കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Friday, September 30, 2011

രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തി

പാവറട്ടി:ആക്ട്‌സ് പാവറട്ടിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തി. ക്യാമ്പ് അസി. പോലീസ് കമ്മീഷണര്‍ ഗുരുവായൂര്‍ ആര്‍.കെ. ജയരാജ് ഉദ്ഘാടനം നടത്തി. പ്രസിഡന്റ് സെബി ജോസ് വടക്കൂട്ട് അധ്യക്ഷനായി. ഫാ. ഡേവീസ് ചിറമ്മല്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം വി.ജെ. തോമസ് നിര്‍വഹിച്ചു.

സെന്റ് ജോസഫ്‌സ് സ്‌കൂള്‍ഫെസ്റ്റ്

പാവറട്ടി: സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഫെസ്റ്റ് ഐഡിയ സ്റ്റാര്‍ സിങ്ര്‍ ശിഖ പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ കെ.ഒ. ജെയിംസ് ഉപഹാര സമര്‍പ്പണം നടത്തി. ഫാ. ജേക്കബ്ബ് ഞെരിഞ്ഞാംപിള്ളി, ഫാ. പോള്‍ പള്ളിക്കാട്ടില്‍, കണ്‍വീനര്‍ പി.എഫ്.ജോസ്, സ്റ്റാഫ് സെക്രട്ടറി പി.വി. ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

ഷിന്ദഗ മാര്‍ക്കറ്റ് ഇന്ന് ഒഴിപ്പിക്കും മലയാളികളടക്കം നിരവധി പേരുടെ ഭാവി ഇരുളില്‍

ദുബൈ: സുന്ദരമായ പ്രകൃതിദൃശ്യങ്ങള്‍ കണ്ട് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ പൊടുന്നനെ ഇരുള്‍ മൂടിയ തുരങ്കത്തിനുള്ളില്‍ അകപ്പെട്ടതുപോലെയാണ് ഇവര്‍ക്കിപ്പോള്‍ ജീവിതം. തുരങ്കം അവസാനിക്കുന്നിടത്ത് വെളിച്ചമുണ്ടെന്ന് ട്രെയിനിലുള്ളവര്‍ക്ക് അറിയാം. എന്നാലിവര്‍ക്ക് ഈ തുരങ്കത്തില്‍ നിന്ന് തങ്ങളുടെ ജീവിത വണ്ടിക്ക് എന്ന് പുറത്ത് കടക്കാനാകുമെന്ന് അറിയില്ല. ദുബൈ മുനിസിപ്പാലിറ്റിയുടെ നിര്‍ദേശപ്രകാരം ഇന്ന് ബര്‍ദുബൈ ഗുബൈബയിലെ അല്‍ ഷിന്ദഗ മാര്‍ക്കറ്റ് ഒഴിപ്പിക്കുമ്പോള്‍ മലയാളികളടക്കം നിരവധി പേരുടെ ഭാവി ഇരുളടയുകയാണ്. ദുബൈയിലെ ഏറ്റവും പുരാതനമായ ഷിന്ദഗ മാര്‍ക്കറ്റ് ഇനി എവിടെയാണ് പുനഃസ്ഥാപിക്കപ്പെടുകയെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടാല്ലത്തിനാല്‍ നാളെ മുതല്‍ ജീവിതം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണ് ഇവരില്‍ ഭൂരിഭാഗവും. ഇതില്‍ മലയാളികളും പാകിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, ഇറാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. മാര്‍ക്കറ്റിലെ മീന്‍, പച്ചക്കറി, മാംസ മാര്‍ക്കറ്റിലെ കച്ചവടക്കാരും അനുബന്ധ തൊഴിലാളികളുമടക്കം 1400ഓളം പേര്‍ക്കാണ് ഇന്നുമുതല്‍ ജീവിതമാര്‍ഗം അടയുന്നത്. ചിലരൊക്കെ മറ്റിടങ്ങളില്‍ കട തുടങ്ങുമെങ്കിലും അതിന് കഴിയാത്തവരാണ് അധികവും. 35 വര്‍ഷമായി ഷിന്ദഗ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവര്‍ മുതല്‍ ഒന്നര വര്‍ഷം മുമ്പ് വന്നവര്‍ വരെ തുല്യദുഃഖത്തില്‍ ഇന്ന് രാത്രി പത്ത് മണിയോടെ കടകള്‍ ഒഴിഞ്ഞുകൊടുക്കുകയാണ്. വര്‍ഷങ്ങള്‍ അധ്വാനിച്ചിട്ടും ഒരു വീട് പോലും സ്വന്തമാക്കാനാകാത്തവര്‍ മുതല്‍ ധനികരായവര്‍ വരെയുണ്ട്. എന്നാല്‍, വീട് പണിയാനും സഹോദരിമാരെ കല്യാണം കഴിച്ചയക്കാനും മാതാപിതാക്കളുടെ ചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി വായ്പകളെടുത്ത് കടക്കെണിയില്‍ ആയവരുടെ എണ്ണമാണ് കൂടുതല്‍. നാല് മാസം മുമ്പാണ് ഇന്ന് മാര്‍ക്കറ്റിലെ കടകള്‍ ഒഴിയണമെന്ന് പറഞ്ഞ് മുനിസിപ്പാലിറ്റി ഇവര്‍ക്ക് നോട്ടീസ് നല്‍കുന്നത്. കത്തിനശിച്ച നായിഫ് സൂഖ് പുതുക്കി നിര്‍മിച്ച് കൊടുത്തത് പോലെ ബദല്‍ സംവിധാനം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. ലൈസന്‍സ് സ്വദേശികളുടെ പേരില്‍ ആയതിനാല്‍ ഇവര്‍ക്ക് അധികൃതരുടെ അടുത്ത് നേരിട്ട് ചെല്ലാനും സാധിച്ചിരുന്നില്ല.  ഇന്നലെ രാത്രി വൈകിയും മറിച്ചൊരറിയിപ്പ് ലഭിക്കാത്തതിനാല്‍ കട വിട്ടൊഴിയേണ്ട അവസ്ഥയിലാണ് ഇവര്‍. മറ്റ് തൊഴിലുകളൊന്നും അറിയാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്നവര്‍ നിരവധി.
മുമ്പ് ക്രീക്കിലെ പ്ളാസ സിനിമക്ക് അരികിലായിരുന്ന ഷിന്ദഗ മാര്‍ക്കറ്റ് 1993ലാണ് ഗുബൈബയിലേക്ക് മാറ്റുന്നത്. ക്രീക്കിലുണ്ടായിരുന്ന കാലം മുതല്‍ മാര്‍ക്കറ്റിന്‍െറയും ദുബൈയുടെയും വികസനത്തിന് സാക്ഷ്യം വഹിച്ച തങ്ങള്‍ ഇനി എങ്ങോട്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണെന്ന് 35 വര്‍ഷമായി പച്ചക്കറി കച്ചവടം നടത്തുന്ന മാഹി സ്വദേശി ഹസ്സുവിനെ പോലുള്ളവര്‍ പറയുന്നു. 30 സ്റ്റാളുകളും 20ഓളം തട്ടുകളുമാണ് പച്ചക്കറി മാര്‍ക്കറ്റിലുള്ളത്. ഇതിലധികവും നടത്തുന്നത് മലയാളികളാണ്. 30 വര്‍ഷമായി കച്ചവടം നടത്തുന്ന എറവക്കാട് സ്വദേശി മമ്മി, 29 വര്‍ഷമായുള്ള പാലക്കാട് പടിഞ്ഞാറങ്ങാടി സ്വദേശി ഹൈദ്രാസ്, 23 വര്‍ഷമായുള്ള ചങ്ങരംകുളം സ്വദേശി പോക്കര്‍, 20 വര്‍ഷമായിട്ടുള്ള തിരൂര്‍ സ്വദേശി കോയക്കുട്ടി, 12 വര്‍ഷമായുള്ള എടപ്പാള്‍ സ്വദേശി അബൂബക്കര്‍, അടൂര്‍ ഏനാത്ത് സ്വദേശി ജമാല്‍, പെരുമ്പിലാവ് സ്വദേശി അശ്റഫ്, പെരിന്തല്‍മണ്ണ സ്വദേശി അന്‍സാര്‍ തുടങ്ങി ഇവിടെ കച്ചവടം നടത്തുന്ന മലയാളികള്‍ നിരവധിയാണ്. കയറ്റിറക്ക് തൊഴിലാളികളുടെയും മറ്റും കണക്കെടുത്ത് തുടങ്ങിയാല്‍ പച്ചക്കറി മാര്‍ക്കറ്റ് ഇല്ലാതാകുന്നത് കൊണ്ടുമാത്രം വരുമാനത്തിന്‍െറ നല്ളൊരു ഭാഗം കുറയുന്നവരുടെ പട്ടിക നീളും.

ഫിഷ് മാര്‍ക്കറ്റില്‍ 28 സ്റ്റാളുകളാണ് ഉള്ളത്. പ്ളാസക്കരികിലും ഇവിടെയുമായി 28 വര്‍ഷമായി മീന്‍ മാര്‍ക്കറ്റിലുള്ള ചങ്ങരംകുളം സ്വദേശി എം.കെ. ഹസ്സന്‍, 25 വര്‍ഷമായുള്ള എടപ്പാള്‍ വട്ടംകുളം സ്വദേശി അബ്ദുറഹ്മാന്‍ എന്നിവരൊക്കെ തങ്ങളുടെ ജീവിതവുമായി ഇത്ര ചേര്‍ന്ന് കിടക്കുന്ന മാര്‍ക്കറ്റ് വിട്ടൊഴിയുന്നതിന്‍െറ വിഷമത്തിലാണ്. 18 വര്‍ഷമായി ഇവിടെ കച്ചവടം നടത്തുന്ന ചങ്ങരംകുളം സ്വദേശികളായ ടി.വി. മുഹമ്മദ്, എം.പി. മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, വട്ടംകുളം സ്വദേശി അബൂബക്കര്‍, താനൂര്‍ സ്വദേശി റഷീദ് എന്നിവരൊക്കെ ഗുബൈബയിലേക്ക് മാര്‍ക്കറ്റ് മാറിയപ്പോള്‍ മുതല്‍ ഉള്ളവരാണ്. തിരുര്‍ സ്വദേശി സെയ്ദ് ആറ് വര്‍ഷമായി ഇവിടെയെത്തിയിട്ട്.  കച്ചവടക്കാരെ മാത്രമല്ല മീന്‍ മുറിക്കുന്നവര്‍, കഴുകുന്നവര്‍, മീനും ഐസും കൊണ്ടുവരുന്ന വണ്ടിക്കാര്‍ അങ്ങിനെ അനുബന്ധ തൊഴിലെടുക്കുന്നവരും പ്രതിസന്ധിയിലാവുകയാണ്. ഷിന്ദഗ മാര്‍ക്കറ്റില്‍ 32 വര്‍ഷമായി കട്ടിങ് നടത്തുന്ന വളാഞ്ചേരി സ്വദേശി ഹസ്സനും 25 കൊല്ലമായി കട്ടിങ് നടത്തുന്ന കുന്ദംകുളം സ്വശേദി കെ.എം. അബ്ദുല്‍ ഹമീദിനുമൊക്കെ പറയാനേറെ പ്രാരാബ്ധ കഥകളുണ്ട്. ക്ളീനിങ് തൊഴിലാളികളായ എടപ്പാള്‍ സ്വദേശി ഇബ്രാഹിം, താനൂര്‍ സ്വദേശി ആഷിഖ് എന്നിവരൊക്കെ ഇന്ന് മുതല്‍ തൊഴില്‍രഹിതരാകും. ബദല്‍ സംവിധാനം കിട്ടുമെന്ന പ്രതീക്ഷയില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് കിട്ടിയ ശേഷവും ലൈസന്‍സ് പുതുക്കിയവരും ഇക്കൂട്ടത്തിലുണ്ട്.
ഇവരുടെ അവസ്ഥയില്‍ ഏറെ വിഷമമുണ്ടെന്ന് 30 കൊല്ലമായി ഷിന്ദഗ മാര്‍ക്കറ്റിലേക്ക് മീന്‍ കൊണ്ടുവരുന്ന വണ്ടിയുടെ ഡ്രൈവര്‍മാരും കാസര്‍കോട് സ്വദേശികളുമായ നാരായണനും രാജനും പറയുന്നു. അതേസമയം, എടപ്പാള്‍ സ്വദേശികളായ ഹമീദും മൊയ്തീനുമൊക്കെ വേറെ സ്ഥലത്ത് കട തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പുറത്തൊരു കട തുറക്കാന്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് 75,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ ചെലവാകുന്നതിനാല്‍ പലരും അതിന് കഴിയാത്തവരാണ്.
25 വര്‍ഷമായി ഇവിടെ അല്‍ ഗുബൈബ കഫ്തീരിയ നടത്തുന്ന കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞിയും ഇന്ന് കട ഒഴിയേണ്ടവരില്‍പ്പെടുന്നു. വടകര സ്വദേശി വി.കെ. ബഷീറിന്‍െറയും മുഹമ്മദ് കുഞ്ഞിയുടേയുമടക്കം നാല് കഫ്തീരിയകളാണ് ഇവിടെ നിന്ന് മാറ്റുന്നത്. ഫുഡ് ട്രേഡിങ്, ഗ്രോസറികള്‍ എല്ലാം ഇന്ന് ഒഴിയണം.
മാംസ മാര്‍ക്കറ്റില്‍ 27 സ്റ്റാളുകളാണുള്ളത്. ഇവിടെ എല്ലാവരും പാകിസ്താനികളാണ്. എന്നാല്‍, പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള സ്റ്റാളുകളില്‍ മട്ടന്‍ വ്യാപാരം നടത്തുന്ന മലയാളികളുണ്ട്. പാലപ്പെട്ടി സ്വശേദി അബ്ദുല്ല 35 കൊല്ലമായി ഷിന്ദഗ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നു. പയ്യന്നൂര്‍ സ്വദേശി അബ്ദുല്‍ റഷീദ്, പടിഞ്ഞാറങ്ങാടി സ്വദേശി മുഹമ്മദ് എന്നിവരുടെ കടകളും ഇവിടുണ്ട്. ചെന്നൈ സ്വദേശിയായ ഹബീബ് റഹ്മാന്‍ 15 കൊല്ലമായി അബ്ദുല്ലയുടെ കടയില്‍ ജോലി ചെയ്യുന്നു.
40 വര്‍ഷമായി ദുബൈയില്‍ ഈന്തപ്പഴ കച്ചവടം നടത്തുന്ന ഇറാന്‍ സ്വദേശി അഹമ്മദ് ഈസ്സയാണ് ഇവിടുത്തെ ഏറ്റവും പ്രായം കൂടിയ ആള്‍. പല മാര്‍ക്കറ്റുകള്‍ മാറി ഈസ്സക്ക് അനുവദിച്ച് കിട്ടിയ ഏഴാമത്തെ ഇടമായിരുന്നു ഗുബൈബയിലെ ഷിന്ദഗ മാര്‍ക്കറ്റ്.
മാര്‍ക്കറ്റ് ഇവിടെ നിന്ന് മാറ്റുന്നതില്‍ ബര്‍ദുബൈ ഭാഗത്തെ ആളുകള്‍ക്കും വിഷമമുണ്ട്്. ഇനി മീനും പച്ചക്കറികളുമൊക്കെ വാങ്ങാന്‍ ദേരയിലും അവീറിലുമൊക്കെ പോകേണ്ട അവസ്ഥയിലാണ് ഇവര്‍. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്ക് ഇത് കഴിയില്ളെന്ന് 13 വര്‍ഷമായി ഷിന്ദഗ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശി അബ്ദുല്‍ ബാരി പറഞ്ഞു. ദുബൈയിലെ പൊതുഗതാഗത സര്‍വീസുകളില്‍ മീനും മാംസവുമൊന്നും കയറ്റാന്‍ അനുവാദമില്ലാത്തതിനാല്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ പോയി ഇവ വാങ്ങാന്‍ സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് പറ്റില്ല.  
വിസ തീരാറായവര്‍ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണ്. എന്നെങ്കിലുമൊരിക്കല്‍ മാര്‍ക്കറ്റ് പുനഃസ്ഥാപിക്കപ്പെട്ടാല്‍ തിരികെ വരാമെന്ന പ്രതീക്ഷയോടെ...