കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 21, 2011

കണ്ടശ്ശാംകടവില്‍ കുടിവെള്ളക്ഷാമം രൂക്ഷം

അന്തിക്കാട്: കണ്ടശ്ശാംകടവ് കരിക്കൊടിയില്‍ കുടിവെള്ളത്തിന് ജനം വലയുന്നു. നാലും അഞ്ചും ദിവസങ്ങള്‍ക്കിടയിലാണ് പൊതുടാപ്പില്‍ വെള്ളമെത്തുന്നത്. അതും പരിമിതമായ തോതില്‍ മാത്രം. വെള്ളവും കാത്ത് പൊതുടാപ്പുകള്‍ക്ക് സമീപം കുടങ്ങളുടെ നിരയായിരിക്കും. കനോലി പുഴയടുത്തായതിനാല്‍ കിണറുകളില്‍ ഉപ്പുവെള്ളമായതാണ് കുടിവെള്ളത്തിന് പൊതുടാപ്പുകളെ ആശ്രയിക്കേണ്ടിവരുന്നത്. കോരിച്ചൊരിയുന്ന മഴയത്തുപോലും പൈപ്പില്‍ വെള്ളം കിട്ടാറില്ല. പ്രദേശത്ത് വെള്ളത്തിന് ഏറെ പ്രയാസപ്പെടുന്നതായി വീട്ടമ്മമാര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ തയാറാകുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

കായലില്‍ വിഷം കലര്‍ത്തി: മത്സ്യങ്ങള്‍ ചത്തുപൊങ്ങി

അന്തിക്കാട്: കാഞ്ഞാണി പെരുമ്പുഴ കായലില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. വിഷം കലര്‍ത്തിയത് അറിയാതെ കായലില്‍ കുളിച്ച കുട്ടിക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടു. കൊല്ലയില്‍ വാസുവിന്‍െറ മകന്‍ വിഷ്ണുവിനാണ് (എട്ട്) ചൊറിച്ചില്‍ ഉണ്ടായത്. പെരുമ്പുഴ കനാലിനോട് ചേര്‍ന്ന മണലൂര്‍ കായലില്‍ മത്സ്യം പിടിക്കുന്നതിന് ലേലം കൊണ്ട് മത്സ്യം പിടിച്ചുവരുന്നതിനിടയില്‍ പെരുമ്പുഴയില്‍ വിഷം കലര്‍ത്തിയതില്‍ ദുരൂഹതയേറുന്നു.

പെരുമ്പുഴ കായലിലെ മത്സ്യം പിടിക്കാന്‍ ലേലം വിളിക്കാറില്ല. പെരുമ്പുഴ കായലില്‍ വിഷം കലര്‍ത്തിയാല്‍ മത്സ്യങ്ങള്‍ രക്ഷപ്പെടാന്‍ നല്ല വെള്ളം ശ്വസിച്ച് കൂട്ടത്തോടെ മണലൂര്‍ കായലില്‍ എത്തും. കൂടുതല്‍ മത്സ്യം കിട്ടാന്‍ വേണ്ടിയാണ് കായലില്‍ വിഷം കലര്‍ത്തിയതെന്നാണ് ആക്ഷേപം.പരിധിയിലും കൂടുതല്‍ അളവില്‍ വിഷം കലര്‍ത്തിയതാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്താന്‍ കാരണം. കരിമീന്‍, കോലാന്‍, കുറുമാട്, പരല്‍ എന്നിവയാണ് ചത്തത്. വലിയ മീനും പാമ്പും ചത്ത് താഴ്ന്ന് കിടക്കുകയാണ്. വിഷം ശ്വസിച്ച് മത്സ്യം വടക്കോട്ട് മണലൂര്‍ കായലിലേക്ക് കനാല്‍ വഴി പായുന്നതും കാണാം. വിഷം ശ്വസിച്ച് പാമ്പുകളും കരക്ക് കയറുകയാണ്.കായലില്‍ വസ്ത്രങ്ങള്‍ കഴുകുന്നത് പ്രദേശവാസികള്‍ നിര്‍ത്തി. പ്രദേശത്തുള്ളവരും വര്‍ക്ക്ഷോപ്പിലെ പണിക്കാരും കുളിക്കുന്നതും വസ്ത്രങ്ങള്‍ കഴുകുന്നതും കായലിലാണ്.എല്ലാവര്‍ഷവും മണലൂര്‍ കായലില്‍ ലേലം കൊണ്ട് മത്സ്യം പിടിക്കുന്ന സമയത്ത് പെരുമ്പുഴകായലില്‍ വിഷം കലര്‍ത്തി മത്സ്യം ചാവുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫ്യുറിഡാന്‍ വിതറിയ പൊതി പാലത്തിനടിയില്‍ നിന്ന് കണ്ടെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് മണലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.എന്‍. സുര്‍ജിത്തും അന്തിക്കാട് പൊലീസും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് പ്രസിഡന്‍റ് സുര്‍ജിത്ത് ആവശ്യപ്പെട്ടു. പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം മണലൂര്‍ കായലില്‍ പിടിച്ച് വില്‍ക്കുന്ന മത്സ്യം വാങ്ങാനും ആളുകള്‍ തയാറാകുന്നില്ല.


പാമ്പ് കടിച്ചത് തിരിച്ചറിയാന്‍ വൈകി; ആന്‍േറാ നൊമ്പരമായി

കണ്ടശ്ശാംകടവ്: പാമ്പ് കടിയേറ്റത് തിരിച്ചറിയാന്‍ വൈകിയത് കണ്ടശ്ശാംകടവ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥി ആന്‍േറാ മോനെ മരണത്തിലേക്ക് നയിച്ചു. ആകസ്മിക മരണം കണ്ടശ്ശാംകടവ് കരിക്കൊടി നിവാസികളെയും സ്കൂളിലെ സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാക്കി.

കുളത്തില്‍ വീണ തേങ്ങ എടുക്കുന്നതിനിടെയാണ് ആന്‍േറായുടെ കാലില്‍ പാമ്പ് കടിച്ചത്. നോക്കിയപ്പോള്‍ മുള്ളാണ് കണ്ടത്. പച്ചിലകള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന് കടിച്ച ശംഖ്വരയന്‍ പാമ്പിനെ കുട്ടി കണ്ടില്ല.

അതിനാല്‍ അടിയന്തര നടപടി എടുക്കാനും ശ്രമിച്ചില്ല. ശംഖ്വരയന്‍ പാമ്പ് കടിച്ചാല്‍ സാവധാനത്തിലാണ് വിഷമേല്‍ക്കുക.

രക്തം വാര്‍ന്നൊലിച്ചതോടെ മുള്ളാണെന്ന് കരുതി ആദ്യം അടുത്തുള്ള ആശുപത്രിയിലാണ് കൊണ്ടുപോയത്. ഏഴര മണിക്കൂറിന് ശേഷം ശക്തിയായ വയറുവേദനയും കടച്ചിലും വന്നപ്പോള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് കടിച്ചത് പാമ്പാണെന്ന് മനസ്സിലായത്. അപ്പോഴേക്കും വിഷം വൃക്കയെ ബാധിച്ചിരുന്നു.

മരണ വിവരമറിഞ്ഞ് പ്രദേശവാസികളും സ്കൂളിലെ സഹപാഠികളും അധ്യാപകരും ഞെട്ടി. തലേ ദിവസം ക്ളാസില്‍ കളിച്ചും ചിരിച്ചും നടന്ന കുട്ടിയുടെ വേര്‍പാട് എല്ലാവരേയും വേദനിപ്പിച്ചു.
മരണ മറിഞ്ഞ് അധ്യാപകരും സഹപാഠികളും കരിക്കൊടിയിലെ വീട്ടിലെത്തി. പി.എ. മാധവന്‍ എം.എല്‍.എ അടക്കം ജനപ്രതിനിധികളും നേതാക്കളും എത്തി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം കണ്ടശ്ശാംകടവ് പള്ളി സെമിത്തേരിയില്‍ നടന്നു.

ബാലനെ തെരുവുനായ കടിച്ചു

ചാവക്കാട്:ഏഴുവയസ്സുകാരനെ തെരുവുനായ കടിച്ചു. മണത്തല പണ്ടാരത്തില്‍ ഹാഷിമിന്റെ മകന്‍ നബീറിനെയാണ് തെരുവുനായ കടിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് വീട്ടില്‍നിന്നു ട്യൂഷനു പോകുമ്പോള്‍ നായ നബീറിന്റെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി. ബ്ലാങ്ങാട് എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മണത്തല പള്ളിത്താഴത്തും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്.

കൃഷിയിലൂടെ ഇവര്‍ നേടിയത് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം

ചാവക്കാട്: സ്ത്രീശാക്തീകരണ മേഖലയിലെ ഫലപ്രദമായ ഇടപെടലിനുള്ള അംഗീകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിലൂടെ ചാവക്കാട് നഗരസഭാ കുടുംബശ്രീ യൂണിറ്റ് നേടിയിരിക്കുന്നത്. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിലെ വനിതകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരണയും കരുത്തുമായ മികച്ച പ്രവര്‍ത്തനങ്ങളാണ് നഗരസഭാ കുടുംബശ്രീക്ക് അംഗീകാരമായത്.

കൃഷി, കന്നുകുട്ടി പരിപാലനം, കച്ചവടം, മികച്ച വായ്പാപദ്ധതികളുമായി മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയത്. സ്ത്രീകളുടെ നേതൃത്വത്തില്‍ വാഴ, കപ്പ, കൂര്‍ക്ക കൃഷിയും ചാവക്കാടിന്റെ ഉപ്പുരസമുള്ള മണ്ണില്‍ നെല്‍കൃഷിയില്‍ നൂറുമേനിയും കൂട്ടായ്മയുടെ കരുത്തില്‍ ഇവര്‍ തീര്‍ത്തു.

ദുര്‍ബലമായ 55 യൂണിറ്റുകളില്‍നിന്നും ഇപ്പോള്‍ 213 മെച്ചപ്പെട്ട യൂണിറ്റുകളായി വളര്‍ന്നു. നല്ല വിളവ് നേടിയാല്‍ മാത്രം പോരെന്നും മികച്ച വില ലഭിക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവിലാണ് നഗരസഭയുടെ സഹകരണത്തോടെ മാസച്ചന്തകള്‍ നടത്തുന്നത്. എല്ലാ മാസവും അഞ്ച് മുതല്‍ 10 വരെ നടത്തുന്ന മാസച്ചന്തയില്‍ വില്‍ക്കാന്‍ കഴിയുംവിധം കൃഷിയെ ചിട്ടപ്പെടുത്താനും ഇവര്‍ക്കായി. നഗരസഭയിലെ 200ലധികം പേരെ 'ആടും കൂടും' പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ആടുകളും അവയ്ക്കുള്ള കൂടും നല്‍കി വനിതകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പ് വരുത്താനും ഇവര്‍ക്കായി. വിവിധ ബാങ്കുകളുടെ സഹായത്തോടെ 100 ശതമാനം ലിങ്കേജ് വായ്പയും തരപ്പെടുത്തി.

നഗരസഭാ വിലയിരുത്തല്‍ സമിതി കൃത്യമായി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ചെയര്‍മാന്‍ എ.കെ.സതീരത്‌നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് എന്നിവരും വകുപ്പ്തലവന്മാരും അടങ്ങുന്നതാണ് സമിതി. സര്‍ക്കാരിന്റെ അവാര്‍ഡ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മികവാര്‍ന്നതാക്കാനാകുമെന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പ്രീജ ദേവദാസ് പറഞ്ഞു. 2.75 ലക്ഷം രൂപയും ഷീല്‍ഡും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മെമ്പര്‍ സെക്രട്ടറിയായി എ. സിന്ധുവും അക്കൗണ്ടന്റായി ലിജി മനോജുമാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.

ചാവക്കാട് നഗരം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ നടപടി തുടങ്ങി

ചാവക്കാട്: ചാവക്കാട് നഗരസഭയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് കാരിബാഗ് നിര്‍മാര്‍ജന പദ്ധതിക്ക് തുടക്കമായി.

പ്ലാസ്റ്റിക് കാരിബാഗ് വിരുദ്ധ പ്രതിജ്ഞ, പ്രകൃതി സംരക്ഷണ മനുഷ്യച്ചങ്ങല, ഘോഷയാത്രകള്‍, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങി ഒട്ടനവധി പരിപാടികള്‍ക്ക് രൂപം നല്‍കി. കൈവശമുള്ള കാരിബാഗുകള്‍ ഒഴിവാക്കുന്നതിന് വ്യാപാരികള്‍ക്ക് രണ്ടു മാസത്തെ കാലാവധി നല്‍കിയിരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ഒക്ടോബര്‍ രണ്ടിന് പ്ലാസ്റ്റിക് കാരിബാഗ് നിരോധനം നിലവില്‍വരും. നവംബര്‍ ഒന്നിന് നഗരസഭയെ പൂര്‍ണ്ണ പ്ലാസ്റ്റിക് കാരിബാഗ് നിരോധിതനഗരമായി പ്രഖ്യാപിക്കും. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം അധ്യക്ഷയായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. മനോജ് ക്ലാസെടുത്തു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.കെ. സുധീരന്‍, പി.വി. സുരേഷ്‌കുമാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ്, എം.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.കെ. സതീരത്‌നം ചെയര്‍മാനായും മാലിക്കുളം അബ്ബാസ് കണ്‍വീനറായും 501 അംഗ കമ്മിറ്റി രൂപവത്കരിച്ചു

കുടിവെള്ളക്കിണര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു

പാവറട്ടി:കുടിവെള്ളക്ഷാമം രൂക്ഷമായ പാവറട്ടി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കോണ്‍വെന്റ് റോഡിനു സമീപം പൊതുകിണര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. കിണറും പരിസരവും വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുകയാണ്. തരകന്‍ മാത്യു സൗജന്യമായി നല്‍കിയ രണ്ടേകാല്‍ സെന്റ് സ്ഥലത്താണ് കിണര്‍ നിര്‍മാണം ആരംഭിച്ചത്.

2000-2005 കാലഘട്ടത്തിലാണ് നിര്‍മാണപ്രവര്‍ത്തനം നടന്നത്. പൈങ്കണ്ണിയൂര്‍, കൈതമുക്ക് മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരുന്നത്. ഏകദേശം മൂന്നുലക്ഷത്തോളം രൂപ കിണര്‍ നിര്‍മാണത്തിനായി ചെലവഴിച്ചു.

10 കോലോളം അടിയില്‍ കിണര്‍ താഴ്ത്തി, ചെളി കണ്ടെന്നു പറഞ്ഞ് പണി നിര്‍ത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്നു വന്ന ഭരണസമിതികള്‍ കിണറിന്റെ പണി പൂര്‍ത്തിയാക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ വേനലില്‍ ടാങ്കറില്‍ കുടിവെള്ളം വിതരണം ചെയ്തതിനെത്തുടര്‍ന്ന് ഭരണസമിതിക്കെതിരെ വിവാദമുണ്ടായതാണ്. കുടിവെള്ളം പലപ്പോഴും പാവറട്ടി പഞ്ചായത്ത് നിവാസികള്‍ക്ക് കിട്ടാക്കനിയായി മാറുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ആരംഭിച്ച കുടിവെള്ളപദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചത്.