കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Monday, September 26, 2011

ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവം: ഡോക്ടര്‍ക്കും ആസ്‌പത്രി അധികൃതര്‍ക്കുമെതിരെ കേസ്

പാവറട്ടി: ചികിത്സാ പിഴവിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിക്കാനും, ഗര്‍ഭിണിക്ക് ബുദ്ധിമാന്ദ്യം സംഭവിക്കാനും ഇടയാക്കിയ സംഭവത്തില്‍ പാവറട്ടി സാന്‍ജോസ് ആസ്​പത്രിക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മുല്ലശ്ശേരി പെരുവല്ലൂര്‍ മുളയ്ക്കല്‍ പരേതനായ കുമാരന്റെ ഭാര്യ ലീല ഇതുസംബന്ധിച്ച് വനിതാ കമ്മീഷന് പരാതി നല്കിയിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.

ലീലയുടെ മരുമകള്‍ സജിത പാവറട്ടി സാന്‍ജോസ് ആസ്​പത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ബീന സുഗതന്റെ ചികിത്സയിലായിരുന്നു. 2010 മെയ് 6ന് ഡോക്ടറെ കാണിച്ച് ചികിത്സ തുടരവെ രണ്ടാം മാസത്തില്‍ ബ്ലീഡിങ് കണ്ടതിനെ തുടര്‍ന്ന് 4 ദിവസം ആസ്​പത്രിയില്‍ കിടത്തി ചികിത്സിച്ചു. തുടര്‍ന്ന് മാസത്തിലുള്ള പരിശോധന ബീന സുഗതനെ കണ്ട് നടത്തി. ഏഴാം മാസത്തില്‍ ഛര്‍ദ്ദി കണ്ടതിനെ തുടര്‍ന്ന് 2010 നവംബര്‍ 17ന് വൈകീട്ട് 7ന് ആസ്​പത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ഈ സമയം ഡോ. ബീന സുഗതന്‍ ആസ്​പത്രിയിലുണ്ടായിരുന്നില്ല. സമീപത്തെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു. ആസ്​പത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ഡോ. ബീന സുഗതനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രഷര്‍കൂടിയതുകൊണ്ടാവാം ഛര്‍ദ്ദി ഉണ്ടായതെന്നാണ് പറഞ്ഞത്. ഇതിനുശേഷം രോഗിയുടെ പൂര്‍വ്വസ്ഥിതികളറിയാതെ തിടുക്കത്തില്‍ മരുന്നുകള്‍ നല്കുകയും കുത്തിവെപ്പ് എടുക്കുകയും ചെയ്തു. എന്നാല്‍ രോഗിയുടെ നില കൂടുതല്‍ വഷളാവുകയാണുണ്ടായത്. രോഗിയുടെ നില ഗുരുതരമായിട്ടുപോലും ഡോ. ബീന സുഗതന്‍ ആസ്​പത്രിയിലേക്ക് വരികയോ ഡ്യൂട്ടി ഡോക്ടര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയോ ഉണ്ടായില്ല. രോഗിയുടെ നില ഗുരുതരമായി തുടരുമ്പോള്‍ കണ്ണില്‍നിന്നും ചെവിയില്‍നിന്നും രക്തം വരുന്നുണ്ടായിരുന്നു. അതീവ ഗുരുതരമായപ്പോഴാണ് വിദഗ്ദ്ധചികിത്സയ്ക്ക് മറ്റ് ആസ്​പത്രിയില്‍ കൊണ്ടുപോകണമെന്ന് ആസ്​പത്രി അധികൃതര്‍ പറഞ്ഞത്. പിന്നീട് അമല ആസ്​പത്രിയിലേക്ക് രോഗിയെ എത്തിച്ചു. അടിയന്തര സിസേറിയന് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. ഗര്‍ഭപാത്രം നീക്കം ചെയ്തു. രണ്ട് ദിവസത്തിനകം കുഞ്ഞ് മരണപ്പെട്ടു. അപ്പോഴും രോഗി അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. രോഗിയുടെ നില ഗുരുതരമായി തുടര്‍ന്നതിനാല്‍ അമല മെഡിക്കല്‍ കോളേജില്‍നിന്നും അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറ്റി. അവിടെവെച്ച് തലച്ചോറിന് ഓപ്പറേഷന്‍ നടത്തി. ഒരു മാസത്തിലധികം ആസ്​പത്രിയില്‍ കിടന്നു. ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സജിതയ്ക്ക് ഓര്‍മ്മ തിരിച്ചുകിട്ടിയത്. എന്നാല്‍ ഇതുവരെയും യഥാര്‍ത്ഥ ബുദ്ധിയോ പൂര്‍ണമായ ചലനശേഷിയോ തിരിച്ചുകിട്ടിയിട്ടില്ല. ചികിത്സയ്ക്കായി 12 ലക്ഷത്തോളം രൂപ ചെലവായതായി പരാതിയില്‍ പറയുന്നു.

കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയിലായിരുന്നു പോലീസ് നടപടി. കേസിന്റെ അന്വേഷണച്ചുമതല ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജിനാണ്.കേസ് അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ഗര്‍ഭിണികള്‍ക്ക് നല്കാവുന്ന ഇഞ്ചക്ഷനും മരുന്നും മാത്രമാണ് ആസ്​പത്രിയില്‍ നിന്ന് നല്കിയതെന്നും ബി.പി. കൂടി ഫിറ്റ്‌സ് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പാവറട്ടി സാന്‍ജോസ് ആസ്​പത്രി മേട്രണ്‍ സി. അനീറ്റ പറഞ്ഞു.

No comments:

Post a Comment