കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Thursday, October 6, 2011

പാഠം പഠിക്കാത്ത നോക്കുകുത്തികള്‍ നിസ്സംഗതയുടെ പര്യായമായി വാഹനവകുപ്പ്

ചാവക്കാട്: സ്വകാര്യ ബസ്സുകളില്‍ മുന്‍വാതിലും പിന്‍വാതിലുമൊന്നുമില്ലാതെ മത്സരഓട്ടം നടത്തി സാധാരണക്കാരുടെ ജീവന് ഭീഷണിയായി മാറുമ്പോള്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ശക്തമായ ഒരു നടപടിയും സ്വീകരിക്കാതെ നിസ്സംഗതയുടെ പര്യായമായി മാറിയിരിക്കുകയാണ്. ദുരന്തങ്ങള്‍ ഒന്നിനുപിറകെ ഒന്നായി സംഭവിക്കുമ്പോഴും ബസ്സുടമകളോടുള്ള വിധേയത്വം ഊട്ടിയുറപ്പിക്കാന്‍ ജനത്തിനു മുന്നില്‍ പൊടിക്കൈകള്‍ കാട്ടി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണിവര്‍.

അഞ്ചങ്ങാടിയില്‍ സ്വകാര്യബസ്സില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥിനിയും മാതൃസഹോദരിയും വീണ് ഗുരുതരമായി പരിക്കേറ്റപ്പോള്‍ ജില്ലയില്‍ അങ്ങോളമിങ്ങോളം പോലീസും ഗതാഗതവകുപ്പും നടത്തിയ നടപടികള്‍ പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല. വാതിലുകളില്ലാത്ത വാഹനങ്ങളെ പിടികൂടി പിഴയടപ്പിക്കലായിരുന്നു. മാധ്യമങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളുടെ കഥകള്‍ പുറത്തുവന്നപ്പോള്‍ മാധ്യമങ്ങളെയും ജനവികാരത്തെയും മയപ്പെടുത്താനുള്ള പൊടിക്കൈ പ്രയോഗങ്ങളാണ് അധികൃതര്‍ സ്വീകരിച്ചത്. വാതിലുകള്‍ നിര്‍ബന്ധമായി പിടിപ്പിക്കണമെന്ന് ബന്ധപ്പെട്ട ആരും നിര്‍ദേശം നല്കിയില്ല. ഫൗസിയയ്ക്കും നിഷിതയ്ക്കും പരിക്കേറ്റതിന് ശേഷം ചാവക്കാട് കോടതിപ്പടിക്ക് സമീപം വെച്ച് സമാനസംഭവത്തില്‍ ജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് സ്വദേശിയായ കുന്നത്ത് മൊയ്തുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സ്വകാര്യബസ്സുകളില്‍ പിന്‍വാതിലുകള്‍ ഇല്ലാത്തത് മൂലം തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ തൂങ്ങിക്കിടന്നാണ് പലപ്പോഴും യാത്ര നടത്തുന്നത്. വന്‍ ദുരന്തങ്ങള്‍ക്ക് വരെ കാരണമാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസ്സുകള്‍ അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് ചാവക്കാട്-മുനയ്ക്കക്കടവ് റൂട്ടിലും, ചാവക്കാട് - പുതുപ്പൊന്നാനി റൂട്ടിലും യാത്രാക്ലേശത്തിന് കാരണമാകുന്നത്. ബസ്സുകളില്‍ പരിശോധന നടത്തുന്ന കാര്യത്തില്‍ ഗതാഗതവകുപ്പിന് വല്ലാത്തൊരു വൈമനസ്യമാണ് കാണുന്നത്. ഇന്‍ഡിക്കേറ്ററോ ബ്രേക്ക് ലൈറ്റോ ഇല്ലാത്ത എത്രയോ ബസ്സുകളാണുള്ളത്. ഡീസലിന് പകരം മണ്ണെണ്ണ ഒഴിച്ച് ഓടുന്ന ബസ്സുകള്‍ ഉണ്ടായിട്ട് അവയ്‌ക്കെതിരെ നടപടിയെടുക്കാന്‍പോലും വാഹനവകുപ്പ് അധികൃതര്‍ തയ്യാറാവുന്നില്ല. ദുരന്തങ്ങള്‍ കണ്‍മുമ്പില്‍ കാണുമ്പോഴും അനങ്ങാത്ത ഇത്തരം ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ശാപമായി മാറിയിരിക്കയാണ്. മാസപ്പടിയുടെ കാര്യത്തില്‍ വീഴ്ചവരുമ്പോള്‍ മാത്രമാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങുക.

സെമിനാര്‍ നടത്തി

ചാവക്കാട്: ചാവക്കാട് വിമന്‍സ് ഇസ്‌ലാമിക കോളേജില്‍ ആരോഗ്യ ബോധവത്കരണ സെമിനാര്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുബ്രഹ്മണ്യന്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ പി. ഇസ്മായില്‍ അധ്യക്ഷനായി. സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ വി. ലുബ്‌ന, വി.എച്ച്. ജുബൈരിയ, ഹാരിസ്, കെ. മുഹമ്മദ് അണ്ടത്തോട്, മുഹമ്മദ്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.