കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Thursday, September 15, 2011

ഏങ്ങണ്ടിയൂരില്‍ പ്രാഥമികാരോഗ്യ കേന്ദ്രം: പഞ്ചായത്ത് യോഗത്തില്‍ ബഹളം; ഇറങ്ങിപ്പോക്ക്

ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂരില്‍ പ്രാഥമികാരോഗ്യകേന്ദ്രം നിര്‍മിക്കാനുള്ള സ്ഥലം സംബന്ധിച്ച ചര്‍ച്ചയില്‍ പഞ്ചായത്ത് യോഗത്തില്‍ ബഹളവും യു.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കും. ബി.എല്‍.എസ് ക്ളബിന് സമീപം ഡി.സി.സി അംഗം മനോജ് തച്ചപ്പുള്ളി സൗജന്യമായി നല്‍കിയ സ്ഥലത്ത് ആശുപത്രി നിര്‍മിക്കാന്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹളവും ഇറങ്ങിപ്പോക്കും. പ്രീത, വീനിത, സുമയ്യ സിദ്ദീഖ്, എ.സി. സജീവ്, സിന്ധു ജയപ്രകാശ്, കെ. എ. അജിത എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്.


ഏതാനും മാസം മുമ്പ് മനോജ് തച്ചപ്പുള്ളിയുടെ കാര്‍ കത്തിച്ച സംഭവത്തില്‍ ഒത്തുതീര്‍പ്പിന്‍െറ ഭാഗമായി ബി.എല്‍.എസ്. ക്ളബിന് സമീപം ആറര സെന്‍റ് സ്ഥലം മനോജിന് നല്‍കിയിരുന്നു. ഈ സ്ഥലം പഞ്ചായത്തിന് സൗജന്യമായി നല്‍കാമെന്നും ഇവിടെ ആശുപത്രി നിര്‍മിക്കാന്‍ തീരുമാനമെടുക്കണമെന്നും കാണിച്ച് മനോജ് പഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നു.
ബുധനാഴ്ച നടന്ന യോഗത്തില്‍ വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍, വെള്ളക്കെട്ടുള്ള സ്ഥലത്ത് ആശുപത്രി പണിയുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അനുമതി നല്‍കിയില്ളെന്ന് പ്രസിഡന്‍റ് ശുഭാസുനില്‍ പറഞ്ഞു. ചേറ്റുവ തെക്ക് ആയുര്‍വേദ ആശുപത്രിക്ക് സമീപം കണ്ടെത്തിയ വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കാന്‍ തീരുമാനമെടുക്കണമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പ്രീത ഇത് ചോദ്യം ചെയ്തു. തന്‍െറ വാര്‍ഡിലെ മനോജിന്‍െറ സ്ഥലത്ത് ആശുപത്രി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനമെടുക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. ഇതോടെ ബഹളമായി. പ്രീത ഇറങ്ങിപ്പോവുകയാണെന്ന് അറിയിച്ചു.

എന്നാല്‍ യു.ഡി.എഫിലെ മറ്റ് അംഗങ്ങള്‍ ഇറങ്ങിപ്പോകാന്‍ തയാറായില്ല. ഇതോടെ പ്രീതയും ഇരുന്നു. അജണ്ട കഴിയാറായപ്പോള്‍ പുറത്ത് നിന്നിരുന്ന കോണ്‍ഗ്രസ് നേതാക്കാള്‍ ഫോണില്‍ അംഗം സജീവനെ പുറത്തേക്ക് വിളിച്ച് എല്ലാവരും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇറങ്ങിപ്പോക്ക്. അജണ്ട കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ വീണ്ടും യോഗത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ പുറത്ത് മുദ്രാവാക്യം വിളിച്ചു. വി.കെ. പീതാംബരന്‍, മനോജ് തച്ചപ്പുള്ളി, എന്‍. പി. സുലൈമാന്‍ ഹാജി, അബ്ദുല്ലത്തീഫ് ഹാജി, അക്ബര്‍ ചേറ്റുവ എന്നിവര്‍ നേതൃത്വം നല്‍കി. വിവരമറിഞ്ഞ് വാടാനപ്പള്ളി എസ്.ഐ സന്ദീപിന്‍െറ നേതൃത്വത്തില്‍ പൊലീസും എത്തി.
അതേസമയം, ബി.എല്‍.എസ് ക്ളബിന് സമീപം വെള്ളക്കെട്ടുള്ള സ്ഥലത്താണ് ആശുപത്രി നിര്‍മിക്കാന്‍ പ്രീതയും ചില കോണ്‍ഗ്രസ് നേതാക്കളും പിടിവാശികാണിക്കുകയാണെന്ന് പ്രസിഡന്‍റ് ശുഭാസുനില്‍, വൈസ്പ്രസിഡന്‍റ്, വേലായുധന്‍, കെ.ബി. സുധ, സതീഷ് പനക്കല്‍, പി.കെ. ഗോപി എന്നിവര്‍ ആരോപിച്ചു.

ഇവിടെ ആശുപത്രി നിര്‍മിക്കാന്‍ ഡി.എം.ഒയുടെ അനുമതി ഇല്ല. ഡി.എം.ഒ പരിശോധിച്ചാണ് തീരുമാനമെടുത്തത്. മനോജ് നല്‍കുന്ന സ്ഥലത്ത് ഹോമിയോ ആശുപത്രി നിര്‍മിക്കുമെന്നും എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ പറഞ്ഞു.

പഞ്ചായത്തില്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ ആശുപത്രി ചേറ്റുവ കുന്നത്തങ്ങാടിയിലെ ചോര്‍ന്നൊലിക്കുന്ന വാടകകെട്ടിടത്തിലാണ്. ഇതോടെയാണ് കെട്ടിടം നിര്‍മിക്കാന്‍ സ്വന്തമായി സ്ഥലം കണ്ടെത്താന്‍ പഞ്ചായത്ത് തീരുമാനിച്ചത്. എന്നാല്‍ തുടക്കത്തിലേയുള്ള ബഹളം കെട്ടിട നിര്‍മാണത്തെ ബാധിക്കാനിടയുണ്ട്.

ഡോക്ടറുടെ മുന്നില്‍ കുഴഞ്ഞ് വീണുമരിച്ചു

മുല്ലശേരി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവ് ഡോക്ടര്‍ പരിശോധിക്കവെ, കുഴഞ്ഞ് വീണ് മരിച്ചു. മുല്ലശേരി താണവീഥി നടുവില്‍പുരക്കല്‍ ഉണ്ണിരിയുടെ മകന്‍ ബാബുവാണ്(49) മരിച്ചത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വാഹനമോടിച്ച് മുല്ലശേരി സി.എച്ച്.സിയില്‍ എത്തിയതായിരുന്നു ഇദ്ദേഹം. ഏങ്ങണ്ടിയൂര്‍ ബ്ളിസ് ഹോട്ടല്‍ ജീവനക്കാരനാണ്. ഭാര്യ: റെനി. മക്കള്‍: അര്‍ച്ചന, അഭിജിത്ത്. സഹോദരങ്ങള്‍: വാസു, ചന്ദ്രന്‍, വേണു, ലീല, സുമംഗല.

രണ്ടിടത്ത് വാഹനാപകടം; നാല് പേര്‍ക്ക് പരിക്ക്

കാഞ്ഞാണി:തൃശ്ശൂര്‍-വാടാനപ്പള്ളി സംസ്ഥാനപാതയില്‍ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. കണ്ടശ്ശാംകടവ് പാലത്തിലുണ്ടായ അപകടത്തില്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. കണ്ടശ്ശാംകടവ് കോണ്‍വെന്റ് സ്‌കൂളിലേക്ക് മക്കളെ കൊണ്ടുവിടാനെത്തിയ വാടാനപ്പള്ളി പണിക്കവീട്ടില്‍ അസീസിന്റെ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. അസീസിനെ കൂടാതെ മക്കളായ മെഹനാസ് (13), മിഥിലാല്‍ (9) എന്നിവരെ പരിക്കുകളോടെ ഒളരി മദര്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മെഹനാസിന്റെ പരിക്ക് ഗുരുതരമാണ്. അമിതവേഗത്തിലെത്തിയ സ്വകാര്യബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയിലിടിച്ചു.

പാലത്തിന്റെ കൈവരികള്‍ക്കിടയിലും ബസ്സിനുമിടയില്‍പ്പെട്ട് ഓട്ടോറിക്ഷ തകര്‍ന്നു. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നെങ്കില്‍ ഓട്ടോറിക്ഷ അസീസും മക്കളുമടക്കം 25 അടിയോളം താഴ്ചയുള്ള കനോലി കനാലില്‍ വീഴും. ഓടിയെത്തിയ നാട്ടുകാരാണ് ഓട്ടോയിലുള്ളവരെ ആസ്​പത്രിയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ 9 നായിരുന്നു അപകടം.

രാവിലെ 6.30 ന് എറവ് ആറാംകല്ലില്‍വെച്ച് റോഡില്‍ തെന്നിവീണാണ് ബൈക്ക് യാത്രക്കാരന്‍ ടിപ്പര്‍ലോറിക്കടിയില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ മുല്ലശ്ശേരി കൊട്ടിലില്‍ സുബിനെ ഒളരിക്കര മദര്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല
.


മെഡിക്കല്‍ കോളേജ് ആസ്‌പത്രി മോര്‍ച്ചറിയിലെ മൃതദേഹത്തില്‍ എലി കടിച്ച പാടുകള്‍

തൃശ്ശൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആസ്​പത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ മുഖത്ത് എലി കടിച്ച പാടുകള്‍. പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളും നാട്ടുകാരും മൃതദേഹത്തിലെ മുറിപ്പാടുകള്‍ കണ്ട് മോര്‍ച്ചറിക്കു മുന്നില്‍ ബഹളമുണ്ടാക്കി.

ചൂരക്കാട്ടുകര ഇട്ടാവളപ്പില്‍ രാജേഷിന്റെ ഭാര്യ രമ്യയുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഗവ. മെഡിക്കല്‍ കോളേജ് ആസ്​പത്രിയുടെ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിരുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പുറത്തെടുത്തപ്പോള്‍ ഇടതു കവിളിന്റെ ഭാഗത്ത് നിന്നും മൂക്കിന്റെ വശത്തുനിന്നും മാംസം നഷ്ടപ്പെട്ട രീതിയിലാണ് കണ്ടത്. ചൊവ്വാഴ്ച പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ ഇങ്ങനെയുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം മാറ്റിവെച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമായി ഒട്ടേറെ പേര്‍ മോര്‍ച്ചറിക്ക് മുന്നില്‍ തടിച്ചുകൂടി. പേരാമംഗലം പോലീസും സ്ഥലത്തെത്തി.

മൃതദേഹത്തില്‍നിന്ന് മാംസഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടും ഉത്തരവാദപ്പെട്ടവര്‍ സ്ഥലത്തെത്താതിരുന്നതും വ്യക്തമായ മറുപടി പറയാതിരുന്നതും നാട്ടുകാരെ പ്രകോപിപ്പിച്ചു. മൃതദേഹത്തോട് തികഞ്ഞ അവഗണനയും അനാദരവുമാണ് ആസ്​പത്രി അധികൃതര്‍ കാണിച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്നവര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഉറപ്പിനെത്തുടര്‍ന്ന് നാട്ടുകാര്‍ ശാന്തരായി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം 12.15ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.മോര്‍ച്ചറിയിലെ ഫ്രീസറില്‍ എലി കയറിയിട്ടുണ്ടാകാമെന്ന സംശയമാണ് ആസ്​പത്രി അധികൃതര്‍ക്കുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുമ്പോഴേ ഇതിലെ അവ്യക്തത നീങ്ങുകയുള്ളൂ. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം തലവന്‍, അനാട്ടമി വിഭാഗം തലവന്‍, ആര്‍.എം.ഒ. എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെ പ്രിന്‍സിപ്പല്‍ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മോര്‍ച്ചറിയിലും ഫ്രീസറിലും എലി കയറുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് ഫ്രീസര്‍ സ്ഥാപിച്ച കമ്പനിയോടും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരോടും സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫോറന്‍സിക് വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ. കെ. പ്രവീണ്‍ലാല്‍ പറഞ്ഞു.

വെബ് ക്യാമറ ഉപയോഗിച്ച് ദിവസം മുഴുവന്‍ മോര്‍ച്ചറിയില്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് മനുഷ്യരാരും മോര്‍ച്ചറിയില്‍ കടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.