കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 28, 2011

ചാവക്കാടിന്റെ ട്രാഫിക് കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കാരം വേണം

ചാവക്കാട്:അശാസ്ത്രീയമായ ഗതാഗതസംവിധാനത്തെ തുടര്‍ന്ന് ചാവക്കാട് നഗരം രൂക്ഷമായ ഗതാഗതക്കുരുക്കില്‍. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബൈപ്പാസുകളും പുറംറോഡുകളും ഉണ്ടായിട്ടും നഗരം മുഴുവന്‍ സമയവും വീര്‍പ്പുമുട്ടലിലാണ്. നിലവിലുള്ള ഗതാഗത സംവിധാനം പരിഷ്‌കരിക്കുകയും, പുറംറോഡില്‍ ചിലത് നഗരത്തിന്റെ ഗതാഗത സംവിധാനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത് ശാസ്ത്രീയമാക്കിയാലേ നഗരത്തിലെ യാത്രാദുരിതത്തില്‍നിന്നു മോചനം ലഭിക്കുകയുള്ളൂ. വിശാലമായ ബസ്സ്റ്റാന്‍ഡും രണ്ട് റോഡുകളില്‍നിന്നുള്ള സൗകര്യപ്രദമായ കവാടങ്ങളും ഉണ്ടായിട്ടും നഗരത്തിലെ പ്രധാനവീഥികള്‍ സദാസമയവും തിരക്കിലാണ്. ദേശീയപാത-17ലൂടെയുള്ള മുഴുവന്‍ വാഹനങ്ങളും ചാവക്കാട് നഗരംവഴി കടന്നുപോകുന്നതാണ് നഗരം നേരിടുന്ന പ്രതിസന്ധി. അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമായ ട്രാഫിക് ഐലന്റില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് യാതൊരു നിയന്ത്രണവുമില്ലാതെയാണ്. ട്രാഫിക് ഐലന്റില്‍ നിയന്ത്രണത്തിനുള്ള സിഗ്‌നല്‍ ലൈറ്റോ പോലീസ് കാവലോ ഇല്ലാത്തതാണ് വാഹനങ്ങളുടെ ഗതാഗതസംവിധാനം തെറ്റിച്ചുള്ള യാത്രയ്ക്ക് വഴിയൊരുക്കുന്നത്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡിന്റെ ഇരുവശങ്ങളിലാണ്. ഇതിനുപുറമെ ചാവക്കാട് പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നതും ഗതാഗത തടസ്സത്തിനു വഴിയൊരുക്കുന്നു. തൊട്ടടുത്ത സ്‌കൂള്‍ വിട്ടാല്‍ ഈ റോഡിലൂടെ ഗതാഗതം സാധ്യമല്ല. ഏറെനേരം കഴിഞ്ഞാലെ ഗതാഗതക്കുരുക്കഴിയുകയുള്ളൂ.

നഗരത്തില്‍ വാഹനങ്ങളും സ്ഥാപനങ്ങളും വര്‍ദ്ധിച്ചുവരുന്നതനുസരിച്ച് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ പോലീസും നഗരസഭാധികൃതരും രംഗത്തെത്താത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്.

തിരക്കുള്ള സ്ഥലങ്ങളിലും സമയങ്ങളിലും പോലീസിനെ ഗതാഗതനിയന്ത്രണത്തിന് നിയോഗിക്കണമെന്ന ആവശ്യം ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. നഗരത്തിന് പുറമെയുള്ള ചില റോഡുകളും ഗതാഗത സംവിധാനത്തിലുള്‍പ്പെടുത്തി ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ അധികൃതര്‍ ശ്രമിക്കേണ്ടതുണ്ട്.

No comments:

Post a Comment