കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 25, 2011

പോലീസ് ജീപ്പില്‍ നിന്ന് വയര്‍ലെസ് സെറ്റ് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ഗുരുവായൂര്‍: കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ജീപ്പില്‍നിന്ന് വയര്‍ലെസ് സെറ്റ് മോഷ്ടിച്ചയാളെ ഗുരുവായൂര്‍ പോലീസ് പിടികൂടി. സ്റ്റീരിയോ ആണെന്നു കരുതിയാണ് വയര്‍ലെസ് മോഷ്ടിച്ചത്. കുന്നംകുളം പോലീസിന്റെ കണ്‍വെട്ടത്തുനിന്നു മുങ്ങിയ ഇയാള്‍, വെള്ളിയാഴ്ച വൈകീട്ടാണ് ഗുരുവായൂരില്‍ പൊങ്ങിയത്.ഇടുക്കി രാജക്കാട് കനകക്കുന്ന് വത്തിയാലിക്കല്‍ വീട്ടില്‍ വിജയനെ(43)യാണ് എസ്‌ഐ എസ്. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.

പട്രോളിങ്ങിനിടെ സംശയാസ്​പദമായ സാഹചര്യത്തില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യംചെയ്തപ്പോള്‍ മോഷണകഥകള്‍ മണിമണിയായി പറഞ്ഞു. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌സഞ്ചി തുറന്നുനോക്കിയപ്പോള്‍ അതില്‍ കുന്നംകുളം സി.ഐ.യുടെ വയര്‍ലെസ് സെറ്റ് കണ്ടെത്തി. പ്ലാസ്റ്റിക് സഞ്ചിയില്‍നിന്ന് മൊബൈലും 1500 രൂപയും കണ്ടെടുത്തു.

വ്യാഴാഴ്ച രാത്രിയായിരുന്നു കുന്നംകുളത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു തോമസ്സിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിച്ചത്. തൊട്ടടുത്ത രണ്ടുദിവസംമുമ്പ് ചാര്‍ജെടുത്തതായിരുന്നു സി.ഐ. ഓഫീസ് മുറ്റത്തു തന്നെയായിരുന്നു ജീപ്പ് നിര്‍ത്തിയിട്ടിരുന്നത്. പോലീസ് ജീപ്പിനുള്ളില്‍ കള്ളന്‍ കയറിയ സംഭവം നാണക്കേടായതിനാല്‍ പോലീസ് രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു.

വിജയന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ട്. കഴിഞ്ഞദിവസം കുന്നംകുളം ഗവ. ആസ്​പത്രിയില്‍ അച്ഛന്റെ ചികിത്സയ്ക്കായി എത്തിയ പന്നിത്തടം ചിറമനേങ്ങാട് ഞാലില്‍ കുറത്തൂര്‍ രഘുവിന്റെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും വിജയനാണ് മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇടുക്കിയിലെ രാജക്കാട്, ശാന്തന്‍പാറ, വയനാട് അമ്പലവയല്‍, തൃത്താല എന്നീ പോലീസ് സ്റ്റേഷനുകളില്‍ വിജയനെതിരെ മോഷണക്കേസുകളുണ്ട്. 2008ല്‍ കുന്നംകുളം പോലീസ് വിജയനെ സംശയാസ്​പദമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നു. ഇടുക്കി സ്വദേശിയാണെങ്കിലും പട്ടാമ്പിക്കടുത്ത ആമയൂരിലാണിപ്പോള്‍ താമസം. ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment