കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, October 5, 2011

വെങ്കിടങ്ങ് മുപ്പട്ടിത്തറയില്‍ മൂന്നാഴ്ചയായി കുടിവെള്ളമില്ല

വെങ്കിടങ്ങ്: വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ മുപ്പട്ടിത്തറ മേഖലയില്‍ മൂന്നാഴ്ചയായി കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. 
പൈപ്പ് വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന്
വെങ്കിടങ്ങു പഞ്ചായത്ത് ഓഫിസിനു മുന്നില്‍
കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്ന വീട്ടമ്മമാര്‍ 
പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മേഖലയാണ് മുപ്പട്ടിത്തറ. മേഖലയിലെ കുടിവെള്ളസ്രോതസ്സുകള്‍ ഉപ്പുരസം കലര്‍ന്നതായതിനാല്‍ ഉപയോഗശൂന്യമാണ്. പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. രായംമരയ്ക്കാര്‍ വീട്ടില്‍ ഉമൈബ, വേല്യേടത്ത് വീട്ടില്‍ രമണി, പഞ്ചാവീട്ടില്‍ പത്മിനി, രായംമരയ്ക്കാര്‍ വീട്ടില്‍ സുബൈദ, ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ കിണറിലെ മോട്ടോര്‍ തകരാറിലായതാണ് വെള്ളം പമ്പ് ചെയ്യല്‍ തടസ്സപ്പെട്ടതെന്നും മോട്ടോര്‍ റിപ്പയര്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചതായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സത്യന്‍ പറഞ്ഞു.

No comments:

Post a Comment