കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 14, 2011

മഴയിലും കാറ്റിലും വെങ്കിടങ്ങ്, മുല്ലശ്ശേരി മേഖലകളില്‍ നാശം

വെങ്കിടങ്ങ്: കനത്ത മഴയില്‍ വെങ്കിടങ്ങ്, മുല്ലശ്ശേരി മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ട്. നിരവധി വീടുകള്‍ തകര്‍ച്ചഭീഷണിയിലാണ്. ഒട്ടുമിക്ക ഗ്രാമീണറോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കണ്ണോത്ത് കുന്നിടിഞ്ഞുവീണ് പത്തോളം വീടുകള്‍ തകര്‍ച്ചഭീഷണിയിലാണ്. മുല്ലശ്ശേരി ബ്ലോക്ക്ആസ്​പത്രിക്ക് സമീപം തെങ്ങ് ഒടിഞ്ഞുവീണ് വീട് തകര്‍ന്നു.

ഏനാമാവ് കെട്ടുങ്ങലിന് സമീപം രായംമരയ്ക്കാര്‍ വീട്ടില്‍ ഷെക്കീറിന്റെ വീട്ടില്‍ മഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ തന്നെ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറി. വീടിനുള്ളില്‍ അരയ്‌ക്കൊപ്പം വെള്ളമാണ്. വീടിനു മുന്നിലെ കാന അടഞ്ഞതാണ് വീട് വെള്ളക്കെട്ടിലാകാന്‍ കാരണം. ഇതിനു മുമ്പ് കാന അടഞ്ഞവിവരം വീട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നു പറയുന്നു.

മുല്ലശ്ശേരി സെന്ററിന് സമീപം നടുവില്‍പുരയ്ക്കല്‍ ക്ഷേത്രത്തിനടുത്ത് പട്ടികജാതി കോളനിയിലെ അഞ്ച് വീടുകള്‍ രൂക്ഷമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് തകര്‍ച്ചഭീഷണിയിലാണ്. കോളനിയോട് ചേര്‍ന്ന് പോകുന്ന തോട്ടില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് തോട് ദിശമാറി കോളനിക്കുള്ളിലൂടെ ഒഴുകുകയായിരുന്നു. ഇതോടെ വാഴപ്പിള്ളി വേലായുധന്‍, പെരുമ്പടപ്പ് പ്രഭു, കടവത്ത് സന്തോഷ്, മാങ്ങാടി സുബ്രു, വാഴപ്പിള്ളി സുനില്‍ എന്നിവരുടെ വീടുകള്‍ ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലാണ്. പഞ്ചായത്തിന്റെ ധനസഹായത്തോടെ മൂന്ന് സെന്റ് ഭൂമിയില്‍ നിര്‍മ്മിച്ചവയാണ് ഈ വീടുകള്‍. മുല്ലശ്ശേരി ബ്ലോക്ക് ആസ്​പത്രിക്ക് സമീപം ആലാത്ത് ശേഖരന്റെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ഭാഗികമായി തകര്‍ന്നു. പഞ്ചായത്തധികൃതരും വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് കടപുഴകി വീണത്.

വെങ്കിടങ്ങ്, മുല്ലശ്ശേരി പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളോടു ചേര്‍ന്നുള്ള കാനകള്‍ സ്വകാര്യ വ്യക്തികളും മറ്റും അനധികൃതമായി നികത്തിയതാണ് ഭൂരിഭാഗം ഭാഗത്തും വെള്ളക്കെട്ടുണ്ടാവാന്‍ കാരണം. സ്വകാര്യവ്യക്തികളുടെ പാടങ്ങളും കുളങ്ങളും മണ്ണിട്ട് നികത്തിയതോടെ മഴയില്‍ ഒലിച്ചുവരുന്ന വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാത്ത സ്ഥിതിയിലാണ്. കാനകള്‍ തുറക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

വെങ്കിടങ്ങ് കണ്ണോത്ത് കണ്ണംകുളങ്ങര കുന്ന് ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണു. കുന്നിന് മുകളിലും താഴെയുമുള്ള പത്തോളം വീട്ടുകാര്‍ തകര്‍ച്ചഭീഷണിയിലാണ്. ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെയാണ് കുന്ന് ഇടിഞ്ഞുവീണത്. അമ്പത് വര്‍ഷം മുമ്പ് ഏനാമാവ് ബണ്ട് നിര്‍മ്മാണത്തിനും കോള്‍ബണ്ട് നിര്‍മ്മാണത്തിനുമായി ഇവിടെനിന്ന് മണ്ണെടുത്തിരുന്നു.

പാലിശ്ശേരി രാജന്‍, കുളങ്ങര കുഞ്ഞുണ്ണി, പുളിക്കല്‍ മോഹനന്‍, പുതിയേടത്ത് വേലായുധന്‍, പാലിശ്ശേരി വേലായുധന്‍ തുടങ്ങി പത്തോളം വീടുകള്‍ തകര്‍ച്ചഭീഷണിയിലാണ്. ഏനാമാക്കല്‍ മുപ്പട്ടിത്തറയില്‍ വെള്ളക്കെട്ട് രൂക്ഷമായ 10 കുടുംബങ്ങളെ വെങ്കിടങ്ങ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദുരിതബാധിത പ്രദേശങ്ങള്‍ ചാവക്കാട് താലൂക്ക് തഹസില്‍ദാര്‍ കെ.വി. ശശി, വെങ്കിടങ്ങ് വില്ലേജ് ഓഫീസര്‍ തോമസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സത്യന്‍, പഞ്ചായത്ത് സെക്രട്ടറി കെ. ശ്രീധരന്‍, പഞ്ചായത്തംഗങ്ങളായ വേണുനായര്‍, സുരേഷ് വെണ്ണേംകോട്ട് എന്നിവര്‍ സന്ദര്‍ശിച്ചു. പുവ്വത്തൂരിലെ കാക്കശ്ശേരി റോഡിലെ നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി.

പാലാഴി, മണലൂര്‍, കാഞ്ഞാണി ഭാഗങ്ങളിലും പുഴയോരമേഖലയിലും വെള്ളക്കെട്ടുണ്ട്. നിരവധി വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. മണലൂര്‍ മഞ്ചാടി റോഡില്‍ ആല്‍മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി വിതരണവും നിലച്ചു.

No comments:

Post a Comment