കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Saturday, September 3, 2011

ഇരട്ടമരണത്തില്‍ വിങ്ങിപ്പൊട്ടി തെക്കന്‍ പാലയൂര്‍

ചാവക്കാട്: കളിക്കൂട്ടുകാരന്‍െറയും അച്ഛന്‍െറയും ചേതനയറ്റ ശരീരത്തിനുമുന്നില്‍ സഹപാഠികള്‍ വിങ്ങിപ്പൊട്ടി. തെക്കന്‍ പാലയൂരില്‍ ഷോക്കേറ്റ് മരിച്ച വാസുദേവിനും അച്ഛന്‍ സുധീഷിനും അന്ത്യോപചാരമര്‍പ്പിക്കാന്‍ പാലയൂര്‍ സെന്‍റ് തോമസ് എല്‍.പി.സ്കൂളിലെ വിദ്യാര്‍ഥികളെത്തിയപ്പോഴാണ് വികാരനിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ സഹോദരന്‍മാരോടൊപ്പം മുറ്റത്ത് പൂക്കളമിട്ട് അച്ഛനോടൊപ്പം സൈക്കിളില്‍ സ്കൂളിലേക്ക് പോയ വാസുദേവിന്‍െറയും കൂലിപ്പണിയെടുത്ത് തന്‍െറ കുടുംബം പുലര്‍ത്തിപ്പോന്നിരുന്ന സുധീഷിന്‍െറയും മരണം വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു തെക്കന്‍ പാലയൂര്‍ ഗ്രാമം. സാധാരണ ഓട്ടോയില്‍ സ്കൂളില്‍ പോകാറുള്ള വാസുദേവ് വ്യാഴാഴ്ച നേരം വൈകിയതിനാലാണ് അച്ഛനോടൊപ്പം സൈക്കിളില്‍ പോകാന്‍ കാരണം. നേരത്തെ ഗള്‍ഫിലായിരുന്ന സുധീഷ് മൂന്ന് മാസമായി നാട്ടില്‍ നിര്‍മാണ തൊഴിലാളിയായി കഴിയുകയായിരുന്നു. വീണ്ടും ഗള്‍ഫില്‍ പോയി കുടുംബം കരകയറ്റണമെന്ന സ്വപ്നവുമായി കഴിയുമ്പോഴാണ് ദുരന്തം കുടുംബത്തെ തേടിയെത്തിയത്. വാസുദേവിന്‍െറ മരണത്തെത്തുടര്‍ന്ന് പാലയൂര്‍ സെന്‍റ് തോമസ് എല്‍.പി. സ്കൂളിന് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധി നല്‍കി. ഓണാഘോഷ പരിപാടികളും റദ്ദാക്കി.

തൃത്തല്ലൂരില്‍ 100 ഓളം വീടുകള്‍ വെള്ളത്തില്‍

വാടാനപ്പള്ളി: തോരാമഴയില്‍ തൃത്തല്ലൂരില്‍ 100 ഓളം വീടുകള്‍ വെള്ളത്തിലായി. കുടുംബങ്ങള്‍ ദുരിതത്തില്‍. ആശുപത്രിക്ക് പടിഞ്ഞാറുള്ള വീട്ടുകാരാണ് വെള്ളക്കെട്ടിലായത്.ജൂണ്‍ ആദ്യവാരം മുതലാണ് മഴയില്‍ അരക്കൊപ്പം വെള്ളം ആയത്.
പ്രദേശത്തെ ഷണ്‍മുഖന്‍ എന്നയാള്‍ മരണപ്പെട്ടതോടെ സംസ്കരിക്കാനും കര്‍മങ്ങള്‍ നടത്താനും വീട്ടുമുറ്റത്ത് സാധിച്ചില്ല.അഞ്ച് ദിവസം മുമ്പ് വെള്ളം നേരിയതായി വറ്റിയെങ്കിലും ചളി നിറഞ്ഞിരുന്നു. മൂന്ന് ദിവസമായി തുടരുന്ന മഴയിലാണ് പ്രദേശം വീണ്ടും വെള്ളത്തിലായത്. കക്കൂസുകള്‍ നിറഞ്ഞ് ഒഴുകുന്നതിനാല്‍ രോഗ ഭീഷണിയിലാണ്. വെള്ളം നിറഞ്ഞ് വീട്ടുകാര്‍ക്ക് കാലില്‍ വ്രണം നിറഞ്ഞിട്ടും ആരോഗ്യ വകുപ്പ് അധികൃതരോ പഞ്ചായത്ത് അധികൃതരോ തിരിഞ്ഞുനോക്കിയില്ളെന്നാണ് കുടുംബാംഗങ്ങളുടെ പരാതി.

വാടാനപ്പള്ളയിലും പൊക്കാഞ്ചേരിയിലും കടലേറ്റം; 25-ഓളം തെങ്ങുകള്‍ കടപുഴകി; എം.എല്‍.എ.യുടെ കാര്‍ സ്ത്രീകള്‍ തടഞ്ഞു

വാടാനപ്പള്ളി: വാടാനപ്പള്ളി പൊക്കാഞ്ചേരി കടപ്പുറത്ത് ശക്തമായ കടലേറ്റം 25-ഓളം തെങ്ങുകള്‍ കടപുഴകി. പൊക്കാഞ്ചേരിയില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ തെക്കുഭാഗത്ത് 50 മീറ്ററോളം കര കടലടെുത്തു. റിസോര്‍ട്ടിനും സമീപത്തെ വീടിനുമിടയില്‍ കടല്‍വെള്ളം ഇരച്ചുകയറി തോട് രൂപപ്പെട്ടു. താഴ്ന്ന ഭാഗത്തുള്ള വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് കടലേറ്റം തുടങ്ങിയത്.

കടലേറ്റ ബാധിത പ്രദേശങ്ങള്‍ പി.എ. മാധവന്‍ എം.എല്‍.എ. സന്ദര്‍ശിച്ചു. വൊക്കാഞ്ചേരി ഭാഗത്ത് സ്ത്രീകള്‍ എം.എല്‍.എ.യുടെ വാഹനം തടഞ്ഞുനിര്‍ത്തി പരാതി പറഞ്ഞു. കടലേറ്റത്തില്‍നിന്ന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ എം.എല്‍.എ.യുടെ വാഹനം തടഞ്ഞത്. പ്രശ്‌നം പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.

വാടാനപ്പള്ളി ബീച്ചിലും നാട്ടുകാര്‍ എം.എല്‍.എയു.ടെ മുന്നില്‍ പരാതി പറഞ്ഞു. അധികാരികള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതാണ് പ്രശ്‌നപരിഹാരം വൈകാന്‍ കാരണമെന്ന് എം.എല്‍.എ. പറഞ്ഞു.

കഴിഞ്ഞ കടലേറ്റ സമയത്ത് മണല്‍ച്ചാക്കുകള്‍ നല്‍കാമെന്ന് കളക്ടര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതായി വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ് പറഞ്ഞു.

യൂണിഫോം വിതരണം

മുല്ലശ്ശേരി: എസ്.ബി.ടി. മുല്ലശ്ശേരി ശാഖയുടെ സമന്വയം സോഷ്യല്‍ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഹിന്ദു യു.പി. സ്‌കൂളില്‍ സൗജന്യ യൂണിഫോം വിതരണം സംഘടിപ്പിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഭരതന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ കുഞ്ഞാപ്പു യൂണിഫോം വിതരണോദ്ഘാടനം നടത്തി. എസ്.ബി.ടി. എജിഎം കൃഷ്ണദാസ് പദ്ധതി വിശദീകരണം നടത്തി. ഉഷ വേണു, കെ. വേണുഗോപാല്‍, പി.ആര്‍. സുനില്‍കുമാര്‍, സതീദേവി വിജയരാഘവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

മഴയില്‍ വീട് തകര്‍ന്നുവീണു; പിഞ്ചു കുഞ്ഞടക്കം നാലുപേര്‍ അല്ഭുതകരമായി രക്ഷപ്പെട്ടു

വാടാനപ്പള്ളി:തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനുള്‍പ്പെടെ നാലുപേര്‍ അല്ഭുതകരമായി രക്ഷപ്പെട്ടു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി കിഴക്ക് ചിറയത്ത് ജോസ്, ഭാര്യ റോസിലി, ഇവരുടെ മകള്‍ ഷെല്‍വിയുടെ രണ്ടുവയസ്സുള്ള മകന്‍ ആദിത്ത്, മറ്റൊരു മകള്‍ ഷില്‍വിയുടെ മകള്‍ ആല്‍ഫി (7) എന്നിവരാണ് രക്ഷപ്പെട്ടത്. ആദിത്തിനെ തകര്‍ന്ന വീടിനടിയില്‍നിന്ന് വീട്ടുകാരും സമീപവാസികളും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് വീട് തകര്‍ന്നത്. നാലുപേരും വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ആദിത്ത് ഒഴികെയുള്ളവര്‍ വീട് തകര്‍ന്നു വീഴുന്നതിനിടെ പുറത്തുകടന്നു.

കടല്‍ക്ഷോഭം; വീടുകളും ടെറസ്സ് കെട്ടിടവും തകര്‍ന്നു

ചേറ്റുവ:അഞ്ചങ്ങാടി പോത്തുംകടവ് ഭാഗത്ത് ചിന്നക്കല്‍ മുഹമ്മദ്‌മോന്റെ വീട് പൂര്‍ണമായി തകര്‍ന്നു. പുഴങ്ങര അബ്ദുറഹിമാന്റെ രണ്ട് ടെറസ്സ് കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഇവരുടെ നിരവധി തെങ്ങുകളും സ്ഥലവും കടലെടുത്തു. ആനാംകാവില്‍ പൂവി പനക്കല്‍ നാരായണന്‍, വലിയകത്ത് അസീസ്, ചാലില്‍ തൂമ്പന്‍ മൊയ്തുണ്ണിയുടെ ഭാര്യ പാത്തുമ്മു കാര്യാട്ട്, റുക്കിയ അമ്പലത്തുവീട്ടില്‍, ആമിന എന്നിവരുടെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്.

ആനന്തവാടി വളവില്‍ ശക്തിയായ തിരമാലയില്‍ കാറ്റാടിത്തൈകള്‍ നശിച്ചു. മൂന്ന് പള്ളികളും ഒരു ക്ഷേത്രവും കടലാക്രമണ ഭീഷണിയിലാണ്.

അഞ്ചങ്ങാടി വളവില്‍ 25 വര്‍ഷമായി തകര്‍ന്ന കടല്‍ഭിത്തികള്‍ പുതുക്കിപ്പണിയാന്‍ നടപടി ആയിട്ടില്ല. കടല്‍ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ ചേറ്റുവ അഴിമുഖത്തുനിന്നുള്ള തുറമുഖം റോഡും മുനക്കക്കടവുമുതല്‍ ബ്ലാങ്ങാട് വരെയുള്ള അഹമ്മദ് കുരിക്കള്‍ റോഡും കടലെടുത്ത് പോകുന്ന സ്ഥിതിയിലാണ്.