കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Monday, August 1, 2011

ലഹരിയുടെ ഉപയോഗം രാജ്യപുരോഗതിയെ തകര്‍ക്കുന്നു- പി.കെ. രാജന്‍


പാവറട്ടി: മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം രാജ്യത്തിന്റെ പുരോഗതിയെ തകര്‍ക്കുന്ന ശത്രുവാണെന്ന് ജില്ലാ പഞ്ചായത്തംഗം പി.കെ. രാജന്‍ പറഞ്ഞു. ഉദയം പൂവത്തുര്‍  'മദ്യവും മയക്കുമരുന്നും മാനവരാശിക്കാപത്ത്' എന്ന തലക്കെട്ടില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പയിനോടനുബന്ധിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യ-ലഹരി വസ്തുക്കളുടെ നിര്‍മാര്‍ജനം  മത സാമൂഹിക  - സാംസ്‌കാരിക  സംഘടനകളുടെ പോരാട്ടം കൊണ്ട് മാത്രമെ  നേടിയെടുക്കാനാവൂ. ഗ്രാമത്തിലെ കുടുംബങ്ങളെ മദ്യത്തിന്റെയും ലഹരിയുടെയും പിടിയില്‍ നിന്ന് മോചിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ഓരോ കുടുംബവും ലഹരി മുക്ത കുടുംബമാവണമെന്നും രാജന്‍ പറഞ്ഞു. മദ്യം വിറ്റ് കിട്ടുന്ന റവന്യൂ വരുമാനം രാജ്യത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഇ.എം. മുഹമ്മദ് അമീന്‍ പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും മദ്യം തൊടില്ലെന്ന് യുവത പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഡോ. പി.എ. സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുല്ലശേരി എ.ഇ.ഒ മദനമോഹനന്‍ രചനാ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ഡോ. അബ്ദുല്ലത്തീഫ്, മുന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഷറഫുദ്ദീന്‍, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് സി.എഫ്. രാജന്‍ എന്നിവര്‍ സംസാരിച്ചു. ജന. കണ്‍വീനര്‍ ആര്‍.പി. റഷീദ് മാസ്റ്റര്‍ സ്വാഗതവും ആര്‍.പി. സിദ്ദീഖ് പാടൂര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment