കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, October 2, 2011

തളിക്കുളം ബ്ളോക്ക് പഞ്ചായത്തില്‍ 501 വീടുകള്‍ നിര്‍മിക്കും

വാടാനപ്പള്ളി: തളിക്കുളം ബ്ളോക്ക് പഞ്ചായത്തില്‍ 501 വീടുകള്‍ നിര്‍മിക്കാന്‍  തീരുമാനിച്ചു. ഭവന നിര്‍മാണത്തിനും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും ഊന്നല്‍ നല്‍കിയുള്ള ബജറ്റ് വൈസ് പ്രസിഡന്‍റ് സുചിത്രാ രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. ഭവന നിര്‍മാണത്തിന് 44225000 രൂപയും റോഡ് അറ്റകുറ്റപ്പണിക്ക് 7878230 രൂപയും പട്ടികജാതി ക്ഷേമത്തിന് 10339890 രൂപയും വകകൊള്ളിച്ചു.
129031506 രൂപ വരവും 129019950 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബ്ളോക്ക് പ്രസിഡന്‍റ് കെ. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.ബി. ഉണ്ണികൃഷ്ണന്‍, മുനീര്‍ ഇടശ്ശേരി, സജു ഹരിദാസ്, കെ.വി. സുകുമാരന്‍, സി.കെ. കുട്ടന്‍ മാസ്റ്റര്‍, ഷൈലജ രാജന്‍, ജെ. രമാദേവി, മിനി മുരളീധരന്‍, ഷൈജ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ഹാജരുണ്ട്; സ്ഥലത്തില്ല

അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്തോഫിസില്‍ അസി. ഡെപ്യൂട്ടി ഡയറക്ടര്‍ പരിശോധനക്കെത്തിയപ്പോള്‍ ഹാജര്‍ ബുക്കില്‍ ഒപ്പുവെച്ച ഉദ്യോഗസ്ഥന്‍ ഓഫിസില്‍ ഇല്ലാതിരുന്നത് വിവാദമായി. ഉദ്യോഗസ്ഥരെ കുറിച്ച് പ്രസിഡന്‍റ് നല്‍കിയ പരാതി അന്വേഷിക്കാനാണ് അസി. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേമ ജോയ്സി തെളിവെടുപ്പിനെത്തിയത്.  
ബുക്ക് പരിശോധിച്ചപ്പോള്‍ സാജന്‍ ആല്‍ഫ്രഡ് എന്ന ഉദ്യോഗസ്ഥന്‍ ഓഫിസില്‍ ഇല്ലായിരുന്നു. ചിലര്‍ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. 11 ഓടെയാണ് ഓടിക്കിതച്ച് ഉദ്യോഗസ്ഥന്‍ എത്തിയത്.
കാര്യം തിരക്കിയപ്പോള്‍ സിവില്‍ സ്റ്റേഷനില്‍ പോയെന്നാണ് ഇയാള്‍ പറഞ്ഞത്. ഹാജര്‍ ബുക്കില്‍ തലേ ദിവസം ഒപ്പുവെച്ചെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ അസി. ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് മനസ്സിലാക്കി.

അന്തിക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ കാര്‍ഷിക വികസന പദ്ധതി

അന്തിക്കാട്: അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് കാര്‍ഷിക വികസന പാതയിലേക്ക്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോള്‍നിലമുള്ള അന്തിക്കാട് ബ്ളോക്ക് പരിധിയിലെ നെല്‍കൃഷി യന്ത്രവത്കരിച്ച് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ഞാറ് നടുന്നതുമുതല്‍ നെല്ല് വേര്‍തിരിച്ച് കറ്റ കെട്ടുന്നതുവരെയുള്ള പ്രവര്‍ത്തികള്‍ യന്ത്രവത്കരിക്കാന്‍ 28 ലക്ഷത്തിന്‍െറ യന്ത്രങ്ങള്‍ വാങ്ങിക്കഴിഞ്ഞു. പ്രഥമഘട്ടത്തില്‍ ഒരു കോടിയുടെ യന്ത്രങ്ങളാണ് വാങ്ങുക. കാര്‍ഷിക മേഖലയില്‍ സ്ഥിരം തൊഴിലും നെല്ല് ഉല്‍പാദനവും ലക്ഷ്യംവെച്ചാണ് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. 150 പേരുടെ സേന രൂപവത്കരിച്ചു. 43 പേര്‍ക്ക് പരിശീലനം നല്‍കി.
കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ പട്ടിക ജാതി കോളനികളില്‍ കിണര്‍ കുഴിച്ച് കണക്ഷന്‍ നല്‍കി കുടിവെള്ളം ലഭ്യമാക്കാന്‍ ‘സ്വാശ്രയ കുടിവെള്ള പദ്ധതി’ ആവിഷ്കരിച്ചു.
വികലാംഗ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് അറിവും പരിശീലനവും നല്‍കാന്‍ ബഡ്സ് ക്ളാസ്റൂം പദ്ധതി പൂര്‍ത്തിയാകാറായി. വൃദ്ധസദനം പണി പൂര്‍ത്തിയായി. ഈമാസം ആരംഭം കുറിക്കും. ഈവര്‍ഷത്തില്‍ 552 വീടുകള്‍ ബ്ളോക്കിന്‍െറ നേതൃത്വത്തില്‍ നിര്‍മിക്കും. പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ദലിത് കുടുംബങ്ങളിലെ വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കും.
പത്ത് ഏക്കര്‍ സ്ഥലത്ത് ഒൗഷധ സസ്യതോട്ടം പദ്ധതി നടപ്പാക്കിവരുന്നു.
പുഴ സംരക്ഷണത്തിന് കണ്ടല്‍ കാടുകള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയും ആവിഷ്ക്കരിച്ചു. 3000 പശുക്കളെ നല്‍കുന്ന പശുഗ്രാമം പദ്ധതിക്ക് തുടക്കമിട്ടു.
ഭക്ഷ്യ സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് സേന അംഗങ്ങള്‍ക്ക് നല്‍കുന്ന പരിശീനവുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണയോഗം ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ യു.എ.ഇ ഹാളില്‍ സംഘടിപ്പിക്കും. കാര്‍ഷിക സര്‍വകലാശാല അഗ്രികള്‍ച്ചര്‍ റിസര്‍ച് സ്റ്റേഷന്‍ ഹെഡ് പ്രഫ. യു. ജയകുമാര്‍ ക്ളാസെടുക്കും.
അന്തിക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബ്ളോക്ക് പ്രസിഡന്‍റ് ടി.ബി. ഷാജി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ജെ. ജയ്മോന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കസ്തൂര്‍ ഭായ്ദേവന്‍, ബി.ഡി.ഒ ഇന്‍ചാര്‍ജ് ബി. ശാന്താറാം, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബു കൊല്ലാറ, ഗിരിജ വല്ലഭന്‍ എന്നിവര്‍ പങ്കെടുത്തു.

വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാപ്പാന്‍ പിടിയില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനത്താവളം സന്ദര്‍ശിക്കാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കാന്‍ ശ്രമിച്ച ആനപ്പാപ്പാനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മാങ്ങോട് കുന്നശ്ശേരി വീട്ടില്‍ രാമകൃഷ്ണനെയാണ് (46) അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 24നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് രാമകൃഷ്ണന്‍ ഒളിവിലായിരുന്നു. ഒറ്റപ്പാലത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബി.ജെ.പി. വിചാര യജ്ഞം സംഘടിപ്പിച്ചു

പാവറട്ടി:ഭാരതീയ ജനതാപാര്‍ട്ടി മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിചാരയജ്ഞം സംഘടിപ്പിച്ചു. ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു. പാവറട്ടി മഹല്ല് കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള കാക്കശ്ശേരിയ്ക്ക് ഏകാത്മ മാനവദര്‍ശനം എന്ന പുസ്തകം കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജന്‍ നമ്പനത്ത് അധ്യക്ഷനായി.

ഡ്രൈവറെ അറസ്റ്റ് ചെയ്തു

അന്തിക്കാട്:സ്വകാര്യ ബസ്സില്‍നിന്ന് യുവതി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തില്‍ ബസ് ഡ്രൈവറെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുള്ള്-അന്തിക്കാട് വഴി തൃശ്ശൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ഹസീന്‍ ബസ്സിലെ ഡ്രൈവര്‍ മണലൂര്‍ നീണ്ടിയില്‍ വീട്ടില്‍ രാജന്റെ മകന്‍ ഷിജിത്ത് (28) ആണ് അറസ്റ്റിലായത്. അന്തിക്കാട് മേഖലയില്‍ വാതില്‍ അടയ്ക്കാതെ ഓടുന്ന ബസ്സുകള്‍ക്കെതിരെ ചട്ടം കര്‍ശനമാക്കിയതായി അന്തിക്കാട് എസ്‌ഐ എ. ബൈജു പറഞ്ഞു.

അന്തിക്കാട് കോഴിപ്പറമ്പില്‍ ബൈജുവിന്റെ ഭാര്യ ഐശ്വര്യ (22) യാണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടെ അന്തിക്കാട് ആല്‍സ്റ്റോപ്പ് പരിസരത്ത് ബസ്സില്‍ നിന്നും പുറത്തേക്ക് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. വാതില്‍ തുറന്നുവെച്ചാണ് ബസ്സ് ഓടിയിരുന്നത്.