കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 25, 2011

കടല്‍ഭിത്തിയില്ല; കടപ്പുറം തീരം കടലാക്രമണ ഭീഷണിയില്‍

ചേറ്റുവ:കടല്‍ക്ഷോഭം ശക്തമായ കടപ്പുറം പഞ്ചായത്തില്‍ കരിങ്കല്‍ ഭിത്തി നിര്‍മാണത്തിന് ഇനിയും നീക്കങ്ങളായില്ല. ശക്തമായ തിരമാലകള്‍ കരയിലേക്കടിച്ചുകയറി മൂസ റോഡ് ഭാഗത്തെ ഏക്കര്‍കണക്കിന് ഭൂമിയും ആയിരത്തോളം തെങ്ങുകളും നൂറില്‍പ്പരം വീടുകളുമാണ് മുമ്പ് നശിച്ചത്. അപകടമേഖലയില്‍ കടല്‍ഭിത്തി കെട്ടാന്‍ വൈകുന്നത് പ്രദേശവാസികളുടെ ജീവനുതന്നെ ഭീഷണിയായിട്ടുണ്ട്.

പാലയൂരില്‍ രണ്ട് വീടുകളില്‍ മോഷണം: 5 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും മോഷണം പോയി

ചാവക്കാട്:പാലയൂര്‍ എടപ്പുള്ളിയില്‍ ഒരു വീട്ടില്‍ മോഷണവും സമീപത്തെ മറ്റൊരു വീട്ടില്‍ മോഷണ ശ്രമവും നടന്നു. അഞ്ച് പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും നഷ്ടപ്പെട്ടു. നാലകത്ത് ഹനീഫയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷണം പോയത്. വീടിന്റെ പ്രധാന വാതിലിന്റെയും മറ്റ് മൂന്ന് ബെഡ്‌റൂമുകളുടെ വാതിലുകളുടെയും പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയത്. ബെഡ്‌റൂമിനകത്തെ വസ്ത്രങ്ങള്‍ വാരിവലിച്ച് പുറത്തെറിഞ്ഞു. ഒരു അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണവും പണവുമാണ് കവര്‍ന്നത്. മൊബൈല്‍ ഫോണും കണ്ണടയും നഷ്ടപ്പെട്ടു.

ബന്ധുവിന് അസുഖമാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് ഹനീഫ ഗുരുവായൂരിലെ സ്വകാര്യ ആസ്​പത്രിയിലേക്ക് പോയത്. ഭാര്യയെയും ഉപ്പാപ്പയെയും, ഉമ്മയെയും സമീപത്തെ വീട്ടിലാക്കിയാണ് പോയത്. പുലര്‍ച്ചെ മൂന്നു മണിയോടെ തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രന്‍ സ്ഥലത്തെത്തി അന്വേഷിച്ചു. ഹനീഫയുടെ അയല്‍വാസിയായ പുതുവീട്ടില്‍ ഐസുമുവിന്റെ വീടിന്റെ പ്രധാന വാതിലിന്റെ പൂട്ടും കിടപ്പുമുറിയുടെ പൂട്ടും തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്തു. അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടു. സ്വര്‍ണ്ണവും പണവുമൊന്നും നഷ്ടപ്പെട്ടില്ല. മകളുടെ വീട് മാറ്റത്തിനായി ഐസുമ്മുവും മകളും ശനിയാഴ്ച വീട് അടച്ചിട്ട് പോയതായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതറിഞ്ഞത്. പോലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചു.

ഹജ്ജ് പഠനക്ലാസ്

ചാവക്കാട്: ഖുര്‍ ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഹജ്ജ് പഠനക്ലാസും യാത്രയയപ്പ് സമ്മേളനവും ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. ജന. കണ്‍വീനര്‍ ടി.കെ. അബ്ദുസലാം അധ്യക്ഷനായി. കെ.എം. മുഹമ്മദ് ബാഖവി, ത്വയിബ് ചേറ്റുവ, ജമാല്‍ മനയത്ത്, ഡോ. റസാബ്, ഡോ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

ഷൂട്ടിങ് ചാമ്പ്യന്‍ ത്വയ്യിബിനെ ആദരിച്ചു

ചാവക്കാട്: അഖിലകേരള ഷൂട്ടിങ് മത്സരത്തില്‍ ആറ് സ്വര്‍ണമെഡലടക്കം ഒന്‍പത് മെഡലുകള്‍ നേടിയ പാലയൂര്‍ സ്വദേശി മാളിയേക്കല്‍ ത്വയ്യിബിന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ചാവക്കാട് ഏരിയാ കമ്മിറ്റി സ്വീകരണം നല്‍കി. ചാവക്കാട് എസ്‌ഐ എം.സുരേന്ദ്രന്‍ ഉപഹാരം നല്‍കി. ഏരിയാ പ്രസിഡന്റ് റഷീദ് പാടൂര്‍ അധ്യക്ഷനായി. ഫിറോസ് പി.തൈപ്പറമ്പില്‍, നഗരസഭാംഗം അഡ്വ.ഇ.എം. സാജന്‍, ഇ.ജെ. ജോസ്, പ്രജിത് പാലയൂര്‍, അറയ്ക്കല്‍ ഷംസു, ഇ.എം. സലാഹുദ്ദീന്‍, സി.ആര്‍. ഹനീഫ, ജോസ് ചിറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

നെല്ലിത്തൈ വിതരണം തുടങ്ങി

വാടാനപ്പള്ളി:വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സൗജന്യമായി നെല്ലിത്തൈ വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങി. ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും ഔഷധിയുടെയും സഹകരണത്തോടെ തൃത്തല്ലൂര്‍ ഏഴാംകല്ല് വീരസവര്‍ക്കര്‍ സാംസ്‌കാരിക വേദിയാണ് നെല്ലിത്തൈകള്‍ വിതരണം ചെയ്യുന്നത്.

വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ് നെല്ലിത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. ഔഷധി പഞ്ചകര്‍മ ആസ്പത്രിസൂപ്രണ്ട് ഡോ.കെ.എസ്. രജിതന്‍ മുഖ്യാതിഥിയായിരുന്നു. ഗോപാലന്‍ കോഴിശ്ശേരി നെല്ലിത്തൈ സ്വീകരിച്ചു.

രാത്രിയില്‍ ഡോക്ടറില്ല; രോഗികള്‍ ആസ്‌പത്രി വിട്ടു

അന്തിക്കാട്: ഗവ. ആസ്​പത്രിയിലെ സ്ത്രീകളുടെ വാര്‍ഡ് ഒരാഴ്ചയിലേറെയായി ഒഴിഞ്ഞുകിടക്കുന്നു. പുരുഷന്മാരുടെ വാര്‍ഡില്‍ കേവലം രണ്ട് പേരാണ് ചികിത്സയ്ക്കുള്ളത്. രാത്രിയില്‍ സ്ഥിരമായിഡോക്ടര്‍മാര്‍ ഇല്ലാതായതോടെയാണ് രോഗികള്‍ മിക്കവരും ആസ്​പത്രി ഉപേക്ഷിച്ചത്.

32 കിടക്കകളുള്ള ആസ്​പത്രിയില്‍ ഇപ്പോള്‍ കേവലം രണ്ടു പേരാണ് കിടക്കുന്നത്. ഒ.പി. വിഭാഗത്തില്‍ രാവിലെ നൂറിലേറെപ്പേര്‍ ചികിത്സ തേടിയെത്തി. പകര്‍ച്ചപ്പനിയും മഴക്കാലരോഗങ്ങളുംപടരുമ്പോള്‍ പാവപ്പെട്ടവര്‍ സ്വകാര്യ ആസ്​പത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.ആസ്​പത്രിയില്‍ അത്യാവശ്യ മരുന്നും വേണ്ടത്രയില്ലെന്ന് പരാതിയുണ്ട്.

അയല്‍വാസികള്‍ തമ്മില്‍ സംഘട്ടനം; രണ്ടുപേര്‍ക്ക് പരിക്ക്

അന്തിക്കാട്: മാങ്ങാട്ടുകര കോളനിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് തച്ചപ്പിള്ളി ലോഹിദാസന്‍ (42), മങ്ങാട്ട് അശോകന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാറിലെ സ്വകാര്യാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. വസ്തു തര്‍ക്കമാണ് സംഘട്ടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

അയല്‍വാസിയുടെ സ്ഥലം കയ്യേറിയില്ലെന്ന്

പാവറട്ടി:അയല്‍വാസിയായ മുല്ലശ്ശേരി നാരായണപറമ്പത്ത് ഗോപാലന്റെ സ്ഥലം തങ്ങള്‍ കയ്യേറിയിട്ടില്ലെന്നും തങ്ങളുടെ ഒമ്പത് സെന്റ് സ്ഥലം കോടതിവിധി പ്രകാരം അളന്നുതിട്ടപ്പെടുത്തിയിട്ടുള്ളതാണെന്നും ചിരിയങ്കണ്ടത്ത് ജോസ് അറിയിച്ചു. തന്റെ ഭാര്യ ആനിയുടെ പേരിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.

2010 ജൂലായ് 31ന് തൃശ്ശൂര്‍ അഡി. ഡിസ്ട്രിക്ട് കോടതിയില്‍നിന്ന് വിധിയായിട്ടുള്ളതാണെന്നും ജോസ് പറഞ്ഞു. അനധികൃത ഫാം ഹൗസ് ദമ്പതിമാരുടെ ജീവിതം ദുരിതത്തിലാക്കിയെന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് ജോസ് ഇത് അറിയിച്ചത്.

മണലൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം; വാട്ടര്‍ടാങ്ക് നോക്കുകുത്തി

കാഞ്ഞാണി: മണലൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ഒമ്പത് വര്‍ഷം മുമ്പ് പണി പൂര്‍ത്തീകരിച്ച വാട്ടര്‍ ടാങ്ക് നോക്കുകുത്തി. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ 2002 ലാണ് 3.92 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് നിര്‍മിച്ചത്. നിലവിലെ ടാങ്കിന് സമീപം അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കുണ്ട്. പീച്ചിയിലെ വെള്ളം ഒളരിയില്‍ നിന്ന് 50 എച്ച്.പി മോട്ടോര്‍ ഉപയോഗിച്ചാണ് അടിക്കുന്നത്. ഒരു ടാങ്കിന്‍െറ പ്രവര്‍ത്തനം മൂലം മണലൂരില്‍ പൂര്‍ണമായി വെള്ളം വിതരണം ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് മറ്റൊരു ടാങ്ക് സ്ഥാപിച്ചത്.
കുറച്ച് ഭാഗം പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം നിലച്ചു. കൊണ്ടുവന്ന പൈപ്പുകള്‍ റോഡരികില്‍ ഇട്ടിരിക്കുകയാണ്. തീരദേശവാസികളാണെങ്കില്‍ കുടിവെള്ളത്തിന് നെട്ടോട്ടമാണ്. കരിക്കൊടി, പാലാഴി, മാമ്പുള്ളി, കണ്ടശ്ശാംകടവ്, എടത്തറ, പുലത്തറ കടവ്, കമ്പനിപ്പടി, മണലൂര്‍ കോള്‍പടവ് പരിസരം മേഖലയിലുള്ളവരാണ് കുടിവെള്ളത്തിന് ഏറെ ബുദ്ധമുട്ടുന്നത്. കുടിവെള്ളക്ഷാമം കാരണം എട്ടുവര്‍ഷമായി വാട്ടര്‍ അതോറിറ്റി ഹൗസ് കണക്ഷന്‍ നല്‍കുന്നില്ല.

കോള്‍കൃഷി വികസനത്തിന് സമഗ്ര പാക്കേജ് - കൃഷിമന്ത്രി

അന്തിക്കാട്: തൃശൂരിലെയും പൊന്നാനിയിലെയും കോള്‍ കൃഷി വികസനത്തിന് സമഗ്ര പദ്ധതി നടപ്പാക്കും. ഇതിന് പാക്കേജ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചതായും ആദ്യ ഗഡു ഡിസംബറില്‍ ലഭിക്കുമെന്നും കൃഷി മന്ത്രി കെ.പി. മോഹനന്‍ പ്രസ്താവിച്ചു. പഠനസംഘം താമസിയാതെ കോള്‍ മേഖല സന്ദര്‍ശിക്കും.
അരിമ്പൂരില്‍ ജില്ലയിലെ കോള്‍ കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. കോള്‍ പടവുകളില്‍ നിന്നും ജനകീയ പങ്കാളിത്തത്തോടെ ശേഖരിച്ച മണ്ണ് സാമ്പിളുകളുടെ രാസഭൗതിക സ്വഭാവം, ആവശ്യ മൂലകങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവ അപഗ്രഥിച്ച് മണ്ണിന്‍െറ ഫലഭൂയിഷ്ഠി നിര്‍ണയിച്ച് പരി ഹാരമാര്‍ഗങ്ങളും ശിപാര്‍ശകളും രേഖപ്പെടുത്തിയ കാര്‍ഡുകളാണ് കര്‍ഷകര്‍ക്ക് നല്‍കിയത്.
പി.എ.മാധവന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സന്‍റ്, ഗീത ഗോപി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ദാസന്‍, അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.ആന്‍റണി, അനില്‍ അക്കര, ടി.ബി.ഷാജി, കെ.കെ.കൊച്ചുമുഹമ്മദ്, എന്‍.കെ.സുബ്രഹ്മണ്യന്‍, ദിവാകരന്‍ കാണത്ത്, പി.കെ.രാജന്‍, ടി.വി.ഹരിദാസ്, അസ്ഗര്‍ അലി തങ്ങള്‍, എ.എല്‍.ആന്‍റണി, ടി.എ.ഫ്രാന്‍സിസ്, ഷൈജന്‍ നമ്പനത്ത് ഡോ. പി.എന്‍.പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പോലീസ് ജീപ്പില്‍ നിന്ന് വയര്‍ലെസ് സെറ്റ് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ഗുരുവായൂര്‍: കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ജീപ്പില്‍നിന്ന് വയര്‍ലെസ് സെറ്റ് മോഷ്ടിച്ചയാളെ ഗുരുവായൂര്‍ പോലീസ് പിടികൂടി. സ്റ്റീരിയോ ആണെന്നു കരുതിയാണ് വയര്‍ലെസ് മോഷ്ടിച്ചത്. കുന്നംകുളം പോലീസിന്റെ കണ്‍വെട്ടത്തുനിന്നു മുങ്ങിയ ഇയാള്‍, വെള്ളിയാഴ്ച വൈകീട്ടാണ് ഗുരുവായൂരില്‍ പൊങ്ങിയത്.ഇടുക്കി രാജക്കാട് കനകക്കുന്ന് വത്തിയാലിക്കല്‍ വീട്ടില്‍ വിജയനെ(43)യാണ് എസ്‌ഐ എസ്. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.

പട്രോളിങ്ങിനിടെ സംശയാസ്​പദമായ സാഹചര്യത്തില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യംചെയ്തപ്പോള്‍ മോഷണകഥകള്‍ മണിമണിയായി പറഞ്ഞു. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌സഞ്ചി തുറന്നുനോക്കിയപ്പോള്‍ അതില്‍ കുന്നംകുളം സി.ഐ.യുടെ വയര്‍ലെസ് സെറ്റ് കണ്ടെത്തി. പ്ലാസ്റ്റിക് സഞ്ചിയില്‍നിന്ന് മൊബൈലും 1500 രൂപയും കണ്ടെടുത്തു.

വ്യാഴാഴ്ച രാത്രിയായിരുന്നു കുന്നംകുളത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു തോമസ്സിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിച്ചത്. തൊട്ടടുത്ത രണ്ടുദിവസംമുമ്പ് ചാര്‍ജെടുത്തതായിരുന്നു സി.ഐ. ഓഫീസ് മുറ്റത്തു തന്നെയായിരുന്നു ജീപ്പ് നിര്‍ത്തിയിട്ടിരുന്നത്. പോലീസ് ജീപ്പിനുള്ളില്‍ കള്ളന്‍ കയറിയ സംഭവം നാണക്കേടായതിനാല്‍ പോലീസ് രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു.

വിജയന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ട്. കഴിഞ്ഞദിവസം കുന്നംകുളം ഗവ. ആസ്​പത്രിയില്‍ അച്ഛന്റെ ചികിത്സയ്ക്കായി എത്തിയ പന്നിത്തടം ചിറമനേങ്ങാട് ഞാലില്‍ കുറത്തൂര്‍ രഘുവിന്റെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും വിജയനാണ് മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇടുക്കിയിലെ രാജക്കാട്, ശാന്തന്‍പാറ, വയനാട് അമ്പലവയല്‍, തൃത്താല എന്നീ പോലീസ് സ്റ്റേഷനുകളില്‍ വിജയനെതിരെ മോഷണക്കേസുകളുണ്ട്. 2008ല്‍ കുന്നംകുളം പോലീസ് വിജയനെ സംശയാസ്​പദമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നു. ഇടുക്കി സ്വദേശിയാണെങ്കിലും പട്ടാമ്പിക്കടുത്ത ആമയൂരിലാണിപ്പോള്‍ താമസം. ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി.

ബസ്‌റൂട്ടുകള്‍ അനവധി, ബസ്സുകള്‍ ഓടുന്നില്ല; യാത്രക്കാര്‍ ദുരിതത്തില്‍

ചാവക്കാട്: തീരദേശമേഖലയില്‍ സ്വകാര്യബസ്സുകളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ഓട്ടം സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദുരിതമാകുന്നു. ചാവക്കാട്-പുതുപൊന്നാനി, ചാവക്കാട്-മുനയ്ക്കക്കടവ്-അഞ്ചങ്ങാടി റൂട്ടുകളിലാണ് യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നത്. ഈ റൂട്ടുകളില്‍ നിരവധി ബസ്സുകള്‍ക്ക് ഓടാന്‍ പെര്‍മിറ്റുകളുണ്ടെങ്കിലും വിവാഹങ്ങള്‍, വിനോദയാത്രകള്‍ എന്നിവയ്ക്ക് റൂട്ടുകള്‍ മുടക്കി പോകുന്നതുമൂലം പലപ്പോഴും ബസ്സുകള്‍ കിട്ടാറില്ല. രാവിലെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ബസ്സുകളുടെ കോണികളിലും ചവിട്ടുപടികളിലും കയറിനിന്ന് യാത്രചെയ്യുന്നതും പതിവുകാഴ്ച. ബസ്‌യാത്രക്കാരും ജീവനക്കാരും തമ്മില്‍ ഇടയ്ക്കിടെ വാക്ക്തര്‍ക്കവും സംഘര്‍ഷവും തീരമേഖലയില്‍ പതിവ്‌സംഭവമാണ്. കണ്‍സഷന്‍ നിരക്കില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളെ കയറ്റാന്‍ തയ്യാറാകാത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തീരദേശമേഖലയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വ്വീസ് കാര്യക്ഷമമല്ലാത്തതും ജനത്തെ ദുരിതത്തിലാക്കുന്നു. കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വ്വീസുകളുടെ എണ്ണം ഈ മേഖലയില്‍ വര്‍ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

ചേറ്റുവ:മേമന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. വിതരണം ചെയ്തു. എം.എ. ഹാരിസ് ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, അഷറഫ്, എന്‍.പി. സലീഷ്, എന്‍.പി. സുലൈമാന്‍ ഹാജി, സാബിക്ക് ഹസ്സന്‍, കെ.എ. ഫവാസ് എന്നിവര്‍ പ്രസംഗിച്ചു.

അങ്കണവാടി കെട്ടിടത്തിന്റെ പണി നിലച്ചു

വെങ്കിടങ്ങ്:വെങ്കിടങ്ങ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ 25-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ പണി പാതിവഴിയില്‍ നിലച്ചു. കെട്ടിടം സമൂഹവിരുദ്ധരുടെ വിളയാട്ടകേന്ദ്രമാണ് ഇപ്പോള്‍. 2007-2008 കാലഘട്ടത്തില്‍ പി.ആര്‍. രാജന്‍ എം.പി.യുടെ ഫണ്ടില്‍ നിന്നു ലഭിച്ച രണ്ടുലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടംപണി ആരംഭിച്ചത്. എസ്റ്റിമേറ്റ് പ്രകാരമുള്ള പണികള്‍ തീര്‍ത്തുവെന്നാണ് കരാറുകാരന്‍ അവകാശപ്പെടുന്നത്.

ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 300 രൂപ പ്രതിമാസ വാടകയാണ്. 20 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാതിവഴിയില്‍ പണി മുടങ്ങിയതോടെ അങ്കണവാടി കെട്ടിടം സമൂഹവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രിയില്‍ മദ്യപന്മാരുടെ കേന്ദ്രമാണിവിടെ.