കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Tuesday, September 27, 2011

വെങ്കിടങ്ങിലും മുല്ലശ്ശേരിയിലും ആര്‍.എസ്.എസ്.-ഡി.വൈ.എഫ്.ഐ. സംഘട്ടനം; നാല് പേര്‍ക്ക് പരിക്ക്

പാവറട്ടി: മുല്ലശ്ശേരിയിലും വെങ്കിടങ്ങിലുമായി ഉണ്ടായ ആര്‍.എസ്.എസ്.-ഡി.വൈ.എഫ്.ഐ. സംഘട്ടനത്തില്‍ നാലുപേരെ പരിക്കുകളോടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വെങ്കിടങ്ങ് സെന്ററിലുണ്ടായ സംഘട്ടനത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനും വ്യാസകോളേജിലെ ബിരുദവിദ്യാര്‍ഥിയുമായ കരുവന്തല നമ്പുള്ളി ദാസന്റെ മകന്‍ സന്ദീപിനെ(19) ചാവക്കാട് താലൂക്ക് ആസ്​പത്രിയിലും ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ വെങ്കിടങ്ങ് സ്വദേശി പൊന്നരശ്ശേരി ചന്ദ്രന്റെ മകന്‍ സുജിത്തിനെ മുല്ലശ്ശേരി ബ്ലോക്ക്ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

കരുവന്തല ക്ഷേത്രഉത്സവത്തിനിടെയുണ്ടായ അടിപിടിക്കേസിനെ ചൊല്ലി കഴിഞ്ഞദിവസം രാത്രിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. മുല്ലശ്ശേരി അയ്യപ്പക്കുടം ക്ഷേത്രത്തിന് സമീപത്തുണ്ടായ സംഘട്ടനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ അണ്ടൂര്‍ കിഴക്കേതില്‍ മോഹനന്റെ മകന്‍ രഞ്ജിത്തിനെ(16) മുല്ലശ്ശേരി ബ്ലോക്ക്ആസ്​പത്രിയിലും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ചീരോത്ത് സുകുമാരന്റെ മകന്‍ സുധീഷിനെ(17) ചാവക്കാട് താലൂക്ക് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് സംഘട്ടനങ്ങളിലും പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


മസ്‌കറ്റില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ചന്ദ്രനെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

ചാവക്കാട്: മസ്‌കറ്റില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഖോര ആസ്​പത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഏങ്ങണ്ടിയൂര്‍ കിഴക്കൂട്ട് ചന്ദ്രനെ നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ് ലഭിച്ചതായി കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അറിയിച്ചു.

ഭാര്യ ശ്രീമതിയുടെ പരാതി എം.എല്‍.എ. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നല്‍കി വിശദവിവരങ്ങള്‍ ധരിപ്പിച്ചു. ചന്ദ്രന്റെ ദുരവസ്ഥ കഴിഞ്ഞ മാസം 24ന് 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞമാസം അഞ്ചാം തീയതി മുതല്‍, അപകടത്തില്‍പ്പെട്ട ചന്ദ്രന്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്. കമ്പനി കാറില്‍ പോകുമ്പോഴാണ് അപകടം പറ്റിയത്. സുഷ്മനാ നാഡിക്ക് വന്ന ക്ഷതത്തെ തുടര്‍ന്നാണ് അബോധാവസ്ഥ. 10 ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. നിര്‍ധന കുടുംബത്തിന് ചന്ദ്രനെ നാട്ടിലെത്തിക്കാനുള്ള പ്രാപ്തി ഇല്ല.

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കഴുകി വിദ്യാര്‍ഥികളുടെ ശുചീകരണയജ്ഞം


ഗുരുവായൂര്‍: കെ.എസ്.ആര്‍.ടി.സി. ഗുരുവായൂര്‍ ഡിപ്പോയിലെ ബസ്സുകള്‍ കഴുകിവൃത്തിയാക്കി വിദ്യാര്‍ഥികളുടെ ശുചീകരണയജ്ഞം.

ഒരുമനയൂര്‍ ഇസ്‌ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള 50 വിദ്യാര്‍ഥികളാണ് ബസ്സുകള്‍ വൃത്തിയാക്കിയത്. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. കുഞ്ഞിരാമന്‍, പി.ടി.എ. പ്രസിഡന്റ് ബാലന്‍ വാറണാട്ട്, നന്ദകുമാര്‍, സി.കെ. മുംതാസ്, ടി.എന്‍. സതീഷ്‌കുമാര്‍, രാഹുല്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.

മുഖം നോക്കാതെ പോലീസ് നടപടിയെടുക്കണം-സോഷ്യലിസ്റ്റ് ജനത

അന്തിക്കാട്: ഗ്രാമപ്പഞ്ചായത്ത് വനിതാ സെക്രട്ടറിയെയും കുടുംബത്തെയും വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ മുഖം നോക്കാതെ പോലീസ് നടപടിയെടുക്കണമെന്ന് സോഷ്യലിസ്റ്റ് ജനത അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മോഹനന്‍ അന്തിക്കാട് അധ്യക്ഷനായി. പി.കെ. ബാബു, സി.ബി.ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.

വധഭീഷണി: സെക്രട്ടറി അവധിയില്‍; അന്തിക്കാട്ടെ പഞ്ചായത്ത്ഭരണം സ്തംഭനത്തില്‍

അന്തിക്കാട്: വധഭീഷണിമൂലം സെക്രട്ടറി അവധിയെടുത്തതിനാല്‍ അന്തിക്കാട് പഞ്ചായത്ത്ഭരണം പ്രതിസന്ധിയില്‍. ഭരണസമിതിയും ജീവനക്കാരും തമ്മിലുള്ള ശീതസമരം രൂക്ഷം. ചൊവ്വാഴ്ച എച്ച്.സി.യും അവധിയെടുത്തതിനാല്‍ ഓഫീസ് പ്രവര്‍ത്തനം പാടെ സ്തംഭിച്ചു.

സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി ഓഫീസിലെത്തിയവര്‍ ക്ഷുഭിതരായി. പലരും ബഹളം വെച്ച് പിരിഞ്ഞുപോയി. പഞ്ചായത്ത് സെക്രട്ടറി പങ്കജത്തെ ഞായറാഴ്ചയാണ് ഫോണില്‍ വിളിച്ച് പലതവണ ഭീഷണിപ്പെടുത്തിയത്. സെക്രട്ടറിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതിനെ തുടര്‍ന്നാണ് സെക്രട്ടറി മേലധികാരികളുടെ നിര്‍ദേശപ്രകാരം ഒരു മാസത്തെ അവധിയെടുത്തത്. ഫോണ്‍ നമ്പര്‍ സെക്രട്ടറിക്ക് വ്യക്തമായിട്ടുണ്ട്. നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി. ഡി.ജി.പി. ഡോ. ബി. സന്ധ്യയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

താല്‍ക്കാലിക ഡ്രൈവറും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി.എമ്മിലെ ജ്യോതി രാമന്റെ ഭര്‍ത്താവുമായ രാമചന്ദ്രന്‍േറതാണ് ഫോണ്‍സന്ദേശമെന്നാണ് സൂചന.

ഓഫീസിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം ഉള്‍പ്പെടെ നിരവധി പരാതികള്‍ മാസങ്ങളായി പഞ്ചായത്തില്‍ രാമചന്ദ്രനെതിരെയുണ്ട്. ജീവനക്കാര്‍ സെക്രട്ടറി മുഖേന മേലധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് വാഹനം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സെക്രട്ടറി രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിനെച്ചൊല്ലി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. പ്രശ്‌നക്കാരനായ താല്‍ക്കാലിക ജീവനക്കാരന്‍ രാമചന്ദ്രനെ പുറത്താക്കാന്‍ സി.പി.എം. മടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എല്‍.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തില്‍ രാമചന്ദ്രന്റെ പ്രശ്‌നങ്ങളില്‍നിന്ന് സി.പി.ഐ. വിട്ടുനില്‍ക്കുകയാണ്.

പഞ്ചായത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്നും പ്രതിപക്ഷാംഗങ്ങളായ ഇ.ഐ. ആന്‍േറാ, മിനി ആന്‍േറാ എന്നിവര്‍ പ്രസിഡന്റിനോടാവശ്യപ്പെട്ടു. സി.പി.എം. നേതാക്കള്‍ പ്രശ്‌നക്കാരനായ രാമചന്ദ്രനെ രക്ഷിക്കാനാണ് നീക്കമെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ നടന്ന വധഭീഷണിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.കെ. ബാലന്‍ മുഖ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചു. പഞ്ചായത്ത് ജീവനക്കാര്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജ്യോതി രാമന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്തിക്കാട്ട് പ്രകടനം നടത്തി. സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകരും സംഭവത്തെ അപലപിച്ചു.

മുന്നറിയിപ്പില്ലാതെ സെക്രട്ടറിയും എച്ച്.സി.യും അവധിയെടുത്തതുമൂലം പഞ്ചായത്ത് ഭരണ നിര്‍വഹണം തടസ്സപ്പെട്ടുവെന്ന് ആരോപിച്ച് ഭരണപക്ഷത്തെ സി.പി.എം. അംഗങ്ങള്‍ ഡി.ഡി.പി.ക്ക് പരാതി നല്‍കി. സെക്രട്ടറി അവധിയെടുത്ത കാര്യം ഭരണസമിതിയെ അറിയിച്ചില്ലെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഐ. ചാക്കോ കുറ്റപ്പെടുത്തി.