കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 25, 2011

അങ്കണവാടി കെട്ടിടത്തിന്റെ പണി നിലച്ചു

വെങ്കിടങ്ങ്:വെങ്കിടങ്ങ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ 25-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ പണി പാതിവഴിയില്‍ നിലച്ചു. കെട്ടിടം സമൂഹവിരുദ്ധരുടെ വിളയാട്ടകേന്ദ്രമാണ് ഇപ്പോള്‍. 2007-2008 കാലഘട്ടത്തില്‍ പി.ആര്‍. രാജന്‍ എം.പി.യുടെ ഫണ്ടില്‍ നിന്നു ലഭിച്ച രണ്ടുലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടംപണി ആരംഭിച്ചത്. എസ്റ്റിമേറ്റ് പ്രകാരമുള്ള പണികള്‍ തീര്‍ത്തുവെന്നാണ് കരാറുകാരന്‍ അവകാശപ്പെടുന്നത്.

ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 300 രൂപ പ്രതിമാസ വാടകയാണ്. 20 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാതിവഴിയില്‍ പണി മുടങ്ങിയതോടെ അങ്കണവാടി കെട്ടിടം സമൂഹവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രിയില്‍ മദ്യപന്മാരുടെ കേന്ദ്രമാണിവിടെ.

No comments:

Post a Comment