കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 25, 2011

കോള്‍കൃഷി വികസനത്തിന് സമഗ്ര പാക്കേജ് - കൃഷിമന്ത്രി

അന്തിക്കാട്: തൃശൂരിലെയും പൊന്നാനിയിലെയും കോള്‍ കൃഷി വികസനത്തിന് സമഗ്ര പദ്ധതി നടപ്പാക്കും. ഇതിന് പാക്കേജ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചതായും ആദ്യ ഗഡു ഡിസംബറില്‍ ലഭിക്കുമെന്നും കൃഷി മന്ത്രി കെ.പി. മോഹനന്‍ പ്രസ്താവിച്ചു. പഠനസംഘം താമസിയാതെ കോള്‍ മേഖല സന്ദര്‍ശിക്കും.
അരിമ്പൂരില്‍ ജില്ലയിലെ കോള്‍ കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. കോള്‍ പടവുകളില്‍ നിന്നും ജനകീയ പങ്കാളിത്തത്തോടെ ശേഖരിച്ച മണ്ണ് സാമ്പിളുകളുടെ രാസഭൗതിക സ്വഭാവം, ആവശ്യ മൂലകങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവ അപഗ്രഥിച്ച് മണ്ണിന്‍െറ ഫലഭൂയിഷ്ഠി നിര്‍ണയിച്ച് പരി ഹാരമാര്‍ഗങ്ങളും ശിപാര്‍ശകളും രേഖപ്പെടുത്തിയ കാര്‍ഡുകളാണ് കര്‍ഷകര്‍ക്ക് നല്‍കിയത്.
പി.എ.മാധവന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സന്‍റ്, ഗീത ഗോപി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ദാസന്‍, അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.ആന്‍റണി, അനില്‍ അക്കര, ടി.ബി.ഷാജി, കെ.കെ.കൊച്ചുമുഹമ്മദ്, എന്‍.കെ.സുബ്രഹ്മണ്യന്‍, ദിവാകരന്‍ കാണത്ത്, പി.കെ.രാജന്‍, ടി.വി.ഹരിദാസ്, അസ്ഗര്‍ അലി തങ്ങള്‍, എ.എല്‍.ആന്‍റണി, ടി.എ.ഫ്രാന്‍സിസ്, ഷൈജന്‍ നമ്പനത്ത് ഡോ. പി.എന്‍.പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment