കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, October 23, 2011

നിരവധി വീടുകളില്‍ വെള്ളം കയറി

മുന്നറിയിപ്പില്ലാതെ റെഗുലേറ്റര്‍ ഷട്ടര്‍ അടച്ചു
പാവറട്ടി: ഇടിയഞ്ചിറയില്‍ റെഗുലേറ്ററിന്‍െറ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ അടച്ചു. ഇതുമൂലം തിരുനെല്ലൂരില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വ്യാഴാഴ്ച രാത്രിയാണ് ഇറിഗേഷന്‍ അധികൃതര്‍ ഷട്ടറുകള്‍ താഴ്ത്തിയത്. നിലവില്‍ വെള്ളം പോയിരുന്ന എട്ട് ഷട്ടറുകളില്‍ ഏഴെണ്ണമാണ് അടച്ചത്. ഇതുമൂലം കനാലിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജലം പിന്നീട് തിരുനെല്ലൂരിലേക്ക് വ്യാപിക്കുകയായിരുന്നു.
മേഖലയിലെ പത്തു വീടുകളിലാണ് കാര്യമായി വെള്ളം കയറിയത്. മതിലകത്ത് റഷീദ്, രായംമരക്കാര്‍ വീട്ടില്‍ അഷറഫ്, വലിയകത്ത് മൊയ്തുണ്ണി, പള്ളത്ത് മുഹമ്മദുണ്ണി, പണിക്കവീട്ടില്‍ മുഹമ്മദുണ്ണി, ശങ്കരന്‍ കുളത്തേക്കാട്, ഇബ്രാഹിം തിരുനെല്ലൂര്‍, ആര്‍.കെ. ഹമീദ്കുട്ടി, എം.വി. സെയ്തുമുഹമ്മദ്, വി.കെ. രവി എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. മസ്ജിദ് റോഡിന് പരിസരത്തും വ്യാപകമായി വെള്ളക്കെട്ടുണ്ട്.
ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് ഇതിലെ ചില ഷട്ടറുകള്‍ ഉയര്‍ത്തി. തുടര്‍ന്നാണ് വെള്ളം കുറഞ്ഞത്. എന്നാല്‍, വെള്ളം ഇനിയും പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല. ബദല്‍ സംവിധാനമോ വെള്ളം ഒഴുക്കിക്കളയാന്‍ മറ്റ് മാര്‍ഗമോ തേടാതെയാണ് ഇറിഗേഷന്‍ അധികൃതര്‍ ഷട്ടര്‍ അടച്ചത്. ഷട്ടറിന്‍െറ അറ്റകുറ്റപ്പണിക്കാണ് ഷട്ടര്‍ താഴ്ത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

ഏങ്ങണ്ടിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ‘അത്യാസന്ന നില’യില്‍

വാടാനപ്പള്ളി: ചേറ്റുവ കുന്നത്തങ്ങാടി ഏങ്ങണ്ടിയൂര്‍ സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍  ശോച്യാവസ്ഥയില്‍.   വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ ആശുപത്രി ചോര്‍ന്നൊലിക്കുകയാണ്.  മരുന്ന് കേടുകൂടാതെ സൂക്ഷിക്കാന്‍ ഇടമില്ല.  
സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാല്‍ 15 വര്‍ഷമായി എം.ഇ.എസ് സെന്‍ററിന് കിഴക്ക്  നിലംപൊത്താറായ വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്‍െറ ഒരുഭാഗം മേല്‍ക്കൂര ഷീറ്റ് കൊണ്ടാണ് മറച്ചത്.  ഏതാനും നാള്‍ മുമ്പ് ഷീറ്റ് തകര്‍ത്താണ്  തേങ്ങ ഉള്ളില്‍ പതിച്ചത്. ഭാഗ്യം കൊണ്ടാണ് ജീവനക്കാരും രോഗികളും രക്ഷപ്പെട്ടത്. ചോര്‍ന്നൊലിക്കുന്നതിനാല്‍  മുകളില്‍ ടാര്‍പായ വിരിച്ചിരിക്കുകയാണ്. മരുന്ന് സൂക്ഷിക്കാനും തരമില്ല. വാടകക്കെട്ടിടത്തിലായതിനാല്‍ സര്‍ക്കാറില്‍നിന്ന് അറ്റകുറ്റപ്പണിക്ക് സഹായം ലഭിക്കാറില്ല. ഇതാണ് ശോച്യാവസ്ഥക്ക് കാരണം.
കെട്ടിടം മാറ്റാനുള്ള നടപടി തര്‍ക്കം കാരണം നീണ്ടുപോകുകയാണ്.  കെട്ടിടം മാറ്റാന്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപം സ്ഥലം കണ്ടെത്തിയിരുന്നു. ബി.എല്‍.എസ് ക്ളബിന് സമീപം സ്വകാര്യവ്യക്തി ആറര സെന്‍റ് സ്ഥലം നല്‍കുന്നതിനെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതേസമയം, കുന്നത്തങ്ങാടിയില്‍നിന്ന് ആശുപത്രി മാറ്റുന്നതിനെതിരെ നാട്ടുകാര്‍ ജനകീയ സമിതിക്ക് രൂപം നല്‍കി. വെള്ളിയാഴ്ച കൂടിയ പ്രൈമറി ഹെല്‍ത്ത് സംരക്ഷണ സമിതിക്ക് മുമ്പാകെ ആറുമാസത്തിനകം 20 സെന്‍റ് സ്ഥലം കുന്നത്തങ്ങാടി പ്രദേശത്ത് സൗജന്യമായി നല്‍കുമെന്നും ഭാരവാഹികള്‍  കത്ത് നല്‍കി. ഇത് പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രസിഡന്‍റ് ശുഭാ സുനില്‍ അറിയിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് വേലായുധന്‍ തോരന്‍വീട്ടില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ കെ.ബി. സുധ, ലസിക ടീച്ചര്‍, സതീഷ് പനക്കല്‍, അംഗം ഇ. രണദേവ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബി. സുരേഷ് (സി.പി.എം), കെ.ആര്‍. കൃഷ്ണന്‍ (സി.പി.ഐ), സജീവ് (ബി.ജെ.പി) എന്നിവര്‍ പങ്കെടുത്തു.

പ്രതിപക്ഷ സമരം ജനപിന്തുണ നഷ്ടമാകുമെന്ന ഭയത്താല്‍ - കുഞ്ഞാലിക്കുട്ടി

ചാവക്കാട്: സര്‍ക്കാറിന്‍െറ പ്രകടനം കണ്ട് ജനപിന്തുണ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പ്രതിപക്ഷം സമരങ്ങള്‍ അഴിച്ചുവിടുന്നതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതു കൊണ്ടൊന്നും യു.ഡി.എഫ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്ന പ്രശ്നമില്ല. ജനക്ഷേമകാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് തിരുവത്ര എം.എം. സിദ്ദീഖിന്‍െറ വസതിയില്‍ ചാവക്കാട് ഓണ്‍ ലൈനിന്‍െറ ലോഗോ പ്രകാശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്‍െറ നൂറുദിന കര്‍മ പരിപാടിക്ക് നല്ല ജനപിന്തുണയാണ് ലഭിച്ചത്. ഇത് പ്രതിപക്ഷത്തിന് പ്രഹരമായിട്ടുണ്ട്.
ചേറ്റുവ ടോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കേന്ദ്ര ദേശീയപാത അതോറിറ്റിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും സമരക്കാരുമായി ചര്‍ച്ച നടത്തി പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

നാട്ടിക നിയോജകമണ്ഡലം പ്ളാസ്റ്റിക് മുക്തമാക്കും

വാടാനപ്പള്ളി:  ശുചിത്വ വര്‍ഷത്തിന്‍െറ  ഭാഗമായി നാട്ടിക നിയോജകമണ്ഡലം പ്ളാസ്റ്റിക്മുക്തമാക്കുന്നതിന് നടപടിയാരംഭിച്ചു. ഇതിന്  തളിക്കുളം ബ്ളോക്കില്‍  ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഗീതാ ഗോപി എം.എല്‍.എയെ ചെയര്‍പേഴ്സനായി സംഘടകസമിതി രൂപവത്കരിച്ചു.  
ഒരു വര്‍ഷത്തിനകം നാട്ടികയെ പ്ളാസ്റ്റിക്മുക്തമാക്കാനുള്ള  പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. വീടുകളിലെ പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കുക, കച്ചവടസ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് വില്‍ക്കാതിരിക്കുക തുടങ്ങിയവ ആദ്യപടിയായി നടത്തും. നിയോജകമണ്ഡലം കമ്മിറ്റിയും രൂപവത്കരിക്കും.  ചേര്‍പ്പ്, അന്തിക്കാട്, തളിക്കുളം ബ്ളോക്കുകളുടെ പ്രവര്‍ത്തനം കമ്മിറ്റി വീക്ഷിക്കും. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ബ്ളോക്ക്  കമ്മിറ്റികള്‍ രൂപവത്കരിക്കും. പഞ്ചായത്ത്തലത്തിലും വാര്‍ഡ്തലത്തിലും  സംഘാടകസമിതി  രൂപവത്കരിച്ച് പ്ളാസ്റ്റിക് നിരോധം  ഉറപ്പുവരുത്തും.പ്രധാന കവലകള്‍, വീടുകള്‍,സ്കൂളുകള്‍ എന്നിവിടങ്ങളില്‍  ശുചിത്വം ഉറപ്പാക്കും. മൂന്നുമാസം കൂടുമ്പോള്‍ പരിപാടികള്‍ വിശകലനം ചെയ്യും.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പുകളെ ഏകോപ്പിച്ചാണ്  പ്രവര്‍ത്തനം. ജനപ്രതിനിധികള്‍, ക്ളബ് പ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍,  മുതലായവരുടെ  സേവനവും പ്രയോജനപ്പെടുത്തും.  പ്രവര്‍ത്തനങ്ങള്‍ക്കായി  35 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നാട്ടിക മണ്ഡലത്തിന്‍െറ കീഴില്‍ മൂന്നു ബ്ളോക്കും ഒമ്പതു പഞ്ചായത്തുകളുമാണ് ഉള്ളത്.   സംഘാടക സമിതി യോഗത്തില്‍ ഗീതാഗോപി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ബ്ളോക്ക് പ്രസിഡന്‍റുമാരായ കെ. ദിലീപ് കുമാര്‍ (തളിക്കുളം), ടി.ബി.ഷാജി ( അന്തിക്കാട് ), ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.ആര്‍. വിജയന്‍  (നാട്ടിക ), ബീന അജയഘോഷ് ( വലപ്പാട് ), പി.ആര്‍. സുശീല ടീച്ചര്‍  (താന്ന്യം ) ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, ചേര്‍പ്പ് ബി.ഡി.ഒ രാധാകൃഷ്ണന്‍, തളിക്കുളം ബി.ഡി.ഒ ടി.പി. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ ഇടതുഭരണം കുരങ്ങന് പൂമാല കിട്ടിയതുപോലെ -കെ. സുധാകരന്‍ എം.പി

പാവറട്ടി: കുരങ്ങന്‍െറ കൈയില്‍ പൂമാല കിട്ടിയതുപോലെയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം സ്മാര്‍ട്ട് സിറ്റി പദ്ധതി ഇടതു സര്‍ക്കാറിന്‍െറ കൈയിലെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നുമാസം കഴിയുമ്പോഴേക്കും പദ്ധതിക്ക് തുടക്കമായെന്നും കെ. സുധാകരന്‍ എം.പി. സേവാദള്‍ മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സന്ദേശ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖം പദ്ധതി ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ സ്മാര്‍ട്ട് സിറ്റി പദ്ധതിയും വിഴിഞ്ഞം പദ്ധതിയും ഇടതുപക്ഷ സര്‍ക്കാറിന് തുടങ്ങിയിടത്തു തന്നെ വെക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണലൂര്‍ നിയോജക മണ്ഡലം സേവാദള്‍ ചെയര്‍മാന്‍ എം.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍, ഷാജഹാന്‍ പെരുവല്ലൂര്‍, ഒ.ജെ. ഷാജന്‍, വി. വേണുഗോപാല്‍, ജിനി തറയില്‍, വര്‍ഗീസ് മാനത്തില്‍, ഹമീദ് മാളിയേക്കല്‍, എ.കെ. ഷിഹാബ്, റഷീദ് മതിലകത്ത്, സി.കെ. സിജു, ജാക്സന്‍ കണ്ടാണശേരി എന്നിവര്‍ സംസാരിച്ചു.

യോഗ്യരായ സ്വദേശികളില്ലാത്ത തസ്തികകളില്‍ മാത്രം വിദേശികളുടെ റിക്രൂട്ട്മെന്‍റ്

അബൂദബി: വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കര്‍ശന വ്യവസ്ഥകളടങ്ങുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജി.സി.സി തലത്തില്‍ നടപ്പാക്കും. ഒഴിവുള്ള തസ്തികകളില്‍ യോഗ്യരായ സ്വദേശികളെ ലഭ്യമാകാത്ത സാഹചര്യത്തില്‍ മാത്രമേ ഇതിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നതുള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഇതിലുണ്അബൂദബിയില്‍ കഴിഞ്ഞ ദിവസം നടന്ന ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ യോഗ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് വിദേശികളുടെ റിക്രൂട്ടിങിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നത്. ഇത് ജി.സി.സി രാഷ്ട്രത്തലവന്‍മാരുടെ അടുത്ത ഉച്ചകോടിയില്‍ സമര്‍പിച്ച് അംഗീകാരം വാങ്ങിയ ശേഷമാണ് നടപ്പാക്കുക. മാര്‍ഗനിര്‍ദേശ രേഖ മന്ത്രിതല സമിതി ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റിനാണ് ആദ്യം സമര്‍പിക്കുക. സെക്രട്ടേറിയറ്റ് ഇത് പരിശോധിച്ച് രാഷ്ട്രത്തലവന്‍മാരുടെ സുപ്രീം കൗണ്‍സില്‍ മുമ്പാകെ വെക്കും. സുപ്രീം കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കുക.

യോഗ്യരായ സ്വദേശികളില്ലാത്ത തസ്തികകളില്‍ മാത്രം വിദേശികളുടെ റിക്രൂട്ട്മെന്‍റ്

ആറ് ഗള്‍ഫ് രാജ്യങ്ങളിലെയും സ്വദേശികള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശ രേഖ തയാറാക്കിയത്. അംഗരാജ്യങ്ങള്‍ ഇത് സംയുക്തമായി നടപ്പാക്കും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അംഗരാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തിപ്പെടുത്തുകയും തൊഴില്‍ മേഖലയിലും റിക്രൂട്ടിങ് സംബന്ധിച്ചും യോജിച്ച നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് യു.എ.ഇ തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്വദേശികളുടെ ജോലി സാധ്യത വര്‍ധിപ്പിക്കുന്ന വിധത്തില്‍ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തും. മൂല്യവര്‍ധിതവും ഉയര്‍ന്ന തോതില്‍ നിര്‍മാണാത്മകവുമായ പദ്ധതികള്‍ ആവിഷ്കരിക്കും.

ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യാ സന്തുലിതത്വവും സാമൂഹിക-സാമ്പത്തിക സുരക്ഷയും ഉറപ്പുവരുത്തേണ്ടത് വളരെ അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജനസംഖ്യയിലെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ ഗുരുതരമായ പ്രശ്നമാണ്. ഇത് സ്വദേശീ സംസ്കാരത്തെയും പൈതൃകത്തെയും ബാധിക്കുന്ന കാര്യമാണ്.അവിദഗ്ധ തൊഴിലാളികള്‍ക്ക് പകരം വിദേശത്തുനിന്ന് വിദഗ്ധ തൊഴിലാളികളെ മാത്രം കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കും. ഇതിന്‍െറ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ യോഗ്യതകള്‍ ഏകീകരിക്കാന്‍ തീരുമാനമുണ്ട്. വിദേശികളുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും വിവിധ സിമ്പോസിയങ്ങളില്‍ അവതരിപ്പിക്കാനും യു.എ.ഇ തൊഴില്‍ മന്ത്രി അധ്യക്ഷനായി സ്ഥിരം സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ട്. സ്വദേശിവല്‍ക്കരണത്തിന് ഓരോ രാജ്യവും സ്വീകരിച്ച നടപടികളും ഇതിനായി തയാറാക്കിയ പദ്ധതികളും അബൂദബിയില്‍ ചേര്‍ന്ന യോഗം വിശദമായി അവലോകനം ചെയ്തിരുന്നു.

പ്ലാസ്റ്റിക്കിനെതിരെ മണിയുടെ പോരാട്ടം

ചാവക്കാട്: നഗരസഭയില്‍ പ്ലാസ്റ്റിക് കാരിബാഗ് നിര്‍മാര്‍ജന പോരാട്ടത്തില്‍ മണി ചാവക്കാടിന്റെ കരവിരുത് ശ്രദ്ധേയമാകുന്നു. കലാകാരനായ മണി തുണി വാങ്ങി വീട്ടില്‍ത്തന്നെ സഞ്ചി നിര്‍മിച്ച് ഇരുവശവും സ്വന്തം കൈപ്പടയില്‍ 'പ്ലാസ്റ്റിക് ഉപേക്ഷിക്കൂ...., ഭൂമിയെ രക്ഷിക്കൂ....'എന്ന വാചകം എഴുതിയാണ് പ്ലാസ്റ്റിക് കാരിബാഗ് നിര്‍മാര്‍ജനത്തില്‍ പ്രചാരണം നടത്തുന്നത്. കഴിഞ്ഞദിവസം ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നടത്തിയ മനുഷ്യച്ചങ്ങലയില്‍ മകളുമായി തുണിസ്സഞ്ചിയുയര്‍ത്തിപ്പിടിച്ച് പങ്കെടുത്തിരുന്നു. എവിടെ പോകുമ്പോഴും ഈ തുണിസ്സഞ്ചി മണി കയ്യില്‍ പിടിക്കും. തന്നെ അനുകരിക്കുന്ന നാട്ടുകാര്‍ക്ക് സഞ്ചി നിര്‍മിച്ച് നല്‍കുന്നത് മണിയും ഭാര്യ റാണിയും ചേര്‍ന്നാണ്. 

വില്ലേജ് ഓഫീസറില്ല; ബി.ജെ.പി. മാര്‍ച്ച് നടത്തി

പാവറട്ടി:മുല്ലശ്ശേരിയില്‍ വില്ലേജ് ഓഫീസറില്ലാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാനിന ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ പറമ്പന്തള്ളി അധ്യക്ഷനായി. സര്‍ജു തൊയക്കാവ്, സുധീഷ് മേനോത്ത് പറമ്പില്‍, ജെസ്റ്റിന്‍ ജേക്കബ്, സി.ആര്‍. അഭിമന്യു, പ്രമോദ് ആനേടത്തയില്‍ എന്നിവര്‍ പ്രസംഗിച്ചു.