കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, October 5, 2011

കിണറ്റില്‍വീണ യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു

പാവറട്ടി:ക്രൈസ്റ്റ് കിങ് കോണ്‍വെന്റിന്റെ കിണറ്റില്‍ വീണ 72 കാരിയെ നാട്ടുകാര്‍ രക്ഷിച്ചു. കോണ്‍വെന്റിലെ ശുശ്രൂഷികയായ അന്നക്കുട്ടിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5 ന് കിണറ്റില്‍ വീണത്. ശബ്ദംകേട്ട് അവിടുത്തെ ജോലിക്കാരനായ മാടവന ദേവസി ഓടിയെത്തി കിണറ്റില്‍ ചാടി. പിന്നാലെയെത്തിയ മാതൃഭൂമി ഏജന്റ് ഒ.ടി ബാബുവും പത്രവിതരണക്കാരനായ പി.വി. ജോണ്‍സനും കിണറ്റില്‍ ചാടി. ഫയര്‍ സര്‍വ്വീസുകാരും പോലീസും എത്തുന്നതിന് മുമ്പ് മൂവ്വരും ചേര്‍ന്ന് വൃദ്ധയെ പുറത്തെടുത്തു. അന്നകുട്ടിയെ സാന്‍ ജോസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുവയസ്സു മുതല്‍ ഒല്ലൂരില്‍ ഏവുപ്രാസ്യാമ്മയുടെ വളര്‍ത്തുപുത്രിയായിരുന്നു അന്നകുട്ടി.

പാവറട്ടിയെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ നടപടി തുടങ്ങി


പാവറട്ടി: പാവറട്ടി ഗ്രാമപ്പഞ്ചായത്തിനെ പ്ലാസ്റ്റിക്‌വിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പഞ്ചായത്തും ഭാരത് ഹെറിറ്റേജ് ഫോഴ്‌സ് സംഘടനയും കൈകോര്‍ത്താണ് പുതിയ സംരഭത്തിന് തുടക്കമിട്ടത്. വാര്‍ഡ് അടിസ്ഥാനത്തില്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സംഘടനയുടെ കോ-ഓര്‍ഡിനേറ്റര്‍ മുഖേന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് മാസത്തിലൊരിക്കല്‍ റീസൈക്ലിങ് സെന്ററില്‍ എത്തിക്കും. ഇവ ഉപയോഗിച്ച് പൂച്ചട്ടി, വേസ്റ്റ്ബാസ്‌കറ്റ്, മറ്റു ഗൃഹോപകരണങ്ങള്‍ എന്നിവയുണ്ടാക്കി വിപണിയിലെത്തിക്കും.

പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ടമായി വീടുകളിലും മറ്റുകേന്ദ്രങ്ങളിലും ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റാനും ജൈവപച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ശേഖരണത്തിനുള്ള ബാഗ് വിതരണംചെയ്ത് പ്ലാസ്റ്റിക് മാലിന്യവിമുക്ത യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി ഉദ്ഘാടനം ചെയ്തു. അഭിനി ശശി അധ്യക്ഷയായി. ജനപ്രതിനിധികളായ വിമല സേതുമാധവന്‍, പി.എ. മുഹമ്മദ്‌ഷെരീഫ്, എന്‍.ജെ. ലിയോ, ഫ്രാന്‍സിസ് പുത്തൂര്‍, ബഷീര്‍ ജാഫ്‌ന, ശോഭ രഞ്ജിത്ത്, ഷഗീല ധര്‍മരാജ്, ഭാരത് ഹെറിറ്റേജ് ഫോഴ്‌സ് പ്രതിനിധികളായ മെറീന രാജീവ്, രഘു എരണേഴത്ത് എന്നിവര്‍ പ്രസംഗിച്ചു.

വെങ്കിടങ്ങ് മുപ്പട്ടിത്തറയില്‍ മൂന്നാഴ്ചയായി കുടിവെള്ളമില്ല

വെങ്കിടങ്ങ്: വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ മുപ്പട്ടിത്തറ മേഖലയില്‍ മൂന്നാഴ്ചയായി കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. 
പൈപ്പ് വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന്
വെങ്കിടങ്ങു പഞ്ചായത്ത് ഓഫിസിനു മുന്നില്‍
കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്ന വീട്ടമ്മമാര്‍ 
പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മേഖലയാണ് മുപ്പട്ടിത്തറ. മേഖലയിലെ കുടിവെള്ളസ്രോതസ്സുകള്‍ ഉപ്പുരസം കലര്‍ന്നതായതിനാല്‍ ഉപയോഗശൂന്യമാണ്. പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. രായംമരയ്ക്കാര്‍ വീട്ടില്‍ ഉമൈബ, വേല്യേടത്ത് വീട്ടില്‍ രമണി, പഞ്ചാവീട്ടില്‍ പത്മിനി, രായംമരയ്ക്കാര്‍ വീട്ടില്‍ സുബൈദ, ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ കിണറിലെ മോട്ടോര്‍ തകരാറിലായതാണ് വെള്ളം പമ്പ് ചെയ്യല്‍ തടസ്സപ്പെട്ടതെന്നും മോട്ടോര്‍ റിപ്പയര്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചതായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സത്യന്‍ പറഞ്ഞു.

മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രാത്രിയില്‍ പഞ്ചായത്തംഗത്തിന്‍െറ കാവലിരിപ്പ്

വാടാനപ്പള്ളി: തൃശൂര്‍ റോഡില്‍ മാലിന്യം തള്ളുന്നത് വര്‍ധിച്ചതോടെ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഗ്രാമപഞ്ചായത്തംഗം രാത്രിയിലും കാവലിരുന്നു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തംഗം കെ.കെ. അനില്‍കുമാറാണ് മാലിന്യം റോഡരികില്‍ തള്ളുന്നവരെ പിടിക്കാന്‍ ഇറങ്ങിയത്. നീതി മെഡിക്കല്‍ ഷോപ്പിന് സമീപമാണ് മാലിന്യം കുന്നുകൂടുന്നത്. കടക്കാരാണ് മാലിന്യം തള്ളുന്നത്. തള്ളുന്നത് വര്‍ധിച്ചതോടെ കഴിഞ്ഞ ദിവസം അനില്‍കുമാറും പൊതുപ്രവര്‍ത്തകനായ വി.ബി. ജമാലുമാണ് രാത്രിയിലും കാവല്‍ നിന്നത്. മാലിന്യം തള്ളിയ മൂന്നു കടക്കാരെ കൈയോടെ പിടികൂടി. തള്ളിയ മാലിന്യം എടുപ്പിക്കുകയും ചെയ്തു. അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പൊലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കിയിരുന്നു.

വിദേശ മദ്യ വില്‍പ്പന: യുവാവ് അറസ്റ്റില്‍

വാടാനപ്പള്ളി: സ്കൂള്‍ പൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപവത്കരിച്ചപ്പോള്‍ ഏങ്ങണ്ടിയൂര്‍ സെന്‍റ് തോമസ് സ്കൂള്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ ലഭിച്ച പരാതി അന്വേഷിച്ചെത്തിയ പൊലീസ് വിദേശ മദ്യം വീട്ടില്‍ വില്‍പന നടത്തി വന്നയാളെ അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടിക്ക് കിഴക്ക് കിഴക്കന്‍ വീട്ടില്‍ സുധീറിനെയാണ് (38) അറസ്റ്റ് ചെയ്തത്.

സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ വീട്ടില്‍ സുധീര്‍ മദ്യം വില്‍ക്കുന്നതായി കാണിച്ച് വിദ്യാര്‍ഥികള്‍ നേരത്തേ പരാതി ഇട്ടിരുന്നു.  ഇതനുസരിച്ച് ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ വിദേശമദ്യം പിടികൂടി. പൊലീസിനെ കണ്ടതോടെ സുധീര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി വീണ്ടും എസ്.ഐ സന്ദീപിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് വീട് വളഞ്ഞപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി.

ചായക്കടയില്‍ മദ്യവില്‍പന; ഒരാള്‍ അറസ്റ്റില്‍

അന്തിക്കാട്: വീടിനോടുചേര്‍ന്ന ചായക്കടയില്‍ വിദേശമദ്യം വില്‍പന നടത്തിയയാള്‍ അറസ്റ്റില്‍. ഇയാളില്‍നിന്ന് 15 കുപ്പി മദ്യം പിടിച്ചെടുത്തു. ആലപ്പാട് കരാട്ടുപറമ്പില്‍ രവി എന്ന രവീന്ദ്രനെയാണ് (60)  എസ്.ഐ ബൈജുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചായക്കടയില്‍ മദ്യം വില്‍ക്കുന്നതായി രഹസ്യവിവരം കിട്ടിയ അടിസ്ഥാനത്തിലാണ് പൊലീസ് കട വളഞ്ഞത്. പൊലീസിനെ കണ്ടതോടെ മദ്യം വാങ്ങാനെത്തിയവര്‍ പലരും ഓടിപ്പോയി. വില്‍പന ശാലയില്‍ നിന്ന് മദ്യം വാങ്ങി ആവശ്യക്കാര്‍ക്ക് ഉയര്‍ന്ന തുകക്കാണത്രേ വില്‍പന. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

താന്ന്യത്ത് സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; മൂന്നുപേര്‍ക്ക് പരിക്ക്


അന്തിക്കാട്: പെരിങ്ങോട്ടുകര ഷഷ്ഠി മഹോത്സവം കണ്ട് വീട്ടിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളായ ബി.ജെ.പി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായെത്തിയവര്‍ വെട്ടിപ്പരിക്കേല്‍പിച്ചു. താന്ന്യം പനമുക്കത്ത് രാജേഷ് (35), അനുജന്‍ രതീഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു ആക്രമണം. വീടിന് നൂറുമീറ്റര്‍ അടുത്തുവെച്ചായിരുന്നു ആക്രമണം. കാലിനും കൈക്കുമാണ് വെട്ടേറ്റത്. ഇരുവരും നിലവിളിച്ചതോടെ അക്രമികള്‍ രക്ഷപ്പെട്ടു.  ഷഷ്ഠി മഹോത്സവത്തില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകനായ രാജേഷും രതീഷും സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകനായ പങ്ങാരത്ത് രതീഷുമായി വാക്കേറ്റം നടന്നിരുന്നു. വാക്കേറ്റത്തിന് ശേഷം രാജേഷും രതീഷും വീട്ടിലേക്ക് പോകുമ്പോള്‍ അഞ്ച് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പിന്നീട് ബി.ജെ.പി സംഘം രതീഷിനെ അന്വേഷിച്ച് കരുവാംകുളത്തെ രതീഷിന്‍െറ വീട്ടില്‍ എത്തിയിരുന്നു. അടുത്തവീട്ടില്‍ നിന്നിരുന്ന രതീഷിനെ ആക്രമിച്ചു. തടയാന്‍ ശ്രമിച്ച പൊറ്റേക്കാട് സാബു, വന്നേരി വീട്ടില്‍ ബാബു എന്നിവര്‍ക്ക് മര്‍ദനമേറ്റു.
പ്രദേശത്ത് ബി.ജെ.പി, സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകര്‍ തമ്മില്‍ വര്‍ഷമായി നിലനില്‍ക്കുന്ന ചേരിതിരിവാണ് ആക്രമണത്തിന് പിന്നില്‍. ബി.ജെ.പിയില്‍ നിന്ന് ഒരു വിഭാഗം സോഷ്യലിസ്റ്റ് ജനതയില്‍ പോയിരുന്നു. തുടര്‍ന്നാണ് പതിവായി പ്രദേശത്ത് സംഘര്‍ഷം തുടരുന്നത്. പൊലീസ് കേസെടുത്തിട്ടുണ്ട്.