസ്, ട്രഷറര്‍ കെ.വി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

മണലൂരില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പോര്

ഗുരുവായൂര്‍: മണലൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ പോര് തുടരുന്നു. മണലൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട കണ്ടാണശേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ കേരള കോണ്‍ഗ്രസ് എം സമരവുമായി പരസ്യമായി രംഗത്തെത്തി. പഞ്ചായത്തിലെ റോഡുകളുടെ ദുഃസ്ഥിതിക്കെതിരെയായിരുന്നു സമരം.

സമരത്തിന് നേതൃത്വം നല്‍കാന്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എം.പി.പോളിയും സംസ്ഥാന ജനല്‍ സെക്രട്ടറി എ.എല്‍.സെബാസ്റ്റ്യനും രംഗത്തെത്തി. ഇത് യു.ഡി.എഫിലെ പ്രധാന കക്ഷികള്‍ തമ്മിലുള്ള വിള്ളലിന്‍െറ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്‍െറ അറിവോടെ തന്നെയാണ് കേരള കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ രംഗത്തു വന്നത്. കണ്ടാണശേരി ശങ്കരന്‍കുളങ്ങര റോഡില്‍ ശയനപ്രദക്ഷിണം നടത്തിയായിരുന്നു കേരള കോണ്‍ഗ്രസിന്‍െറ സമരം. ശയനപ്രദക്ഷിണം എം.പി.പോളിയും പ്രതിഷേധ യോഗം എ.എല്‍.സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് എന്‍.എ.മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.വി.കുര്യാക്കോസ്, സി.ടി.പോള്‍, ഡോ.രാമചന്ദ്രന്‍, ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് തോമസ് ചിറമ്മല്‍, എ.എല്‍.ആന്‍റണി എന്നിവര്‍ സംസാരിച്ചു. നിയമസഭാതെരഞ്ഞെടുപ്പിനുശേഷം മണലൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തുറന്നപോരിലാണ്.

അനധികൃത കെട്ടിടം പൂട്ടി സീല്‍വെച്ചു

ചാവക്കാട്: മുതുവട്ടൂര്‍ ഗുരുവായൂര്‍ റോഡിലെ ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്‍വശം അനധികൃതമായി നിര്‍മിച്ച കെട്ടിടം നഗരസഭാ ഉദ്യോഗസ്ഥര്‍ ചാവക്കാട് പൊലീസിന്‍െറ സഹായത്തോടെ പൂട്ടി സീല്‍ വെച്ചു.കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ ഉടമക്ക് മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നു. പ്രതികരണമില്ലാതായപ്പോള്‍ നഗരസഭാ സെക്രട്ടറി എസ്. വിജയകുമാറിന്‍െറ ഉത്തരവ് പ്രകാരം റവന്യൂ ഉദ്യോഗസ്ഥരായ കെ. അബ്ദുല്‍ കരീം, ശശീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷാജു, മനോജ്, സതീശന്‍, തുടങ്ങിയ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി അടച്ചുപൂട്ടിയത്. അനധികൃത കെട്ടിടത്തില്‍ വ്യാപാരം തുടങ്ങാന്‍ ഉടമ ഗുരുവായൂര്‍ പടിഞ്ഞാറെപുരക്കല്‍ സാന്ദ്രം പി.എസ്. ചന്ദ്രന്‍ നഗരസഭക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ നഗരസഭാ അധികൃതര്‍ നിരസിക്കുകയായിരുന്നു.

അനധികൃത കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അംഗം കെ.വി. സത്താറിന്‍െറ നേതൃത്വത്തില്‍ പലതവണ നഗരസഭാ യോഗത്തില്‍ പ്രതിപക്ഷം ബഹളത്തിന് ഇടയാക്കിയിരുന്നു. ഇതും നടപടിക്ക് വേഗം കൂട്ടാന്‍ കാരണമായി.


ഹജ്ജ് പഠനക്ലാസും യാത്രയയപ്പ് സംഗമവും നാളെ

ചാവക്കാട്: ഗവണ്‍മെന്റ് വഴിയും പ്രൈവറ്റ് വഴിയും ഹജ്ജിന് പോകുന്നവര്‍ക്കുവേണ്ടി ചാവക്കാട് ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ഹജ്ജ് ഒരു ആത്മീയാനുഭവം' എന്ന വിഷയത്തില്‍ പഠന ക്ലാസും യാത്രയയപ്പ് സംഗമവും ഒരുക്കുന്നു. ഞായറാഴ്ച കാലത്ത് 10ന് നടക്കുന്ന ഹജ്ജ് ക്ലാസിന് ഡോ. അബ്ദുള്‍ ജലീല്‍ ദാരിമി നേതൃത്വം വഹിക്കും.