കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 28, 2011

തൈകള്‍ വാഗ്ദാനം ചെയ്ത സ്ത്രീ പണവുമായി മുങ്ങി

വാടാനപ്പള്ളി: തേക്ക് - തെങ്ങിന്‍ തൈകളും ചെടികളും നല്‍കാമെന്ന് പറഞ്ഞ് തീരദേശത്തുനിന്ന് വ്യാപകമായി പണം തട്ടിയെടുത്ത് സ്ത്രീ മുങ്ങി. വെള്ളാനിക്കര വനിത അഗ്രികള്‍ച്ചറല്‍ ഫാമിന്‍െറ പേരിലാണ് പണം തട്ടിയത്.
ഗണേശമംഗലം പണിക്കവീട്ടില്‍ പി.പി. ജമാലില്‍നിന്ന് 2000രൂപയാണ് സ്ത്രീ തട്ടിയെടുത്തത്. കഴിഞ്ഞ പതിനൊന്നിനാണ് 45 വയസ്സ് തോന്നിക്കുന്ന സ്ത്രീ ജമാലിന്‍െറ വീട്ടിലെത്തിയത്.
താന്‍ വെള്ളാനിക്കര അഗ്രികള്‍ച്ചറല്‍ വനിത ഫാമില്‍ നിന്ന് വരികയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ തൈകളും ചെടികളും വാങ്ങണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. വീട്ടുകാര്‍ വിസമ്മതിച്ചതോടെ ട്രെയ്നിങ്ങിന്‍െറ ഭാഗമായാണ് വന്നതെന്നും കുറച്ചുനാള്‍ കഴിഞ്ഞാല്‍ സ്ഥിര ജോലിയാകുമെന്നും അതിനാല്‍ സഹായിക്കണമെന്നും പറഞ്ഞതോടെ വാങ്ങാന്‍ തയാറാകുകയായിരുന്നു.
മുന്‍കൂട്ടി തുക തന്ന് ഓര്‍ഡര്‍ തന്നാല്‍ പതിനേഴിന് വാഹനത്തില്‍ തൈകള്‍ വീട്ടിലെത്തിക്കാമെന്നും പറഞ്ഞു. നല്ല ഇനം തെങ്ങിന്‍ തൈകള്‍, തേക്ക് തൈകള്‍, ജാതിക്ക, റോസ് ചെടികള്‍ എന്നിവയാണ് ഓര്‍ഡര്‍ നല്‍കിയത്.
വനിത അഗ്രികള്‍ച്ചറല്‍ ഫാമിന്‍െറ പേരിലാണ് രസീത് നല്‍കിയത്. ഇതില്‍ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു. ജമാല്‍ 1845 രൂപയുടെ ഓര്‍ഡറാണ് നല്‍കിയത്.  ഇതനുസരിച്ച് 2000 രൂപ നല്‍കി. ബാക്കി 155 രൂപ ചോദിച്ചപ്പോള്‍ ചില്ലറയില്ളെന്നും ബാക്കി തുക സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ തരാമെന്നും  പറഞ്ഞു.
നിശ്ചിത ദിവസം കഴിഞ്ഞിട്ടും തൈകള്‍ കൊണ്ടുവരാതായപ്പോള്‍  വെള്ളാനിക്കരയില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്.
പ്രദേശത്ത് ഇത്തരത്തില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ മനസ്സിലായി. നേരത്തെയും  വാടാനപ്പള്ളി, തളിക്കുളം, ഏങ്ങണ്ടിയൂര്‍, മണലൂര്‍, അന്തിക്കാട് മേഖലകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടന്നിരുന്നു.

No comments:

Post a Comment