കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 18, 2011

പൊലീസ് സ്റ്റേഷന്‍ അപകടാവസ്ഥയില്‍; പുതിയ കെട്ടിടത്തിനായി നെട്ടോട്ടം

വാടാനപ്പള്ളി: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ നിലം പൊത്താറായതോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്വന്തമായി സ്ഥലം കണ്ടെത്താന്‍ പൊലീസ് പരക്കം പായുന്നു. ഇപ്പോള്‍ ആല്‍മാവിന് സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടം ശോച്യാവസ്ഥയിലാണ് .അന്തരിച്ച മുക്രിയകത്ത് മജീദ്ഹാജിയാണ് കെട്ടിടം വാടകക്ക് നല്‍കിയത്. സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാറില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല . കെട്ടിടം ഇടിഞ്ഞ് വിള്ളല്‍ രൂപപ്പെട്ട് ചോര്‍ന്നൊലിക്കുകയാണ്. ഉള്ളില്‍ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണു. പെലീസുകാരുടെ തലയില്‍ കോണ്‍ക്രീറ്റ് വീണിരുന്നു. കെട്ടിടത്തിന്‍െറ പടിഞ്ഞാറ് ഭാഗത്താണ് ഏറെ ശോച്യാവസ്ഥ. കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നതിനാല്‍ പൊലീസുകാര്‍ ഭീതിയിലാണ് ഉള്ളില്‍ കഴിയുന്നത്. പുറമ്പോക്ക് ഭൂമി ലക്ഷ്യംവെച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള അന്വേഷണം. വാട്ടര്‍ ടാങ്ക് പ്രവര്‍ത്തിക്കുന്ന ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയിലെ സ്ഥലത്തും ടാങ്ക് നോക്കുകുത്തിയാണ്. പുതുകുളങ്ങര പ്രദേശത്തും സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ട്. നേരത്തെ ഗണേശമംഗലത്ത് സ്കൂളിന് സമീപവും വാടാനപ്പള്ളി വാട്ടര്‍ അതോറിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന സ്ഥലവും കിട്ടാന്‍ ശ്രമം നടത്തയിരുന്നു.അതേസമയം തീരദേശ പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് ഏങ്ങണ്ടിയൂര്‍ ബീച്ചില്‍ ഭൂമി കഴിഞ്ഞ മാസം കണ്ടെത്തി റവന്യൂ അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി നല്‍കിയിരുന്നു.


No comments:

Post a Comment