കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 21, 2011

കായലില്‍ വിഷം കലര്‍ത്തി: മത്സ്യങ്ങള്‍ ചത്തുപൊങ്ങി

അന്തിക്കാട്: കാഞ്ഞാണി പെരുമ്പുഴ കായലില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. വിഷം കലര്‍ത്തിയത് അറിയാതെ കായലില്‍ കുളിച്ച കുട്ടിക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടു. കൊല്ലയില്‍ വാസുവിന്‍െറ മകന്‍ വിഷ്ണുവിനാണ് (എട്ട്) ചൊറിച്ചില്‍ ഉണ്ടായത്. പെരുമ്പുഴ കനാലിനോട് ചേര്‍ന്ന മണലൂര്‍ കായലില്‍ മത്സ്യം പിടിക്കുന്നതിന് ലേലം കൊണ്ട് മത്സ്യം പിടിച്ചുവരുന്നതിനിടയില്‍ പെരുമ്പുഴയില്‍ വിഷം കലര്‍ത്തിയതില്‍ ദുരൂഹതയേറുന്നു.

പെരുമ്പുഴ കായലിലെ മത്സ്യം പിടിക്കാന്‍ ലേലം വിളിക്കാറില്ല. പെരുമ്പുഴ കായലില്‍ വിഷം കലര്‍ത്തിയാല്‍ മത്സ്യങ്ങള്‍ രക്ഷപ്പെടാന്‍ നല്ല വെള്ളം ശ്വസിച്ച് കൂട്ടത്തോടെ മണലൂര്‍ കായലില്‍ എത്തും. കൂടുതല്‍ മത്സ്യം കിട്ടാന്‍ വേണ്ടിയാണ് കായലില്‍ വിഷം കലര്‍ത്തിയതെന്നാണ് ആക്ഷേപം.പരിധിയിലും കൂടുതല്‍ അളവില്‍ വിഷം കലര്‍ത്തിയതാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്താന്‍ കാരണം. കരിമീന്‍, കോലാന്‍, കുറുമാട്, പരല്‍ എന്നിവയാണ് ചത്തത്. വലിയ മീനും പാമ്പും ചത്ത് താഴ്ന്ന് കിടക്കുകയാണ്. വിഷം ശ്വസിച്ച് മത്സ്യം വടക്കോട്ട് മണലൂര്‍ കായലിലേക്ക് കനാല്‍ വഴി പായുന്നതും കാണാം. വിഷം ശ്വസിച്ച് പാമ്പുകളും കരക്ക് കയറുകയാണ്.കായലില്‍ വസ്ത്രങ്ങള്‍ കഴുകുന്നത് പ്രദേശവാസികള്‍ നിര്‍ത്തി. പ്രദേശത്തുള്ളവരും വര്‍ക്ക്ഷോപ്പിലെ പണിക്കാരും കുളിക്കുന്നതും വസ്ത്രങ്ങള്‍ കഴുകുന്നതും കായലിലാണ്.എല്ലാവര്‍ഷവും മണലൂര്‍ കായലില്‍ ലേലം കൊണ്ട് മത്സ്യം പിടിക്കുന്ന സമയത്ത് പെരുമ്പുഴകായലില്‍ വിഷം കലര്‍ത്തി മത്സ്യം ചാവുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫ്യുറിഡാന്‍ വിതറിയ പൊതി പാലത്തിനടിയില്‍ നിന്ന് കണ്ടെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് മണലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.എന്‍. സുര്‍ജിത്തും അന്തിക്കാട് പൊലീസും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് പ്രസിഡന്‍റ് സുര്‍ജിത്ത് ആവശ്യപ്പെട്ടു. പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം മണലൂര്‍ കായലില്‍ പിടിച്ച് വില്‍ക്കുന്ന മത്സ്യം വാങ്ങാനും ആളുകള്‍ തയാറാകുന്നില്ല.


No comments:

Post a Comment