കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, October 19, 2011

കെ.എസ്.ഇ.ബി ക്ക് പരാതി നല്‍കിയ സ്കൂള്‍ അധികൃതര്‍ക്ക് അമിത വൈദ്യുതി ഉപഭോഗത്തിന് നോട്ടീസ്


അന്തിക്കാട്: പൊട്ടി വീണ സര്‍വീസ് വയര്‍ നീക്കം ചെയ്യാത്തതിന് പരാതി നല്‍കിയ അരിശത്തില്‍ അധിക വൈദ്യുതി ഉപയോഗിച്ചെന്ന് നോട്ടീസ് നല്‍കി കെ.എസ്.ഇ.ബി അധികൃതര്‍ സ്കൂള്‍ അധികൃതരെ പക പോക്കുന്നതായി പരാതി. മുറ്റിച്ചൂര്‍ എ.എല്‍.പി സ്കൂളിന് നേരെയാണ് വൈദ്യുതി വകുപ്പധികൃതര്‍ പ്രതികാര നടപടിയെടുക്കുന്നത്. സ്കൂള്‍ വളപ്പിലൂടെ സമീപത്തെ വീട്ടിലേക്ക് വലിച്ച കണക്ഷനില്‍ സര്‍വീസ്  വയര്‍ മാസങ്ങളായി നിലത്തു വീണ് കിടക്കുകയാണ്.
കുട്ടികള്‍ക്ക് ഭീഷണിയായ വയര്‍ മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ ജൂണ്‍ 17ന് കെ.എസ്.ഇ.ബി പെരിങ്ങോട്ടുകര സെക്ഷന്‍ ഓഫിസിലെ അസി. എന്‍ജിനീയര്‍ക്ക്  പരാതി നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ വന്നതോടെ സ്കൂള്‍ അധികൃതര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കി. ഇതില്‍ ക്ഷുഭിതനായ  ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി 600 വാട്സ് വൈദ്യുതി മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള വിദ്യാലയത്തില്‍ 2313 വാട്സ് വൈദ്യുതി ഉപയോഗിക്കുകയാണെന്നും പറഞ്ഞ് നോട്ടീസ് നല്‍കുകയായിരുന്നുവത്രേ. വൈദ്യുതി ഉപയോഗം കൂടിയ വിവരം അധികൃതര്‍ നേരത്തെ പറഞ്ഞില്ളെന്നും ആവശ്യമായ തുക നിശ്ചിത സമയത്ത് തന്നെ അടക്കാറുണ്ടെന്നും മാനേജര്‍ പറയുന്നു. ഭീഷണിയുടെ സ്വരത്തിലാണത്രേ ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അതേ സമയം വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചില്‍ കടലാക്രമണം രൂക്ഷം


വാടാനപ്പള്ളി: വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചില്‍ കടലാക്രമണം രൂക്ഷം.  റിസോര്‍ട്ടിന്‍െറ ഭിത്തിയും തറയും സമീപ  വീടിന്‍െറ കക്കൂസും തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കടലാക്രമണം ശക്തമായത്. തിരമാല റിസോര്‍ട്ടിലേക്ക് ആഞ്ഞടിക്കുകയാണ്. സമീപം മണല്‍ചാക്ക് നിരത്തിയെങ്കിലും മുകളിലൂടെയാണ് വെള്ളം കയറുന്നത്. പരിസരത്തെ കടല്‍ഭിത്തി തകര്‍ത്താണ് വെള്ളം കയറുന്നത്. കാറ്റാടി മരങ്ങളും തെങ്ങുകളും കടപുഴകി വീണു. മതിലും തകര്‍ന്ന നിലയിലാണ്. റിസോര്‍ട്ടിന് സമീപം വലിയ കുഴി രൂപപ്പെട്ടു. സമീപമുള്ള വീടും റിസോര്‍ട്ടും നിലംപതിക്കാവുന്ന നിലയിലാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ പൊക്കാഞ്ചേരിയില്‍ റിസോര്‍ട്ടിന് പടിഞ്ഞാറുള്ള കുളം നാട്ടുകാര്‍ വൃത്തിയാക്കി വെള്ളം ഉപയോഗിക്കുന്നതിനിടെ കടല്‍വെള്ളം  ഒഴുകിയെത്തി കുളം നിറഞ്ഞു. ഉപ്പുവെള്ളം നിറഞ്ഞതോടെ കുളം ഉപയോഗയോഗ്യമല്ലാതായി. പഞ്ചായത്ത് അതിര്‍ത്തിയിലെ സീവാള്‍ റോഡ് തകര്‍ന്നു. കടല്‍ഭിത്തികള്‍ ഏറെയും തകര്‍ന്നു.
ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിന്‍െറ പരിധിയിലെ രണ്ട് വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. കടലാക്രമണ ഭീഷണി കാരണം രണ്ട് വീടുകളിലും ആളുകള്‍ താമസിക്കുന്നില്ല. കടലാക്രമണം രൂക്ഷമായിട്ടും അടിയന്തരമായി മണല്‍ചാക്ക് നിരത്താനോ കല്ലടിക്കാനോ അധികൃതര്‍ തയാറാകുന്നില്ല.  പ്രദേശം വാടാനപ്പള്ളി വില്ളേജ് അധികൃതര്‍ ചൊവ്വാഴ്ച ഉച്ചക്ക് സന്ദര്‍ശിച്ചു.

ത്രിതല പഞ്ചായത്ത് സംവിധാനം പഠിക്കാന്‍ രാജസ്ഥാന്‍ സംഘം തളിക്കുളത്ത്


തളിക്കുളം: കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ രാജസ്ഥാന്‍ സംഘം തളിക്കുളം ബ്ളോക്ക് പഞ്ചായത്തിലെത്തി. രാജസ്ഥാനിലെ ടോന്‍ഡ് ജില്ലാ പ്രസിഡന്‍റ് കല്ലി ദേവി മീന, ചീഫ് എകിസ്ക്യൂട്ടീവ് ഓഫിസര്‍ എല്‍.ആര്‍. ഗുഗര്‍വാള്‍, രാജസ്ഥാന്‍ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി ബി.എല്‍. ഗോയല്‍ എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത്.യുനിസെഫ് ചീഫ് സാമുവല്‍, പ്രതിനിധി സുമന്‍ സിങ്, കില പ്രതിനിധി പ്രഫ. രാഘവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തളിക്കുളം ബ്ളോക്ക് പഞ്ചായത്തിലെത്തിയ സംഘത്തെ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുചിത്ര രാധാകൃഷ്ണന്‍, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.പി. കരുണാകരന്‍, അംഗങ്ങളായ ഇ.ബി. ഉണ്ണികൃഷ്ണന്‍, മുനീര്‍ ഇടശ്ശേരി, സജു ഹരിദാസ്, രമാദേവി, കുട്ടന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. 30 അംഗ രാജസ്ഥാന്‍ സംഘത്തിനൊപ്പം നേപ്പാളില്‍ നിന്നുള്ള നാലംഗവുമുണ്ടായിരുന്നു.

ജീവനക്കാരില്ല; മണലൂര്‍ വില്ലേജ് ഓഫീസ് സ്തംഭനത്തില്‍

മണലൂര്‍ : വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ മണലൂര്‍ വില്ലേജ് ഓഫിസ് തിങ്കളാഴ്ച ഉച്ചക്ക് ശേഷം അടച്ചു. ആകെയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ഓഫിസ് പൂട്ടി പോയതോടെ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവര്‍ വലഞ്ഞു. പുതുതായി എത്തിയ വനിതാ ഓഫിസര്‍ ആഴ്ചകളായി ലീവായതിനാല്‍ വില്ളേജ് അസിസ്റ്റന്‍റിനാണ് ചുമതല. ഇയാള്‍ മത്രമാണ് ചൊവ്വാഴ്ച ഉണ്ടായിരുന്നത്. ഉച്ചക്ക് രണ്ടോടെ ഇദ്ദേഹവും ഓഫിസ് പൂട്ടി ഗേറ്റും അടച്ച് സ്ഥലം വിട്ടു. മണിക്കൂറോളം കാത്തുനിന്നിട്ടും ഉദ്യോഗസ്ഥരെ കാണാതായതോടെ വന്നവര്‍ മടങ്ങുകയായിരുന്നു.

ആറ് കണ്ണുള്ള നാളികേരം കൗതുകമായി

തൊയക്കാവ്:ആറ് കണ്ണുള്ള നാളികേരം കൗതുകമായി. കച്ചവടത്തിനായി വെങ്കിടങ്ങ് തൊയക്കാവ് എലവത്തിങ്കല്‍ വിന്‍സന്റ് ശേഖരിച്ച നാളികേരത്തിലായിരുന്നു ആറ് കണ്ണുള്ള നാളികേരം കണ്ടെത്തിയത്. നാളികേരം കാണാന്‍ നിരവധി പേരാണ് വിന്‍സെന്റിന്റെ വീട്ടില്‍ ദിനവും എത്തുന്നത്.

കോണ്‍ഗ്രസ് മാര്‍ച്ച്

പാവറട്ടി: നിയമസഭയ്ക്കകത്തും പുറത്തും ഇടതുകക്ഷികള്‍ ജനാധിപത്യധ്വംസനം നടത്തുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് കോണ്‍ഗ്രസ് ബ്ലോക്ക്പ്രസിഡന്റ് വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ടി.ആന്‍േറാ അധ്യക്ഷനായി. നേതാക്കളായ ടി.ജോസ്‌പോള്‍, സനില്‍ കുന്നത്തുള്ളി, പി.എ.മുഹമ്മദ്‌ഷെരീഫ്, ജോബി ഡേവിസ്, ഷാജഹാന്‍ പെരുവല്ലൂര്‍, എം.കെ.അനില്‍കുമാര്‍, എ.ഡി.സാജു, ബഷീര്‍ ജാഫ്‌ന, സിജു പാവറട്ടി, എ.കെ.ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു.

സി.പി.എം. സമ്മേളനം

മുല്ലശ്ശേരി: സി.പി.എം. മുല്ലശ്ശേരി ലോക്കല്‍ കമ്മിറ്റി സമാപന സമ്മേളനം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി.എ. ബാബു അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗങ്ങളായ മുരളി പെരുനെല്ലി, ടി.വി. ഹരിദാസന്‍, ജനപ്രതിനിധികളായ ലീലാ കുഞ്ഞപ്പു, ഗീത ഭരതന്‍, ഉഷാ വേണു, കെ.പി. ആലി എന്നിവര്‍ പ്രസംഗിച്ചു.

ഒറാംകുളം സംരക്ഷിക്കാന്‍ ബി.ജെ.പി.യുടെ പ്രതിഷേധജ്വാല

പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ വിവാദമായ ഒറാംകുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധജ്വാല നടത്തി. നികുതി കെട്ടാത്ത കുളം സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കാനുള്ള നീക്കത്തില്‍നിന്ന് പഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കുളക്കരയില്‍ ഒരുക്കിയ പന്തലില്‍ അഗ്‌നിപകര്‍ന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജന്‍ നമ്പനത്ത് പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ജ്വാലയുമായികുളം വലംവെച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ധര്‍മരാജന്‍ മൂക്കോല അധ്യക്ഷനായി. ജെസ്റ്റിന്‍ ജേക്കബ്, പ്രമോദ് ആനേടത്തയില്‍, പ്രവീണ്‍ പറങ്ങനാട്ട്, കെ.എ. സുരേന്ദ്രന്‍, മനോജ് മാനിന, കെ.എ. സുരേഷ്, പഞ്ചായത്തംഗങ്ങളായ പി.എന്‍. ദേവകി, ഷഗീല ധര്‍മരാജ് എന്നിവര്‍ പ്രസംഗിച്ചു. സെന്ററില്‍ നിന്നു പ്രകടനമായെത്തിയാണ് പ്രതിഷേധജ്വാല സംഘടിപ്പിച്ചത്.

റോഡില്‍വീണ തെങ്ങ് ഒരുമാസമായിട്ടും മാറ്റിയില്ല

പാടൂര്‍:ഒരുമാസം മുമ്പ് ഉണ്ടായ ചുഴലിക്കാറ്റില്‍ കടപുഴകി റോഡിലേക്ക് വീണ തെങ്ങ് മുറിച്ച് മാറ്റാത്തതിനെ തുടര്‍ന്ന് മുല്ലശ്ശേരി ഇടിയഞ്ചിറ ഷട്ടറിന് സമീപത്തെ ബണ്ട് റോഡ് വഴിയുള്ള ഗാതഗതം തടസ്സപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് രോഗികളും സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രദേശ വാസികളും ഏറെ ദുരിതത്തിലാണ്. ബന്ധപ്പെട്ടവര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

പുരസ്‌കാര സമര്‍പ്പണം 23ന്

കരുവന്തല: വെങ്കിടങ്ങ് കണ്ണോത്ത് ശ്രീമുരുക കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെണ്ടമേളം അരങ്ങേറ്റവും കലാനിധി പുരസ്‌കാരസമര്‍പ്പണവും ഞായറാഴ്ച രാവിലെ ഏഴിന് കരുവന്തല ദേവീ ക്ഷേത്രസന്നിധിയില്‍ നടക്കും പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി. നന്തിപുലത്തിന് തുള്ളല്‍ കലാനിധിപുരസ്‌കാരവും മേള വിദ്വാന്‍ മണത്തല ജനാര്‍ദനന് ചെണ്ടമേളകലാനിധി പുരസ്‌കാരവും സമര്‍പ്പിക്കും. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി പ്രൊഫ. പി.വി. കൃഷ്ണന്‍നായര്‍ പൊന്നാടയണിയിച്ച് പ്രശസ്തിപത്രം നല്‍കും. 21 കലാകാരന്മാരാണ് അരങ്ങേറ്റം നടത്തുന്നത്.

കോടമുക്ക് ടൗണിലേക്ക് സ്വാഗതം

ഓരോ നിമിഷവും ലോകം അതിശീക്രം വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍. ഭൂമിയിലെ കണ്ടു പിടിത്തങ്ങള്‍ക്കെല്ലാം ഒടുവില്‍ മനുഷ്യന്‍ ചന്ദ്രനേയും കീഴടക്കി, മറ്റു ഗ്രഹങ്ങളിലേക്ക്  ഉറ്റു നോക്കുമ്പോള്‍, ഓരോ നാട്ടുകാരും തങ്ങളുടെ നാട്ടില്‍ എന്തെല്ലാം മാറ്റങ്ങളും സൗകര്യങ്ങളും വരുത്താം എന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തികൊണ്ടിരിക്കുമ്പോള്‍.  'കോരന് കഞ്ഞി കുമ്പിളിയില്‍' എന്ന പഴമൊഴിയെ യാഥാര്‍ത്യമാക്കാനെന്നോണം  ഇന്നും തൊയക്കാവും വിശിഷ്യാ കോടമുക്കും വികസനത്തിന്റെ കാര്യത്തില്‍ നാല്പതു വര്‍ഷം പിറകിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. 

ഗള്‍ഫുപണം കൊണ്ട് നാട്ടില്‍ ചില വ്യക്തികള്‍ സ്വന്തം ആവശ്യത്തിന് ഓരോ വീടുകള്‍ ഉണ്ടാക്കി എന്നതൊഴിച്ചാല്‍ എന്ത് വികസനമാണ് ഈ നാട്ടില്‍ വന്നീട്ടുള്ളത്? ഒരു ഹോസ്പിറ്റലോ, നിലാവരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമോ, എന്തിനേറെ നല്ലൊരു വ്യവസായ സ്ഥാപനമോ ഈ നാട്ടില്‍ ഉണ്ടോ? ഒരു ബസ്‌റുട്ട് പോലും ഈ നാട്ടില്‍ സാധ്യമാവാത്തത് എന്ത് കൊണ്ട്? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കെങ്കിലും ആകുമോ? പഞ്ചായത്ത് മെമ്പര്‍ മുതല്‍ എംപി വരെ കേരളത്തിലെ പ്രഭലമായിട്ടുള്ള രണ്ടു പാര്‍ട്ടികളുടെ വക്താക്കളെ മാറിമാറി ഈ നാട്ടുകാര്‍ തിരഞ്ഞെടുത്തയച്ചില്ലേ? എന്തെ അവര്‍ക്കൊന്നും ഈ നാടിനോട് ഒരു പ്രതിബദ്ധതയും ഇല്ലേ? വെറും വോട്ടു ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ ഈ നാട്ടുകാര്‍? ഓരോ ഗവണ്‍മെന്റുകള്‍ മാറിമാറി വരുമ്പോഴും ഓരോനാട്ടിലും മത്സരിച്ചു വികസന പരമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴും അതെല്ലാം വാര്‍ത്താ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാകുമ്പോഴും വികസനത്തിന്റെ രുചിയറിയാത്ത ഒരു വിഭാഗമായി ഈ നാട്ടുകാര്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? 

ഇന്ന് ലോകത്ത് കാണുന്ന ഒരു നാടും ലോകം ഉണ്ടാകുമ്പോള്‍ തന്നെ ഈ വികസനം  കൈവരിച്ചുകൊണ്ട് ഉണ്ടായതല്ല എന്നും, ജനങ്ങളുടെ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണ് എന്നുമുള്ള സത്യം ഈ നാട്ടിലെ ഓരോരുത്തരും ഉള്‍കൊണ്ടേ മതിയാവൂ. ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ദിനം പ്രതി വന്നുകൊണ്ടിരിക്കുന്ന വികസനത്തില്‍ നമ്മുടെ നികുതി പണത്തിന്റെ ഒരു ഓഹരി ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു.

വികസനത്തില്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിഷേധാഗ്നി ജ്വലിക്കാന്‍ ഇനിയും വൈകിക്കൂടാ. അവഗണ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഈ നാടും നാട്ടുകാരും ഒരു പുതിയ പുലരിയെ സ്വപ്നം കണ്ടു ഉയര്‍ത്തെഴുന്നെല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നമുക്ക് ചെയ്യാന്‍ ഉള്ളത് 


ഈ നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ആദ്യ പടിയെന്നോണം, നാട്ടിലെ വികസന സാധ്യതകളെ  ഉള്‍കൊള്ളിച്ചു ഒരു അപേക്ഷ ഉണ്ടാക്കി ജാതിബേധമതമന്യേ നാട്ടിലെ എല്ലാവരുടെയും ഒപ്പുകള്‍ ശേകരിച്ചു മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെയുള്ള നമ്മുടെ നാടിനെ പ്രതിനിധാനം  ചെയ്യുന്നവര്‍ക്കും കളക്ടര്‍ മുതല്‍ പഞ്ചായത്ത് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും ആധികാരികമായി സമര്‍പ്പിക്കുന്നു.

ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ 



  1. നാട്ടില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം.
  2. തൃശ്ശൂര്‍ ഗുരുവായൂര്‍ വാടാനപ്പിള്ളി തുടങ്ങിയ സ്ഥലത്തേക്ക് നേരിട്ടുള്ള ബസ്‌റുട്ട്.
  3. ഗവണ്‍മെന്റു ചിലവില്‍ ഒരു ഷോപ്പിംഗ്‌ കോംപ്ലെക്സ്.
  4. ഒരു നല്ല നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനം.
  5. കോടമുക്ക് പുഴയ്ക്കു കുറുകെ ഒരു പാലം.
'കരയുന്ന കുഞ്ഞിനെ പാലുള്ളോ'. അതുകൊണ്ട് നമുക്ക് കൂട്ടമായൊന്നു കരയാം. ഒത്തൊരുമിച്ചു നമുക്കൊന്ന് ശ്രമിച്ചു നോക്കാം നമ്മുടെ നാടിന്റെ പുരോഗതിക്കു വേണ്ടി.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കാണുന്ന കോളത്തില്‍ നിങ്ങള്‍ക്കും രേഖപ്പെടുത്താം.