കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 28, 2011

പ്ലാസ്റ്റിക് കത്തിച്ചതിന്റെ പുക ശ്വസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും ശ്വാസം മുട്ടലും

വാടാനപ്പള്ളി:പ്ലാസ്റ്റിക് മാലിന്യവും പഴയ മരുന്നും കത്തിച്ചത് ശ്വസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും തലവേദനയും ശ്വാസംമുട്ടലും. ചേറ്റുവ ജി.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 12 കുട്ടികളെ ചേറ്റുവ എം.ഇ.എസ്. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒമ്പതുപേരെ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു.

ബുധനാഴ്ച രണ്ടുമണിക്കാണ് സ്‌കൂളിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പ്ലാസ്റ്റിക്കും പഴയ മരുന്നും ഫര്‍ണീച്ചര്‍ അവശിഷ്ടവുമെല്ലാം കത്തിച്ചത്. കൂടുതല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ കുട്ടികളെ ക്ലാസ് മുറികളില്‍നിന്ന് പുറത്തിറക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകന്‍ ഇര്‍ഷാദ് കെ. ചേറ്റുവയുടെ നേതൃത്വത്തില്‍ കൂടുതല്‍ അസ്വസ്ഥത കാട്ടിയ വിദ്യാര്‍ത്ഥികളായ മുബഷിറ, നാജിയ, ബബിത, സഫ്‌വാന്‍, ഫര്‍സാനമോള്‍, ആരതിരാജ, സാന്ദ്രബാബു, മിസിരിയ, വിസ്മയ, മുബീന, ഷിജു, റമീഷ എന്നിവരെ ആസ്​പത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനില്‍, അംഗങ്ങളായ സുമയ്യ സിദ്ധിഖ്, ലസിക, എ.സി. സജീവ്, വിനിത, പൊതുപ്രവര്‍ത്തകരായ എം.എ. ഹാരിസ്ബാബു, യു.കെ. പീതാംബരന്‍ എന്നിവര്‍ ആസ്​പത്രിയിലും സ്‌കൂളിലുമായെത്തി. വിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് ആസ്​പത്രിയിലെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

No comments:

Post a Comment