കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 18, 2011

പുഴയോരം സംരക്ഷിക്കാത്തതില്‍ പ്രതിഷേധം

പഴുവില്‍: ചാഴൂര്‍ പഞ്ചായത്തിലെ ഹെര്‍ബര്‍ട്ട് കാനാല്‍ പുഴമുഖത്തുനിന്ന് പടിഞ്ഞാറ് സംരക്ഷണ ഭിത്തി കെട്ടി പുഴയോരം ഇടിയുന്നത് തടയണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. മഴക്കാലത്ത് പുഴയില്‍ ഒഴുക്കിന് ശക്തി കൂടുമ്പോള്‍ പുഴയോരം ഇടിഞ്ഞ് വീടുകള്‍ക്കും പറമ്പുകള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുകയാണ്.
പുഴയോരത്തുള്ള മണ്ണുകൊണ്ടുള്ള ബണ്ട് ഇടിഞ്ഞു. വര്‍ഷക്കാലത്ത് ബണ്ട് പൊട്ടിയാല്‍ കരുവന്നൂര്‍ പുഴ ഗതിമാറിയൊഴുകും. നൂറുവീടുകളും ഏക്കറുകണക്കിനു കൃഷിയിടങ്ങളും ഇതോടെ ഇല്ലാതാകും. ഒരു വര്‍ഷം മുമ്പുവരെ രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളുടെ അനുമതിയോടെ വ്യാപകമായി പുഴയില്‍ നിന്നും മാഫിയാ സംഘത്തിന്‍െറ മണലെടുപ്പാണ് പുഴയോരം ഇടിച്ചിലിനിടയാക്കിയത്. പിന്നീട് മണലെടുപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഇത് അവസാനിപ്പിച്ചത്. അപ്പോഴേക്കും പുഴയും ഇരുകരകളും ഇല്ലാതായി.
പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാദേവിന്‍െറ വാര്‍ഡുകൂടിയാണ് പുഴയോരമിടിഞ്ഞ പ്രദേശം. എന്നാല്‍ ഇതു സംബന്ധിച്ച് പ്രസിഡന്‍േറാ അവരുടെ പാര്‍ട്ടിക്കാരോ നടപടിക്ക് മുതിര്‍ന്നിട്ടില്ളെന്ന് പരിസരവാസികള്‍ ആരോപിച്ചു.
ഭിത്തി കെട്ടി പുഴയോരം സംരക്ഷിക്കാന്‍ നിരവധി പ്രോജകടുകളുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്. എം.എല്‍.എ, എം.പി. എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഈ ഗൗരവമുള്ള പ്രശ്നത്തെ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നാട്ടുകാരും പുഴയോരവാസികളും ആവശ്യപ്പെട്ടു.


No comments:

Post a Comment