കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 25, 2011

ബസ്‌റൂട്ടുകള്‍ അനവധി, ബസ്സുകള്‍ ഓടുന്നില്ല; യാത്രക്കാര്‍ ദുരിതത്തില്‍

ചാവക്കാട്: തീരദേശമേഖലയില്‍ സ്വകാര്യബസ്സുകളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ഓട്ടം സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദുരിതമാകുന്നു. ചാവക്കാട്-പുതുപൊന്നാനി, ചാവക്കാട്-മുനയ്ക്കക്കടവ്-അഞ്ചങ്ങാടി റൂട്ടുകളിലാണ് യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നത്. ഈ റൂട്ടുകളില്‍ നിരവധി ബസ്സുകള്‍ക്ക് ഓടാന്‍ പെര്‍മിറ്റുകളുണ്ടെങ്കിലും വിവാഹങ്ങള്‍, വിനോദയാത്രകള്‍ എന്നിവയ്ക്ക് റൂട്ടുകള്‍ മുടക്കി പോകുന്നതുമൂലം പലപ്പോഴും ബസ്സുകള്‍ കിട്ടാറില്ല. രാവിലെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ബസ്സുകളുടെ കോണികളിലും ചവിട്ടുപടികളിലും കയറിനിന്ന് യാത്രചെയ്യുന്നതും പതിവുകാഴ്ച. ബസ്‌യാത്രക്കാരും ജീവനക്കാരും തമ്മില്‍ ഇടയ്ക്കിടെ വാക്ക്തര്‍ക്കവും സംഘര്‍ഷവും തീരമേഖലയില്‍ പതിവ്‌സംഭവമാണ്. കണ്‍സഷന്‍ നിരക്കില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളെ കയറ്റാന്‍ തയ്യാറാകാത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തീരദേശമേഖലയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വ്വീസ് കാര്യക്ഷമമല്ലാത്തതും ജനത്തെ ദുരിതത്തിലാക്കുന്നു. കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വ്വീസുകളുടെ എണ്ണം ഈ മേഖലയില്‍ വര്‍ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Post a Comment