കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, October 23, 2011

നാട്ടിക നിയോജകമണ്ഡലം പ്ളാസ്റ്റിക് മുക്തമാക്കും

വാടാനപ്പള്ളി:  ശുചിത്വ വര്‍ഷത്തിന്‍െറ  ഭാഗമായി നാട്ടിക നിയോജകമണ്ഡലം പ്ളാസ്റ്റിക്മുക്തമാക്കുന്നതിന് നടപടിയാരംഭിച്ചു. ഇതിന്  തളിക്കുളം ബ്ളോക്കില്‍  ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഗീതാ ഗോപി എം.എല്‍.എയെ ചെയര്‍പേഴ്സനായി സംഘടകസമിതി രൂപവത്കരിച്ചു.  
ഒരു വര്‍ഷത്തിനകം നാട്ടികയെ പ്ളാസ്റ്റിക്മുക്തമാക്കാനുള്ള  പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. വീടുകളിലെ പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കുക, കച്ചവടസ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് വില്‍ക്കാതിരിക്കുക തുടങ്ങിയവ ആദ്യപടിയായി നടത്തും. നിയോജകമണ്ഡലം കമ്മിറ്റിയും രൂപവത്കരിക്കും.  ചേര്‍പ്പ്, അന്തിക്കാട്, തളിക്കുളം ബ്ളോക്കുകളുടെ പ്രവര്‍ത്തനം കമ്മിറ്റി വീക്ഷിക്കും. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ബ്ളോക്ക്  കമ്മിറ്റികള്‍ രൂപവത്കരിക്കും. പഞ്ചായത്ത്തലത്തിലും വാര്‍ഡ്തലത്തിലും  സംഘാടകസമിതി  രൂപവത്കരിച്ച് പ്ളാസ്റ്റിക് നിരോധം  ഉറപ്പുവരുത്തും.പ്രധാന കവലകള്‍, വീടുകള്‍,സ്കൂളുകള്‍ എന്നിവിടങ്ങളില്‍  ശുചിത്വം ഉറപ്പാക്കും. മൂന്നുമാസം കൂടുമ്പോള്‍ പരിപാടികള്‍ വിശകലനം ചെയ്യും.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പുകളെ ഏകോപ്പിച്ചാണ്  പ്രവര്‍ത്തനം. ജനപ്രതിനിധികള്‍, ക്ളബ് പ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍,  മുതലായവരുടെ  സേവനവും പ്രയോജനപ്പെടുത്തും.  പ്രവര്‍ത്തനങ്ങള്‍ക്കായി  35 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നാട്ടിക മണ്ഡലത്തിന്‍െറ കീഴില്‍ മൂന്നു ബ്ളോക്കും ഒമ്പതു പഞ്ചായത്തുകളുമാണ് ഉള്ളത്.   സംഘാടക സമിതി യോഗത്തില്‍ ഗീതാഗോപി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ബ്ളോക്ക് പ്രസിഡന്‍റുമാരായ കെ. ദിലീപ് കുമാര്‍ (തളിക്കുളം), ടി.ബി.ഷാജി ( അന്തിക്കാട് ), ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.ആര്‍. വിജയന്‍  (നാട്ടിക ), ബീന അജയഘോഷ് ( വലപ്പാട് ), പി.ആര്‍. സുശീല ടീച്ചര്‍  (താന്ന്യം ) ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, ചേര്‍പ്പ് ബി.ഡി.ഒ രാധാകൃഷ്ണന്‍, തളിക്കുളം ബി.ഡി.ഒ ടി.പി. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment