കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, October 23, 2011

ഏങ്ങണ്ടിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ‘അത്യാസന്ന നില’യില്‍

വാടാനപ്പള്ളി: ചേറ്റുവ കുന്നത്തങ്ങാടി ഏങ്ങണ്ടിയൂര്‍ സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍  ശോച്യാവസ്ഥയില്‍.   വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ ആശുപത്രി ചോര്‍ന്നൊലിക്കുകയാണ്.  മരുന്ന് കേടുകൂടാതെ സൂക്ഷിക്കാന്‍ ഇടമില്ല.  
സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാല്‍ 15 വര്‍ഷമായി എം.ഇ.എസ് സെന്‍ററിന് കിഴക്ക്  നിലംപൊത്താറായ വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്‍െറ ഒരുഭാഗം മേല്‍ക്കൂര ഷീറ്റ് കൊണ്ടാണ് മറച്ചത്.  ഏതാനും നാള്‍ മുമ്പ് ഷീറ്റ് തകര്‍ത്താണ്  തേങ്ങ ഉള്ളില്‍ പതിച്ചത്. ഭാഗ്യം കൊണ്ടാണ് ജീവനക്കാരും രോഗികളും രക്ഷപ്പെട്ടത്. ചോര്‍ന്നൊലിക്കുന്നതിനാല്‍  മുകളില്‍ ടാര്‍പായ വിരിച്ചിരിക്കുകയാണ്. മരുന്ന് സൂക്ഷിക്കാനും തരമില്ല. വാടകക്കെട്ടിടത്തിലായതിനാല്‍ സര്‍ക്കാറില്‍നിന്ന് അറ്റകുറ്റപ്പണിക്ക് സഹായം ലഭിക്കാറില്ല. ഇതാണ് ശോച്യാവസ്ഥക്ക് കാരണം.
കെട്ടിടം മാറ്റാനുള്ള നടപടി തര്‍ക്കം കാരണം നീണ്ടുപോകുകയാണ്.  കെട്ടിടം മാറ്റാന്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപം സ്ഥലം കണ്ടെത്തിയിരുന്നു. ബി.എല്‍.എസ് ക്ളബിന് സമീപം സ്വകാര്യവ്യക്തി ആറര സെന്‍റ് സ്ഥലം നല്‍കുന്നതിനെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതേസമയം, കുന്നത്തങ്ങാടിയില്‍നിന്ന് ആശുപത്രി മാറ്റുന്നതിനെതിരെ നാട്ടുകാര്‍ ജനകീയ സമിതിക്ക് രൂപം നല്‍കി. വെള്ളിയാഴ്ച കൂടിയ പ്രൈമറി ഹെല്‍ത്ത് സംരക്ഷണ സമിതിക്ക് മുമ്പാകെ ആറുമാസത്തിനകം 20 സെന്‍റ് സ്ഥലം കുന്നത്തങ്ങാടി പ്രദേശത്ത് സൗജന്യമായി നല്‍കുമെന്നും ഭാരവാഹികള്‍  കത്ത് നല്‍കി. ഇത് പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രസിഡന്‍റ് ശുഭാ സുനില്‍ അറിയിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് വേലായുധന്‍ തോരന്‍വീട്ടില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ കെ.ബി. സുധ, ലസിക ടീച്ചര്‍, സതീഷ് പനക്കല്‍, അംഗം ഇ. രണദേവ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബി. സുരേഷ് (സി.പി.എം), കെ.ആര്‍. കൃഷ്ണന്‍ (സി.പി.ഐ), സജീവ് (ബി.ജെ.പി) എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment