കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Tuesday, August 2, 2011

ജലോത്സവത്തിനു വിപുലമായ ഒരുക്കങ്ങള്‍.

മണലൂര്‍: കണ്ടശ്ശാംകടവ് ജലോല്‍സവ പരിപാടികള്‍ വിപുലമായി നടത്താന്‍ ജലോല്‍സവ സംഘാടക സമിതി തീരുമാനിച്ചു. തിരുവോണ ദിവസം വാടാനപ്പള്ളിയില്‍നിന്ന് കണ്ടശ്ശാംകടവിലേക്ക് ഘോഷയാത്ര, വൈകുന്നേരം ബോട്ട്‌ജെട്ടിയില്‍ സാംസ്‌കാരിക സമ്മേളനം, ഗാനമേള, തുടര്‍ന്ന് രാത്രി വര്‍ണമഴ എന്നിവയും രണ്ടോണ ദിവസം വൈകുന്നേരം കനോലിപുഴയില്‍ ചുണ്ടന്‍വള്ളങ്ങളുടെയും ഇരുട്ടുകുത്തി ചുരുളന്‍വള്ളങ്ങളെയും പങ്കെടുപ്പിച്ച് ജലോല്‍സവം, ഫേ്‌ളാട്ട് മല്‍സരം, നീന്തല്‍ മല്‍സരം, സമാപന സമ്മേളനം എന്നിവ നടത്താനാണ് തീരുമാനം. അഞ്ചുവര്‍ഷം മുടങ്ങിയ ജലോല്‍സവമാണ് ഇത്തവണ മണലൂര്‍ പഞ്ചായത്ത് യോഗം ചേര്‍ന്ന് വീണ്ടുംനടത്താന്‍ തീരുമാനിച്ചത്. പത്തുലക്ഷത്തോളം ചെലവുവരുന്ന പരിപാടിക്ക് തുക കണ്ടെത്താനും ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു.

മണലൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു. പി.എ. മാധവന്‍ എം.എല്‍.എ, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.



Monday, August 1, 2011

മഴ കനത്തു കോടമുക്ക് മുങ്ങി.

വര്‍ഷക്കാലം കനത്തതോടെ കോടമുക്കിലും പരിസര പ്രദേശത്തും വെള്ളം പൊങ്ങി. ഇന്ന് (02/08/2011 ) പുലര്‍ച്ചെ തുടങ്ങിയ മഴയ്ക്ക് ഇതുവരെയും ശമനം ഉണ്ടായിട്ടില്ല.



അടുത്തകാലത്തൊന്നും ഇത്ര ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് പരിസരവാസികളും പറയുന്നു.

നായരങ്ങാടിയില്‍ നിന്നും കോടമുക്കിലേക്കുള്ള റോഡ്‌ ഏകദേശം മുങ്ങിയ നിലയിലാണെന്നും അവിടെ നിന്നുള്ള ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

നല്ലൊരു കാലാവസ്ഥയില്‍ പരിശുദ്ധ റമദാനിനെ സ്വീകരിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് വിശ്വാസികളും നാട്ടുകാരും.

ചേറ്റുവ ടോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച്

ചാവക്കാട്: ചേറ്റുവ ടോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ചേറ്റുവ ടോള്‍വിരുദ്ധ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ മാര്‍ച്ച് നടത്തി.
ടി.എല്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു.
മൂന്നാംകല്ലില്‍നിന്നാരംഭിച്ച മാര്‍ച്ച് ടോള്‍ പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ഉപരോധ സമരത്തില്‍ സുലൈമാന്‍ അധ്യക്ഷനായി. സജീദ് വലിയകത്ത്, പി.കെ. ബഷീര്‍, മൊയ്‌നുദ്ദീന്‍, ഷിഹാബ് തങ്ങള്‍, റഹ്മാന്‍, പി.എ. അഷ്‌ക്കറലി, ആദം തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് ഷറഫുദ്ധീന്‍ മുനക്കക്കടവ്, സി.ഐ. എഡിസണ്‍ എന്നിവര്‍ നേതൃത്വം കെടുത്തു
.

ലഹരിയുടെ ഉപയോഗം രാജ്യപുരോഗതിയെ തകര്‍ക്കുന്നു- പി.കെ. രാജന്‍


പാവറട്ടി: മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം രാജ്യത്തിന്റെ പുരോഗതിയെ തകര്‍ക്കുന്ന ശത്രുവാണെന്ന് ജില്ലാ പഞ്ചായത്തംഗം പി.കെ. രാജന്‍ പറഞ്ഞു. ഉദയം പൂവത്തുര്‍  'മദ്യവും മയക്കുമരുന്നും മാനവരാശിക്കാപത്ത്' എന്ന തലക്കെട്ടില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിനോടനുബന്ധിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യ-ലഹരി വസ്തുക്കളുടെ നിര്‍മാര്‍ജനം  മത സാമൂഹിക  - സാംസ്‌കാരിക  സംഘടനകളുടെ പോരാട്ടം കൊണ്ട് മാത്രമെ  നേടിയെടുക്കാനാവൂ. ഗ്രാമത്തിലെ കുടുംബങ്ങളെ മദ്യത്തിന്റെയും ലഹരിയുടെയും പിടിയില്‍ നിന്ന് മോചിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ഓരോ കുടുംബവും ലഹരി മുക്ത കുടുംബമാവണമെന്നും രാജന്‍ പറഞ്ഞു. മദ്യം വിറ്റ് കിട്ടുന്ന റവന്യൂ വരുമാനം രാജ്യത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഇ.എം. മുഹമ്മദ് അമീന്‍ പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും മദ്യം തൊടില്ലെന്ന് യുവത പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഡോ. പി.എ. സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുല്ലശേരി എ.ഇ.ഒ മദനമോഹനന്‍ രചനാ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ഡോ. അബ്ദുല്ലത്തീഫ്, മുന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഷറഫുദ്ദീന്‍, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് സി.എഫ്. രാജന്‍ എന്നിവര്‍ സംസാരിച്ചു. ജന. കണ്‍വീനര്‍ ആര്‍.പി. റഷീദ് മാസ്റ്റര്‍ സ്വാഗതവും ആര്‍.പി. സിദ്ദീഖ് പാടൂര്‍ നന്ദിയും പറഞ്ഞു.

Sunday, July 31, 2011

വിശുദ്ധ ഖുര്‍ആന്‍

ഈ പരിശുദ്ധ മാസത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഇതാ നിങ്ങള്‍ക്കിവിടെയും സൗകര്യം ഒരുക്കിയിരിക്കുന്നു. അത് ഉപയോഗപ്പെടുത്താന്‍ താഴെ ക്ലിക്കിയാല്‍ മതി.

Saturday, July 30, 2011

ലഹരി വിരുദ്ധ കാമ്പയിന്‍; ഞായറാഴ്ച പൂവത്തൂരില്‍ പൊതുസമ്മേളനം


പാവറട്ടി: നല്ല നാളേക്ക് നാടിന്റെ നന്‍മക്ക് എന്ന തലക്കെട്ടില്‍ ഉദയം പൂവത്തൂര്‍ നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഞായറാഴ്ച പൂവത്തൂരില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ആര്‍.പി.റഷീദ് മാസ്റ്റര്‍, ചെയര്‍മാന്‍ ഡോ. പി.എ. സെയ്തു മുഹമ്മദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ട പരിസമാപ്തി  കൂടിയാണ് പൊതുയോഗം. വൈകുന്നേരം നാലിന് പൂവത്തൂര്‍ കസ്‌വ ഹാളില്‍ ഡോ. സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഇ.എം. മുഹമ്മദ് അമീന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ രചനാ മല്‍സരവിജയികള്‍ക്ക് പി.എ.മാധവന്‍ എം.എല്‍.എ സമ്മാനങ്ങള്‍ നല്‍കും. പട്ടണങ്ങളിലും ഗ്രാമീണ വഴികളിലും പോസ്റ്റര്‍ പതിച്ച് ആരംഭിച്ച പ്രചാരണത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. തുടര്‍ന്ന് സംഘാടകര്‍ 30 കേന്ദ്രങ്ങളില്‍ പൊതുയോഗം സംഘടിപ്പിച്ചു.
ലഘുലേഖ വിതരണം, കാര്‍ട്ടൂണ്‍ പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ രചനാ മല്‍സരത്തില്‍ 258 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇതിനു പുറമെ അധ്യാപകരെയും വിദ്യാര്‍ഥിളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ചര്‍ച്ചയും തിരഞ്ഞെടുത്തവര്‍ക്കായി കൗണ്‍സലിങ്ങും സംഘടിപ്പിച്ചതായി കാമ്പയിന്‍ കമ്മിറ്റിയംഗം എ.വി. ഹംസ മാസ്റ്റര്‍ പറഞ്ഞു.

വലയില്‍ വന്‍ തിരണ്ടി; തീരത്ത് കൗതുകം


വാടാനപ്പള്ളി: ചെറുമീനുകള്‍ പ്രതീക്ഷിച്ച് കടലില്‍ തീരത്തോടടുത്ത് വീശിയ കണ്ടാടി വലയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി. വാടാനപ്പള്ളി ബീച്ച് തറയില്‍ അശോകനും ഷണ്‍മുഖനും ഇട്ട വലയിലാണ് വമ്പന്‍ മത്സ്യം കുടുങ്ങിയത്. തിരമാലയില്‍ കരയോടടുത്താണ് ഇരുവരും മത്സ്യം പിടിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് വാടാനപ്പള്ളി ബീച്ചില്‍ കരയില്‍ നിന്ന് മത്സ്യം പിടിക്കുമ്പോള്‍ വല വലിച്ചപ്പോഴാണ് വലിച്ചു കയറ്റാന്‍ പ്രയാസം നേരിട്ടത്. വലിച്ച് അടുത്ത് എത്തിയപ്പോഴാണ് വലയില്‍ ഭീമന്‍ ചെറുപുള്ളി തെരണ്ടി കുടുങ്ങിയത് കണ്ടത്. ഇതോടെ പാടുപെട്ട് മത്സ്യത്തെ കരക്കുകയറ്റുകയായിരുന്നു. കരയോടടുത്ത് വലയില്‍ തെരണ്ടി കുടുങ്ങുക അപൂര്‍വമാണ്. 60 കിലോ വരുന്ന മത്സ്യം പിന്നീട് കണ്ടശ്ശാംകടവ് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി 3000 രൂപക്ക് വാങ്ങി. ഏതാനും ദിവസം മുമ്പ് ചേറ്റുവയില്‍ വലക്കാര്‍ക്കും ഭീമന്‍ തിരണ്ടിയെ ലഭിച്ചിരുന്നു.