കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, January 1, 2012

ഒരു കൊതുകുതിരി 100 സിഗരറ്റുകള്‍ക്കു തുല്യമെന്ന് പഠനം


കൊതുകുകളെ തുരത്താന്‍ നിത്യേന നാം ഉപയോഗിക്കുന്ന കൊതുകു തിരികള്‍ പുറത്തുവിടുന്ന പുകശ്വസിക്കുന്നത് നൂറ് സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണെന്ന് പഠനം. വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഭാവിയില്‍ ഇന്ത്യക്കാരില്‍ ശ്വാസകോശാര്‍ബുദം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നൂറ് സിഗരറ്റുകള്‍ വലിക്കുമ്പോള്‍ ശ്വാസകോശത്തെ എത്രത്തോളം ബാധിക്കുന്നു അത്രതന്നെ ഒരു കൊതുകുതിരിയില്‍നിന്നുള്ള വിഷപുകശ്വസിക്കുന്നതുമൂലം ഉണ്ടാകുന്നുവെന്ന് മലേഷ്യയിലെ ചെസ്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സന്ദീപ് സല്‍വി പറയുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'വായുമലിനീകരണവും ആരോഗ്യവും' എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടത്തിയ സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാന റോഡുകള്‍ക്കു സമീപം താമസിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ കണ്ടുവരുന്നതായി സന്ദീപ് പറഞ്ഞു. ഡല്‍ഹിയിലെ ജനസംഖ്യയില്‍ 55 ശതമാനം പേരും പ്രധാന റോഡുകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവരാണ്. ഇവരില്‍ പലരിലും വ്യത്യസ്തങ്ങളായ അസുഖങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം നടക്കേണ്ടതുണ്ടെന്നും സന്ദീപ് സല്‍വി അഭിപ്രയപ്പെട്ടു.