കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Tuesday, September 20, 2011

ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റവരുടെ നില ഗുരുതരം

ചാവക്കാട്: ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവതിയുടെയും കുട്ടിയുടെയും നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം രാവിലെ 11.30നാണ് അടിതിരുത്തിയില്‍വെച്ച് കെട്ടുങ്ങല്‍ വലിയകത്ത് അബ്ദുള്‍ഖാദറിന്റെ മകള്‍ ഫൗസിയ (22), മൂത്തമകള്‍ ബുഷറയുടെ മകള്‍ നിഷിദ (13) എന്നിവരാണ് ബസ്സില്‍നിന്നും തെറിച്ചുവീണത്. അഞ്ചങ്ങാടി-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തട്ടില്‍ എന്ന സ്വകാര്യ ബസ്സില്‍നിന്നാണ് തെറിച്ചുവീണത്. ബസ്സിന്റെ അമിതവേഗംമൂലം മുന്‍വശത്തെ വാതില്‍ വഴി അടിതിരുത്തി വളവില്‍ വെച്ച് ഇവര്‍ തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും തൃശ്ശൂര്‍ അമല ആസ്​പത്രിയില്‍ ചികിത്സയിലാണ്. നിഷിദ തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലാണ് കഴിയുന്നത്. ഫൗസിയയുടെ തലയ്ക്ക് 16 തുന്നലുകള്‍ ഉണ്ട്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. ബസ്സിന്റെ മുന്നിലെ വാതില്‍ കെട്ടിവെച്ച നിലയിലായിരുന്നു. മുന്‍ വാതിലില്‍ ക്ലീനര്‍ ഉണ്ടായിരുന്നില്ല. ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വൈകീട്ട് വിട്ടയച്ചത് വിവാദമായി. അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ രോഗികളുടെ മൊഴിപ്രകാരം കേസെടുത്തതിന് ശേഷമാണ് വിട്ടയയ്ക്കാറ്. അപകടത്തില്‍പ്പെട്ട രണ്ടുപേരും നിര്‍ധന കുടുംബാംഗങ്ങളാണ്. ആവശ്യമായ മാനുഷിക പരിഗണന പോലും നല്‍കാതെയാണ് ബസ് ജീവനക്കാര്‍ ആസ്​പത്രിയില്‍നിന്നും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. അപകടത്തില്‍പ്പെട്ട ബസ് വിട്ടയച്ച പോലീസ് നടപടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ബന്ധപ്പെട്ട ബസ് കസ്റ്റഡിയില്‍ എടുത്ത് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. ഉസ്മാനും ജന. സെക്രട്ടറി എ.എച്ച്. സൈനുല്‍ ആബിദിനും ആവശ്യപ്പെട്ടു. ബസ്സോടിച്ച ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

No comments:

Post a Comment